മതപരമായ ചില വാഗ്ദാനങ്ങള്‍; ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലിന്റെ തട്ടിപ്പ് കഥ ഇങ്ങനെ
മുസ്ലീംലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി ഖമറുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ നിക്ഷേപത്തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഹലാലയ മാര്‍ഗത്തിലൂടെയുളള വരുമാനമാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്നാണ് മദ്രാസ അധ്യാപകരായ നിക്ഷേപകരെ പോലും അവര്‍ പറ്റിച്ചിരുന്നത്. പണം നിക്ഷേപിച്ചവര്‍ വിശ്വസിച്ചിരുന്നത് കമ്പനിയുടെ നേതാക്കള്‍ എംഎല്‍എയും പൂക്കോയ തങ്ങളെന്നുമായിരുന്നു. ഇവരുടെ തട്ടിപ്പിന് ഇരയായ മഹാഭൂരിഭാഗവും പ്രവാസികളും സാധാരണക്കാരായ വീട്ടമ്മമാരുമാണ്.
അതേസമയം, തട്ടിപ്പിന് ഇരയായവരില്‍ വിവാഹമോചനത്തിന് ശേഷം ജീവനാംശമായി ലഭിച്ച തുകയും മകന്റെ മരണശേഷം ലഭിച്ച ഇന്‍ഷുറന്‍സ് തുകയും നിക്ഷേപിച്ചവരുണ്ട്. നീലേശ്വരം കരുവാച്ചേരി സ്വദേശി നസീമയാണ് വിവാഹമോചനശേഷം ഭര്‍ത്താവില്‍ നിന്ന് കോടതി വാങ്ങി നല്‍കിയ 8 ലക്ഷം രൂപ നിക്ഷേപിച്ചത്. വര്‍ഷങ്ങളായി വാടക വീട്ടില്‍ താമസിക്കുന്ന ഇവരുടെ സ്വപ്‌നം മക്കളുടെ വിദ്യാഭ്യാസവും സ്വന്തമായൊരു വീടുമായിരുന്നു. എന്നാല്‍ അതിനെ ഒക്കെ കാറ്റില്‍ പറത്തുന്നവിധത്തിലായിരുന്നു ഈ തട്ടിപ്പ് . പ്രദേശത്തെ സന്നദ്ധപ്രവര്‍ത്തകര്‍ പലപ്പോഴായി കൊണ്ട് കൊടുക്കുന്ന പലചരക്ക് സാധനങ്ങളാണ് ഇപ്പോള്‍ ഇവരുടെ ഏക ആശ്രയം.
ഖമറുദ്ദീന്‍ എംഎല്‍എയും പൂക്കോയ തങ്ങളേയും പലവട്ടം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല പകരം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് നസീമ പറയുന്നു. വാടക കുശശികയായതിനാല്‍ വീടൊഴിഞ്ഞ് കൊടുക്കാനാണ് വീട്ടുടമ പറയുന്നത്. ആകെയുണ്ടായിരുന്ന പണം ആണ് നിക്ഷേപം നടത്തിയത്. ഇനി എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഈ കുടുംബം.
2015ല്‍ കാഞ്ഞങ്ങാട് വാഹനാപകടത്തില്‍ മരിച്ച മകന്‍ മുഹമ്മദ് ഫമീസിന്റെ പേരില്‍ ലഭിച്ച ഇന്‍ഷുറന്‍സ് തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടും ആണ് ഫമീസിന്റെ പിതാവ് ഫിറോസ്ഖാന്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലില്‍ നിക്ഷേപിച്ചത്. ഖമറുദ്ദീനും പൂക്കോയ തങ്ങളും നിര്‍ബന്ധിച്ചതോടെ വയസ്സുകാലത്ത് മകന്റെ പേരില്‍ കുറച്ച് പണം കിട്ടുമല്ലോ എന്ന് വിശ്വസിക്കുകയും ചെയ്തു. പല തവണ ഇക്കാര്യം പറഞ്ഞ ഖമറുദ്ദീനേയും പൂക്കോയ തങ്ങളേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഫിറോസ്ഖാന്‍ പറയുന്നു.
2008ലാണ് പ്രവാസിയായ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ജമാല്‍ പത്ത് ലക്ഷം രൂപ നിക്ഷേപിച്ചത്. അബുദാബിയില്‍ ജോലി ചെയ്ത ജമാല്‍ സുഹൃത്തിനോട് കടം വാങ്ങിയാണ് പണം നിക്ഷേപിച്ചത്. പൂക്കോയ തങ്ങളിലുളള വിശ്വാസമായിരുന്നു ജമാലിനെ ഇവിടെ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത്. പണം തിരികെ ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തലായിരുന്നു ഫലം.
മദ്രാസയില്‍ നിന്ന കിട്ടുന്ന തുച്ഛമായ വരുമാനം സ്വരുക്കൂട്ടി 35 ലക്ഷം രൂപ നിക്ഷേപിച്ച മദ്രാസ അധ്യാപകനും പെടുന്നു ഈ തട്ടിപ്പില്‍. ഇത്തരത്തില്‍ എം.സി ഖമറുദ്ദീന്റേയും പൂക്കോയ തങ്ങളുടേയും വാക്കുകള്‍ കേട്ട് നിക്ഷേപം നടത്തിയവര്‍ ആദ്യമായി ഒരു സംരംഭത്തില്‍ നിക്ഷേപം നടത്തിയവരാണ്.