സൗഹൃദങ്ങൾ കോടിയേരിയുടെ മകന് കുരുക്കാകുമോ ?വല വിരിച്ച് ഇ ഡിയും എൻ സി ബിയും
ലഹരി മരുന്ന് കേസിൽ പിടിയിലായിട്ടുള്ളവരുമായി സൗഹൃദം മാത്രമാണ് എന്നാണ് ബിനീഷ് കോടിയേരി ഇ ഡിയ്ക്ക് നൽകിയ മൊഴി .സാമ്പത്തികമായി പലരെയും പല ഘട്ടങ്ങളിൽ സഹായിച്ചിട്ടുണ്ട് .എന്നാൽ അതെല്ലാം സൗഹൃദത്തിന്റെ പുറത്ത് മാത്രം .അക്കൗണ്ടിൽ വന്ന പണം റിയൽ എസ്റ്റേറ്റ് കമ്മീഷൻ ആണെന്നായിരുന്നു വിശദീകരണം .
എന്തുകൊണ്ടാണ് വൻതുകകൾ ബിനീഷ് കടമായി കൊടുക്കുന്നത് എന്നാണ് ഇ ഡി ഉയർത്തുന്ന ചോദ്യം .ഇ ഡി മാത്രമല്ല ലഹരി മരുന്ന് വിരുദ്ധ അന്വേഷണ സംഘവും ബിനീഷിന്റെ മൊഴിയെ സംശയത്തോടെയാണ് വീക്ഷിക്കുന്നത് .ക്രിമിനൽ സ്വഭാവമുള്ള ആളുകളുമായി സൗഹൃദവും അവരുമായി പണമിടപാടും വെറുതെ വരുന്നതാണോ എന്നാണ് അവരുടെ സംശയം .
ബിനീഷിന്റെ സഹൃദ വലയം വലുതാണ് .ഇതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ മാത്രമല്ല ഉള്ളത് .സ്വപ്ന സുരേഷ് പിടിയിലായ ദിവസം 20 തവണയാണ് ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് ബിനീഷിനെ വിളിച്ചത് എന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ .
ബിനീഷ് സ്വര്ണക്കടത്തിലോ ലഹരി ഇടപാടിലോ പണം മുടക്കിയിട്ടുണ്ടോ ?ഇതാണ് അന്വേഷണ ഏജൻസികൾ ഇപ്പോൾ അന്വേഷിക്കുന്നത് .സ്വർണക്കടത്ത് കേസിലെ പ്രതികൾ ബിനീഷിനെതിരെ മൊഴി നൽകിയിട്ടില്ല .എന്നാൽ ഇത്രയും പണം എങ്ങിനെ വന്നു ചേരുന്നു എന്നാണ് അന്വേഷണ ഏജൻസികളെ കുരുക്കുന്ന കാര്യം .ബിനീഷിന്റെ മേൽവിലാസം പലരും അനധികൃതമായി ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട് .
ശുപാർശയുടെ അടിസ്ഥാനത്തിൽ ബിനീഷ് കമ്മീഷൻ വാങ്ങുന്നുണ്ടോ ?ഇതും അന്വേഷണ പരിധിയിലാണ് .ഇങ്ങനെ ലഭിക്കുന്ന പണം നേരിട്ടല്ലാതെ സിനിമാ വ്യവസായത്തിൽ നിക്ഷേപിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട് .യു എഫ് എക്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ബിനീഷിന്റെ ബന്ധം എന്താണ് ?കൂടുതൽ തെളിവുകൾക്കായി അന്വേഷണ സംഘം കമ്പനി ഉടമകളുടെ മൊഴിയെടുക്കും .
അടുത്തയാഴ്ച്ച ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യും എന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ നിന്നുള്ള വിവരം .നാര്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്യും .ഇ ഡിയുടെ മൊഴിപ്പകർപ്പ് എൻ സി ബി പരിശോധിക്കുമെന്നാണ് വിവരം .