ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നു സർക്കാർ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു ,കത്ത് പുറത്ത്
നിയമസഭാ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സർക്കാർ നേരത്തെ തന്നെ അറിയിച്ചു .ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അയച്ച കത്ത് പുറത്ത് വന്നു .കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പാണ് സർക്കാർ നിലപാട് അറിയിച്ചത് .
ഓഗസ്റ്റ് 21 നാണു സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ നിലപാട് അറിയിച്ചത് .സെപ്തംബർ 4 നാണു കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് .ചീഫ് സെക്രട്ടറിയുടെ നിർദേശം തള്ളിയ ശേഷമാണ് സർക്കാർ പ്രതിപക്ഷ കക്ഷികളുടെ സമവായത്തിന് ശ്രമിച്ചത് .വെള്ളിയാഴ്ച ഇക്കാര്യത്തിൽ സർവകക്ഷി യോഗവും വിളിച്ചിട്ടുണ്ട് .
2021 മെയ് 21 വരെയാണ് സർക്കാരിന്റെ കാലാവധി .അതുകൊണ്ട് കുറച്ചു കാലം മാത്രമേ പുതിയ അംഗങ്ങൾക്ക് പ്രവർത്തിക്കാൻ അവസരം ലഭിക്കൂ .ഇക്കാര്യം സർക്കാർ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട് .കുട്ടനാട്ടിൽ 1,61,860 വോട്ടർമാരും ചവറയിൽ 1,32,860 വോട്ടർമാരും ആണുള്ളത് .കോവിഡ് പ്രോട്ടോകോൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് പാടാണ് എന്നാണ് സർക്കാർ നിലപാട് .
ഉപതെരഞ്ഞെടുപ്പ് മാത്രമല്ല ,പഞ്ചായത്ത് തെരഞ്ഞെടുപ്പും നീട്ടിവെക്കണം എന്ന നിലപാടിൽ ആണ് പ്രതിപക്ഷം .ജനുവരിയിൽ പുതിയ ഭരണസമിതികൾ അധികാരം ഏൽക്കും വിധം പുനഃക്രമീകരിക്കാമെന്നാണ് ചിന്ത .സർക്കാരും ഇതിനോട് യോജിക്കുന്നുവെന്നാണ് വിവരം .എന്നാൽ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെക്കാമെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാറ്റേണ്ടതില്ല എന്നുമാണ് ബിജെപി നിലപാട് .