ജോസ് കെ മാണിക്ക് ചുരുങ്ങിയത് 6 സീറ്റ് ,സിപിഐയുമായി ഏറ്റുമുട്ടുന്ന കാഞ്ഞിരപ്പള്ളിയും ജോസ് കെ മാണിക്ക്
ജോസ് കെ മാണിയെ മുന്നണിയിൽ ഉൾക്കൊള്ളിക്കാൻ ഉള്ള ചർച്ചകൾ എൽഡിഎഫിൽ അനൗദ്യോഗികമായി ആരംഭിച്ചു .എത്ര സീറ്റുകൾ ,ഏതൊക്കെ സീറ്റുകൾ കേരള കോൺഗ്രസ് എമ്മിന് നൽകണം എന്നതാണ് ആലോചന .
കേരള കോൺഗ്രസ്സ് എം യു ഡി എഫിൽ ആയിരുന്നപ്പോൾ മത്സരിച്ചിരുന്നത് 15 സീറ്റിലാണ് .എന്നാൽ അത്രയും എൽഡിഎഫിൽ ലഭിക്കില്ലെന്ന് ജോസ് കെ മാണിക്ക് തന്നെ അറിയാം .എൽ ഡി എഫിൽ ആകെ 3 കേരള കോൺഗ്രസുകൾ ആണുള്ളത് .ഇവർക്കെല്ലാം കൂടി 6 സീറ്റ് ആണ് കഴിഞ്ഞ തവണ നല്കിയത് .
കഴിഞ്ഞ തവണ 92 സീറ്റിൽ ആണ് സിപിഐഎം മത്സരിച്ചത് .27 സീറ്റിൽ സിപിഐയും .12 സീറ്റിൽ സിപിഐഎമ്മും മൂന്ന് സീറ്റിൽ സിപിഐയും അധികം മത്സരിച്ചിരുന്നു .കേരള കോൺഗ്രസ് എമ്മും സിപിഐയും നേരിട്ട് ഏറ്റുമുട്ടുന്നത് കാഞ്ഞിരപ്പള്ളിയിൽ ആണ് .ഇവിടെ ഡോ .എൻ ജയരാജാണ് എംഎൽഎ .ഈ സീറ്റ് എന്തായാലും സിപിഐ വിട്ടു കൊടുക്കേണ്ടി വരും .
പി ജെ ജോസഫ് ഇടതുമുന്നണിയിൽ ആയിരുന്ന കാലത്ത് 6 സീറ്റാണ് നൽകിയത് .ഇത് തന്നെയായിരിക്കും കേരള കോൺഗ്രസ് എമ്മിനോടും സ്വീകരിക്കുന്ന നയം .ജനാധിപത്യ കേരള കോൺഗ്രസിന് കഴിഞ്ഞ തവണ നാല് സീറ്റ് ആണ് നൽകിയിരുന്നത് .അതിലൊരു ഭാഗം പി ജെ ജോസഫിനൊപ്പം പോയി .ഈ സാഹചര്യത്തിൽ ഒരു പുനഃക്രമീകരണം വേണ്ടി വരും .ഇതിലാണ് ജോസ് കെ മാണിയുടെ പ്രതീക്ഷ .10 സീറ്റ് എങ്കിലും ലഭിക്കണം എന്ന ആവശ്യം മാണി വിഭാഗം മുന്നോട്ട് വച്ചേക്കും .പ്രശ്നങ്ങൾ ഇല്ലാതെ മാണി വിഭാഗത്തിന്റെ എൽ ഡി എഫ് പ്രവേശനം ആണ് സിപിഐഎമ്മിന്റെ ലക്‌ഷ്യം .