NEWS

റവ. കെ.ഐ.ഫിലിപ്പ് റമ്പാൻ (86) അന്തരിച്ചു

റവ. കെ.ഐ.ഫിലിപ്പ് റമ്പാൻ (86) അന്തരിച്ചു.മലങ്കര ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദീക ശ്രേഷ്ഠനും, ജീവകാരുണ്യ പ്രവർത്തകനുമാണ്.

കേരളത്തിന് പുറത്ത് പ്രധാന പ്രവർത്തനമേഖലയായി തെരഞ്ഞെടുത്ത ഫിലിപ്പ് റമ്പാച്ചൻ 1977 ലെ ചുഴലിക്കാറ്റ് തകർത്തെറിഞ്ഞ ആന്ധ്രായിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വഹിച്ചിരുന്നു.

1985-ൽ യാച്ചാരം ബാലഭവൻ്റെ ഡയറക്ടറായി കുഷ്ഠരോഗികളുടെ കുഷ്ഠമില്ലാത്ത കുഞ്ഞുങ്ങളെ ഏറ്റെടുത്ത് വളർത്തി.1994-ൽ ഒറീസായിലുണ്ടായ ചുഴലിക്കാറ്റ് ദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവർക്കായി 8 ഗ്രാമങ്ങളുടെ പുനർ നിർമ്മാണത്തിനും നേതൃത്വം നൽകി. 2000 ഗുജറാത്ത് ഭൂകമ്പത്തിലുണ്ടായ കെടുതികളും രക്ഷാ പ്രവർത്തനത്തിൽ പങ്കാളിയായി. ബാംഗ്ലൂരിൽ എയ്ഡ്സ് രോഗികളുടെ പുനരധിവാസത്തിന് വേണ്ടി നിർമ്മിച്ച തുംകൂർ ദയാ ഭവന്റെ പ്രധാന ചുമതല വഹിച്ച റമ്പാച്ചൻ
ഭാരതത്തിലുടനീളം സഞ്ചരിച്ച് അനാഥർക്കും, രോഗികൾക്കും, കുട്ടികൾക്കുമായി നിരവധി ആശ്രയ കേന്ദ്രങ്ങൾ നിർമ്മിച്ചു നൽകി. പ്രകൃതിക്ഷോഭത്താൽ തകർന്ന ഭാരതത്തിലെ വിവിധ ഗ്രാമങ്ങളുടെ പുനരുദ്ധാരണത്തിനും നേത്യത്വം നൽകിയ റമ്പാനെ 2016 ൽ ഓർഡർ ഒഫ് സെന്റ് ജോർജ്ജ് ബഹുമതി നൽകി പുതുപ്പള്ളി പള്ളി ആദരിച്ചിട്ടുണ്ട്. തനിക്ക് ലഭിച്ച അവാർഡുകൾ തുകകൾ കൂടി ഉപയോഗിച്ചാണ് ബാംഗ്ലൂരിലെ ദയാ ഭവൻ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പടുത്തുയർത്തിയത്.

‘മലങ്കര സഭാ മിഷനറി ജ്യോതിസ്സ്’ എന്ന് നാമകരണം നൽകി
മലങ്കര ഓർത്തഡോക്സ് സഭയും ആദരിച്ചിട്ടുണ്ട്.
പത്തനംതിട്ട വയലത്തല പാറമേൽ കരിമ്പനേത്ത് കുടുംബാംഗമാണ് ഫിലിപ്പ് റമ്പാച്ചൻ.
സംസ്ക്കാരം വ്യാഴാഴ്ച്ച കോഴിക്കോട് പുതുപ്പാടി സെൻ്റ് പോൾസ് ആശ്രമത്തിൽത്തിൽ നടക്കും.

Back to top button
error: