ശ്വാസകോശസ്രവങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ അക്രിലോസോര്‍ബ് സാങ്കേതികവിദ്യയുമായി ശ്രീചിത്ര
ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവരുടെ ശ്വസന നാളിയില്‍ അടിഞ്ഞുകൂടുന്ന സ്രവങ്ങള്‍ അതതുസമയം നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. കൊറോണാ, ഫ്‌ളൂ, ക്ഷയം തുടങ്ങിയ ശ്വാസകോശങ്ങളെ ബാധിക്കുന്ന പകര്‍ച്ചവ്യാധികള്‍ പിടിപെട്ട രോഗികളുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയില്‍, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയിലെ ഗവേഷകര്‍, തീവ്രപരിചരണ വിഭാഗങ്ങളിലും വാര്‍ഡുകളിലും ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ശ്വാസകോശസ്രവങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം വികസിപ്പിച്ചെടുത്തു. സക്ഷന്‍ ഉപകരണങ്ങളില്‍ ഘടിപ്പിക്കാനുള്ള അണുനാശിനി അടങ്ങിയിട്ടുള്ള ദ്രവ ആഗിരണശേഷിയോട് കൂടിയ ബാഗുകളാണ് ശ്രീചിത്ര നിര്‍മ്മിച്ചിരിക്കുന്നത്. ‘അക്രിലോസോര്‍ബ്’ എന്ന് പേരിട്ടിരിക്കുന്ന ബാഗിലേക്ക് വലിച്ചെടുക്കപ്പെടുന്ന സ്രവങ്ങള്‍ ഖരാവസ്ഥയില്‍ എത്തുന്നതിനാല്‍ സുരക്ഷിതമായി സാധാരണ ജൈവമാലിന്യ നിര്‍മാര്‍ജ്ജന രീതി വഴി നശിപ്പിക്കാം.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ശ്വാസകോശത്തില്‍ നിന്നുള്ള സ്രവങ്ങള്‍ കുപ്പികളില്‍ ശേഖരിച്ച് അണുനശീകരണത്തിന് ശേഷം പ്രത്യേക സംവിധാനത്തിലൂടെ ഒഴുക്കി കളയുന്നതാണ് ഇപ്പോഴത്തെ രീതി. മികച്ച അണുനശീകരണ സംവിധാനങ്ങള്‍ ഇല്ലാത്തപക്ഷം ഈ പ്രക്രിയയ്ക്കിടെ അണുബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. പരിമിതമായ സൗകര്യങ്ങളുള്ള ആശുപത്രികളിലും പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി തയ്യാറാക്കിയിരിക്കുന്ന താത്ക്കാലിക ചികിത്സാ കേന്ദ്രങ്ങളിലും ഇതുമൂലമുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ പതിന്മടങ്ങ് വര്‍ദ്ധിക്കുന്നു. ‘അക്രിലോസോര്‍ബ്’ അണുബാധയുള്ള സ്രവങ്ങളെ അണുവിമുക്തി വരുത്തി ഖരാവസ്ഥയിലാക്കി സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സഹായിക്കുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഇവയുടെ സുരക്ഷയും കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. അക്രിലോസോര്‍ബ് സ്രവനിര്‍മാര്‍ജ്ജന ബാഗുകളുടെ രൂപകല്‍പ്പനക്ക് പേറ്റന്റിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.
ഡോ. മഞ്ജു, ഡോ. മനോജ് കോമത്ത്, ഡോ. ആശാ കിഷോര്‍, ഡോ. അജയ് പ്രസാദ് ഹൃഷി എന്നിവരടങ്ങിയ ഗവേഷക സംഘമാണ് ‘അക്രിലോസോര്‍ബ്’ യാഥാര്‍ത്ഥ്യമാക്കിയത്. അക്രിലോസോര്‍ബ് ബാഗുകളുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിര്‍മ്മാണത്തിന് റോംസണ്‍സ് സയന്റിഫിക് ആന്റ് സര്‍ജിക്കല്‍ പ്രൈവറ്റ് ലിമിറ്റഡുമായി കരാര്‍ ആയിക്കഴിഞ്ഞു. ഇരുന്നൂറിലധികം ഉത്പന്നങ്ങളുമായി വൈദ്യശാസ്ത്ര ഉപകരണ വിപണിയില്‍ മുന്‍പന്തിയിലുള്ള ആഗോള സ്ഥാപനമാണ് ആഗ്ര ആസ്ഥാനമായി അരനൂറ്റാണ്ടുകാലമായി പ്രവര്‍ത്തിക്കുന്ന റോംസണ്‍സ്. 65 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയുടെ ഒട്ടുമിക്ക ഉല്‍പ്പന്നങ്ങള്‍ക്കും ഐഎസ്ഒ, സിഇ ഗുണമേന്മാ സാക്ഷ്യപത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്.
500 മില്ലീലിറ്റര്‍ സ്രവം ആഗിരണം ചെയ്യാന്‍ കഴിയുന്ന അക്രിലോസോര്‍ബ് ബാഗ് 100 രൂപയില്‍ താഴെ വിലയ്ക്ക് ആശുപത്രികളില്‍ എത്തിക്കാന്‍ കഴിയും.