ആറുമാസത്തേക്ക് പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നീട്ടണമെന്ന് രമേശ് ചെന്നിത്തല
പി.എസ്.സി റാങ്കുലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവാക്കളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നടപടിയിലും പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് അനുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിലും പ്രതിഷേധിച്ച് ഇന്ദിരാഭവനിൽ നടത്തിയ ഉപവാസ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു പ്രതിപക്ഷ നേതാവ്.
റാങ്കുലിസ്റ്റ് റദ്ദാക്കപ്പെട്ടതിന്റെ പേരില്‍ ഇനിയൊരു ആത്മഹത്യ ഉണ്ടാകരുത്. സര്‍ക്കാരിന്റെ അനാവശ്യ പിടിവാശിയാണ് എല്ലാത്തിനും കാരണം. അനുവിന്റെ ആത്മഹത്യ കുടുംബത്തിന് വരുത്തിയ നഷ്ടത്തിന് മറ്റൊന്നും പകരം വയ്ക്കാനാവില്ല. എക്സൈസ് വകുപ്പില്‍ നിലനിന്നിരുന്ന സീനിയോറിറ്റി തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു. അങ്ങനെയെങ്കില്‍ അനുവിന് ഉള്‍പ്പെടെ റാങ്ക് പട്ടികയില്‍ ഇടം നേടിയ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നല്കാന് കഴിയുമായിരുന്നു.
സര്‍ക്കര്‍ ആവശ്യപ്പെട്ടാല്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ കഴിയും. പക്ഷേ സര്‍ക്കാര്‍ തയ്യാറായില്ല. ഈ മാസം 20 ന് കൂടുതല്‍ പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
മുല്ലപ്പള്ളി രാമചന്ദ്രൻ
പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനുവിന്റെ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തിരുവോണനാളില്‍ നടന്ന ഉപവാസ സത്യാഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
മരണത്തിന് ഉത്തരവാദികളായ മുഖ്യമന്ത്രിയുടേയും പി.എസ്.സി ചെയര്‍മാന്റേയും പേരില്‍ ഐ.പി.സി 309 പ്രകാരം പ്രേരണാകുറ്റത്തിന് കേസെടുക്കണം. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇരുവര്‍ക്കും ഒഴിഞ്ഞ് മാറാനാകില്ല. പി.എസ്.സിയുടെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ത്തു. സംസ്ഥാന സര്‍ക്കാരും പി.എസ്.സിയും യുവാക്കളോട് ക്രൂരതയാണ് കാട്ടുന്നത്. ജോലി നിഷേധിക്കുന്നതിനെതിരായ വികാരം പ്രകടിപ്പിച്ചാല്‍ നിയമന വിലക്ക് ഏര്‍പ്പെടുത്തുമെന്ന നിലപാടാണ് പി.എസ്.സിക്കുള്ളത്. യുവതീ യുവാക്കളുടെ നെഞ്ചില്‍ ചവിട്ടി നിന്നുള്ള പ്രസ്താവനകളാണ് ചെയര്മാന് നടത്തുന്നത്. അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികളെ അവഹേളിക്കുകയും നിരുത്തരവാദപരമായി പെരുമാറുകയുമാണ് പി.എസ്.സി ചെയര്മാൻ തുടരെ തുടരെ. ഇതു തിരുത്തുന്നതിന് പകരം മുഖ്യമന്ത്രി ചെയര്‍മാനെ ന്യായീകരിക്കുകയാണ്.
സി.പി.എമ്മിന്റെ ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും പുറംവാതില്‍ വഴി നിയമനം നല്കുന്നു. സമസ്തമേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പദ്ധതി വെറും തട്ടിപ്പാണ്. യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികളുടെ നാടമുറിക്കല്‍ മാത്രമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്യുന്നത്.
ഉമ്മന്‍ചാണ്ടി
പുതിയ ലിസ്റ്റ് നിലവില്‍ വരുന്നതിന് മുന്‍പ് പി.എസ്.സി റാങ്കു പട്ടിക റദ്ദാക്കുന്നത് പിന്‍വാതില്‍ നിയമനം നടത്താനെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. ഇന്ദിരാഭവനിൽ നടന്ന ഉപവാസ സമരത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അനുവിന്റെ ആത്മഹത്യയ്ക്കെതിരായ ജനരോഷത്തില്‍ നിന്നും സര്‍ക്കാരിന് ഓടിയൊളിക്കാനാവില്ല. ഈ ആത്മഹത്യ സര്‍ക്കാര്‍ സൃഷ്ടിച്ചിതാണ്. സീനിയോറിറ്റി തര്‍ക്കം പരിഹരിച്ചിരുന്നെങ്കില്‍ ഇത്തരം ഒരു ദാരുണ സംഭവം ഒഴിവാക്കാമായിരുന്നു.
എം.എം.ഹസ്സന്, പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നാരങ്ങനീര് നല്കി ഉപവാസം അവസാനിപ്പിച്ചു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, വൈസ് പ്രസിഡന്റുമാരായ ശൂരനാട് രാജശേഖരന്, ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍രവി, പാലോട് രവി, മണക്കാട് സുരേഷ്, പഴകുളം മധു, എം.എം.നസ്സീര്‍, എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, എം.വിന്‍സന്റ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, പന്തളം സുധാകരന്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരും പങ്കെടുത്തു.