NEWS

ഉദ്യോ​ഗാർത്ഥിയുടെ ആത്മഹത്യ: പിണറായിക്കും പി.എസ്.സിക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണം: കെ.സുരേന്ദ്രൻ

കോഴിക്കോട്: പി.എസ്.സി നിയമനനിരോധനനത്തിന്റെ ഇരയായി തിരുവനന്തപുരത്ത് റാങ്ക് ഹോൾഡറായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പി.എസ്.സി ചെയർമാനുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പി.എസ്.സിയുടെ യുവജനവിരുദ്ധ നിലപാടിന്റെ ഇരയാണ് തിരുവനന്തപുരത്തെ അനുവെന്ന് അദ്ദേഹം കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അഴിമതിയും മനുഷ്യത്വവിരുദ്ധനിലപാടുമായി മുന്നോട്ട് പോവുന്ന പി.എസി.സിയുടെ നയത്തിന്റെ രക്തസാക്ഷിയാണ് ഈ യുവാവ്.. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ പി.എസ്.സിയുടെ വിശ്വാസത തകർക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞു. പി.എസ്.സിക്കെതിരെ ആര് വന്നാലും നേരിടുമെന്നാണ് അദ്ദേഹം പറഞ്ഞത്. എതിർക്കുന്നവരെ റാങ്ക് ലിസ്റ്റിൽ നിന്നും ഒഴിവാക്കുക,വിലക്കുക തുടങ്ങിയ ഫാസിസ്റ്റ് സമീപനമാണ് പിണറായി സ്വീകരിക്കുന്നത്. നിയമനനിരോധനത്തിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്ന ഉദ്യോ​ഗാർത്ഥികളെ കരിനിയമനം ഉണ്ടാക്കി ഇരുട്ടിലാക്കുകയാണ് സംസ്ഥാന സർക്കാർ. എക്സൈസ് ഓഫീസർ തസ്തികയുടെ കാലാവധി നീട്ടാൻ പ്രതിപക്ഷകക്ഷികളും യുവാക്കളും ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറാവാതിരുന്നത് കൊണ്ടാണ് അനുവിന് ജീവൻ നഷ്ടമായത്. കേരളത്തിലെ എല്ലാ ഉദ്യോ​ഗാർത്ഥികളുടേയും പ്രതീകമാണ് അനുവെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പത്താംക്ലാസ് പാസാവാത്ത സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ രണ്ട് ലക്ഷം രൂപ ശമ്പളത്തിൽ ജോലി ലഭിക്കുന്ന സംസ്ഥാനത്താണ് കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച യുവാവിന് ജോലി ഇല്ലാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്നത്. പി.എസ്.സി പരീക്ഷ അട്ടിമറിച്ച, ആൾമാറാട്ടം നടത്തിയ, ഒഎംആർ കോപ്പിയിൽ പോലും ക്രമക്കേട് നടത്തിയ ഡി.വൈ.ഫ്.ഐ, എസ്.എഫ്ഐ ക്രിമനലുകളെ സർക്കാർ സംരക്ഷിക്കുകയും പാവങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയുമാണ്. എല്ലാ ഡിവൈ.എഫ്.ഐ നേതാക്കളുടേയും ഭാര്യമാർക്ക് അനധികൃതമായ മാർ​ഗത്തിൽ ജോലി ലഭിക്കുന്നതിനാൽ അവർക്ക് യുവാക്കളുടെ പ്രശ്നത്തിൽ ഇടപെടാൻ സമയമില്ല. അനുവിൻെറ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകാനും 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സർക്കാർ തയ്യാറാവണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സ്വർണക്കടത്ത് കേസ് വഴി തിരിച്ച് വിടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് അതിന് കൂട്ടുനിൽക്കുകയാണ്. മൂക്കറ്റം അഴിമതിയിൽ മുങ്ങിയ പിണറായി സർക്കാർ കച്ചിതുരുമ്പിനായി ശ്രമിക്കുമ്പോൾ അവരെ കൈപിടിച്ചു കയറ്റാൻ എന്തിനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. ആയുധങ്ങളെല്ലാം ഉണ്ടെങ്കിലും തലച്ചോറില്ലാത്ത പ്രതിപക്ഷം സി.പി.എമ്മിൻെറ താളത്തിന് തുള്ളുകയാണ്. ലാവ്ലിൻ കേസ് ഒതുക്കിയ പാപഭാരത്തിൽ നിന്നും കോൺ​ഗ്രസിന് ഒഴിഞ്ഞുമാറാനാവില്ലെന്നും കോൺ​ഗ്രസാണ് പിണറായിയെ സംരക്ഷിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. അനിൽ നമ്പ്യാരുടെ പേര് പറഞ്ഞ് കേസ് വഴിതിരിച്ച് വിടുന്ന മുഖ്യമന്ത്രി അനിൽ നമ്പ്യാർ കാണിച്ച മാന്യത കാണിക്കുന്നില്ല. വമ്പൻ സ്രാവുകൾ കുടുങ്ങുമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. അന്വേഷണം ശരിയായ ദിശയിലാണ് പുരോ​ഗമിക്കുന്നത്. കോൺസുലേറ്റിൽ നിരങ്ങിയ എല്ലാവരും കുടുംങ്ങും. ചീഫ് സെക്രട്ടറി പാർട്ടി സെക്രട്ടറിയെ പോലെയാണ് പ്രവർത്തിക്കുന്നത്. ചീഫ് സെക്രട്ടറി ഉൾപ്പെട്ട ​ഗൂഢസംഘമാണ് സംസ്ഥാനത്തെ കേസുകൾ അട്ടിമറിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker