നെഹ്‌റു-ഗാന്ധി കുടുംബത്തിൽ സംഭവിക്കുന്നത് എന്ത് ?സോണിയ -രാഹുൽ – പ്രിയങ്ക എന്നിവർ ഒരേ വഴിക്കോ ?
കോൺഗ്രസ്സ് പ്രവർത്തക സമിതിയും യോഗത്തിലെ ചൂടേറിയ ചർച്ചയുമൊക്കെ മാധ്യമങ്ങളിൽ വലിയ വാർത്തയാണ് .സോണിയ ഗാന്ധിക്കെതിരെ 23 നേതാക്കൾ എഴുതിയ കത്ത് പാർട്ടിക്കകത്തും യോഗത്തിലും വലിയ കോലാഹലം ഉണ്ടാക്കി .യോഗത്തിൽ സോണിയ ഗാന്ധിക്ക് അനുകൂലമായി സംസാരിച്ചവരിൽ പ്രമുഖൻ രാഹുൽ ഗാന്ധി തന്നെയായിരുന്നു .പ്രിയങ്കയും മൻമോഹൻ സിങ്ങും എ കെ ആന്റണിയും പ്രധാനമായും സോണിയക്ക് വേണ്ടി സംസാരിച്ചു .
സോണിയ ഗാന്ധി ആശുപത്രി കിടക്കയിൽ ആയിരുന്നപ്പോൾ എതിർ ശബ്ദം ഉയർത്തി കത്തയച്ചതിനെ രാഹുൽ ചോദ്യം ചെയ്തു .കത്തയക്കുന്നത് രാജസ്ഥാനിൽ കോൺഗ്രസ്സ് ഒരു വലിയ പ്രതിസന്ധി നേരിടുമ്പോൾ ആയിരുന്നുവെന്നു കാര്യം രാഹുൽ ഓർമ്മിപ്പിച്ചു .കൂടെ നിന്നവർ എതിർശബ്ദം ഉയർത്തിയത് തന്നെ വേദനിപ്പിച്ചുവെന്നത് സോണിയ ഗാന്ധിയും ചൂണ്ടിക്കാട്ടി .
എന്നാൽ നെഹ്‌റു-ഗാന്ധി കുടുംബത്തിനകത്ത് സംഭവിക്കുന്നത് എന്തായിരുന്നു ?ഏറെ കേട്ടിട്ടുള്ളതാണ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും തമ്മിലുള്ള അഭിപ്രായ വ്യത്യാസം .ഇതിനെ കോൺഗ്രസിലെ പഴയ തലമുറയും പുതു തലമുറയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമായി പല നിരീക്ഷകരും വ്യാഖ്യാനിച്ചു .എന്നാൽ; അതിനും പുറത്തുള്ള ചില മാനങ്ങൾ ആ രാഷ്ട്രീയ തർക്കത്തിനുണ്ട് എന്നാണ് പല മുതിർന്ന നേതാക്കളും കരുതുന്നത് .
എന്തായിരിക്കും നെഹ്‌റു കുടുംബത്തിലെ തീൻ മേശയിൽ മൂന്നു നേതാക്കളും തമ്മിലുള്ള ആശയവിനിമയം ?രാഷ്ട്രീയത്തെ കുറിച്ച് പറയുമ്പോൾ സോണിയയും രാഹുലും പ്രിയങ്കയും എന്തായിരിക്കും സംസാരിക്കുന്നുണ്ടാവുക ?മൂവരും ഒരേ വഴിക്കാണോ ,അതോ രണ്ടു വഴിക്കോ ,അതോ മൂന്നു വഴിക്കോ ?ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കോൺഗ്രസിന്റെ അതിജീവനമന്ത്രം .
നെഹ്‌റു കുടുംബത്തോട് അടുത്ത് നിൽക്കുന്ന ഒരു മുൻ കേന്ദ്ര മന്ത്രി മാധ്യമങ്ങളോട് രഹസ്യമായി പറഞ്ഞത് മധ്യപ്രദേശിലും രാജസ്ഥാനിലും രാഹുൽ ഗാന്ധി ആഗ്രഹിച്ച പ്രകാരം അല്ല കാര്യങ്ങൾ നടന്നത് എന്നാണ് .ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലും സച്ചിൻ പൈലറ്റ് രാജസ്ഥാനിലും മുഖ്യമന്തി ആകണമെന്നാണ് രാഹുൽ ഗാന്ധി ആഗ്രഹിച്ചത് എന്നാണ് .എന്നാൽ സംഭവിച്ചത് മറ്റൊന്നാണ് .മധ്യപ്രദേശിൽ കമൽനാഥും രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ടും മുഖ്യമന്ത്രിമാരായി .സച്ചിൻ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചെങ്കിലും സിന്ധ്യക്ക് അതുപോലും ലഭിച്ചില്ല .തന്നെ ഉപമുഖ്യമന്ത്രിയാക്കാൻ വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും താൻ വഴങ്ങിയില്ലെന്നു സിന്ധ്യ പിന്നീട് ബിജെപിയിൽ ചേരുന്നതിനു ശേഷം വെളിപ്പെടുത്തുക ഉണ്ടായി .
പക്ഷെ രാഹുൽ ഗാന്ധി വിചാരിച്ച പോലെ കാര്യമാണ് മുന്നോട്ട് പോയില്ല .അധ്യക്ഷന്റെ അധികാരം ഉണ്ടെങ്കിലും രാഹുൽ ഗാന്ധിയുടെ താല്പര്യം നടപ്പായില്ല .ഒന്ന് കൂടി പറഞ്ഞാൽ രാഹുൽ ഗാന്ധിയുടെ ഇഷ്ടത്തിനെതിരായി ഈ രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ തെരഞ്ഞെടുപ്പ് .ഒരുവേള 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരിൽ രാഹുൽ ഗാന്ധി അധ്യക്ഷ പദവി ഒഴിയുന്നതിനു ഒരു കാരണവും ഇതാവാം .
മറ്റൊരു ഉദാഹരണം ,രാഹുൽ ഗാന്ധി അധ്യക്ഷ പദവി ഒഴിയുമ്പോൾ ആവശ്യപ്പെട്ട ഏക കാര്യം നെഹ്‌റു -ഗാന്ധി കുടുംബത്തിലെ ആരും തനിക്ക് ശേഷം കോൺഗ്രസ്സ് പ്രസിഡണ്ട് ആകരുത് എന്നാണ് .എന്നാൽ ആ ആവശ്യവും നിരാകരിക്കപ്പെട്ടു .താൽക്കാലിക അധ്യക്ഷയായത് ആ കുടുംബത്തിലെ തല മുതിർന്ന അംഗം സോണിയ ഗാന്ധി ആയിരുന്നു .ഇത് തിരിച്ചടിയായി തന്നെ രാഹുൽ എടുത്തു എന്നതിന് ഉദാഹരണമാണ് കഴിഞ്ഞ പ്രവർത്തക സമിതി യോഗത്തിലും രാഹുൽ അധ്യക്ഷ പദവിയിലേക്ക് വരാത്തത് .മുകുൾ വാസ്നിക് ആകട്ടെ അധ്യക്ഷൻ എന്ന് രാഹുൽ 2019 ൽ തന്നെ താല്പര്യം പ്രകടിപ്പിച്ചതുമാണ് .എന്നാൽ അത് നടപ്പായില്ല .
നെഹ്‌റു – ഗാന്ധി കുടുംബം ഒരർത്ഥത്തിൽ ഒറ്റക്കെട്ടാണെന്നതിൽ തർക്കമില്ല .എന്നാൽ അഭിപ്രായ വ്യത്യാസങ്ങൾ കൃത്യമാണ് താനും .രണ്ടു വഴികളിലൂടെയാണ് അമ്മയും മകനും സഞ്ചരിക്കുന്നത് എന്ന് നിരീക്ഷിക്കുമ്പോൾ ബോധ്യമാകും .രാഷ്ട്രീയത്തിൽ തൽസ്ഥിതി തുടരട്ടെ എന്ന് വിചാരിക്കുന്ന ആളാണ് സോണിയ ഗാന്ധി .എന്നാൽ രാഹുലാകട്ടെ രാഷ്ട്രീയത്തിൽ പരീക്ഷണമാകാം എന്ന് കരുതുന്നയാളും .
ഈ വിഷയത്തിൽ രാഹുൽ ഗാന്ധിക്കൊപ്പമാണ് താനെന്നു പ്രിയങ്ക ഗാന്ധി നേരത്തെ തന്നെ വ്യക്തമാക്കിയതാണ് .നെഹ്‌റു – ഗാന്ധി കുടുംബത്തിൽ നിന്ന് അധ്യക്ഷ പദവിയിലേക്ക് അടുത്തയാൾ വേണ്ട എന്ന രാഹുൽ ഗാന്ധിയുടെ ആവശ്യത്തെ പരസ്യമായി പിന്തുണക്കാൻ പ്രിയങ്കാ ഗാന്ധി ധൈര്യം കാട്ടി .2019 ലെ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് രാഹുൽ പടിയിറങ്ങുമ്പോൾ യോഗത്തിൽ രാഹുലിന്റെ ശബ്ദമായത് പ്രിയങ്ക ആയിരുന്നു .അമ്മയെ സാക്ഷി നിർത്തി അമ്മയോട് വിശ്വസ്തത പുലർത്തുന്ന നേതാക്കളെ പ്രിയങ്ക കടന്നാക്രമിച്ചു .
2014 ലും 2019 ലും നരേന്ദ്ര മോദിയോട് തെരഞ്ഞെടുപ്പ് യുദ്ധത്തിന് പ്രിയങ്ക ഗാന്ധി തയ്യാറായിരുന്നു .പക്ഷെ പ്രിയങ്കയെ കോൺഗ്രസ്സ് മത്സരിപ്പിച്ചില്ല .ആരായിരുന്നു അത് തടഞ്ഞത് ?പ്രിയങ്ക ഇപ്പോൾ ഉത്തർപ്രദേശിൽ മാത്രമായി ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കുന്നതും ദേശീയ തലത്തിൽ ഏറെ ചർച്ച ചെയ്യേണ്ടിയിരുന്ന ഈ പോരാട്ടം നടന്നില്ല എന്നതുകൊണ്ടുമാകാം .
കോൺഗ്രസിലെ മുതിർന്ന നിര നേതാക്കൾ തങ്ങളുടെ കാലം കഴിയുകയാണെന്ന തിരിച്ചറിവിലാണ് .അവരിൽ ചിലരാണ് സോണിയ ഗാന്ധിക്കെതിരെ കത്തെഴുതിയത് .ഈ കത്ത് നെഹ്‌റു – ഗാന്ധി കുടുംബത്തിലെ ഓരോരുത്തർക്കുമുണ്ടാക്കുന്ന വൈകാരിക – രാഷ്ട്രീയ സ്വാധീനമാകും വരും ദിനങ്ങളിൽ കോൺഗ്രസിന്റെ മുന്നോട്ട് പോക്കിനെ നിർണയിക്കുക .