നെഹ്‌റു – ഗാന്ധി കുടുംബത്തെ പിന്തുണച്ച് പാർട്ടി മുഖ്യമന്ത്രിമാർ ,നിർണായക നീക്കം കോൺഗ്രസിൽ

പാർട്ടിക്ക് ദൃശ്യവും ശക്തവുമായ നേതൃത്വം വേണമെന്ന് മുതിർന്ന നേതാക്കൾ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയതിനു പിന്നാലെ നെഹ്‌റു – ഗാന്ധി കുടുംബത്തെ പിന്തുണച്ച് പാർട്ടി മുഖൈമന്ത്രിമാർ രംഗത്തെത്തി .”കോൺഗ്രസിന് ഇന്നാവശ്യം എല്ലാവരും അംഗീകരിക്കുന്ന നേതൃത്വമാണ് .ആ നേതൃത്വത്തെ രാജ്യം മുഴുവൻ അംഗീകരിക്കണം “പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു .

അകാലിദളിൽ നിന്ന് പഞ്ചാബ് പിടിച്ചെടുത്ത ക്യാപ്റ്റൻ ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു ,”തെരഞ്ഞെടുപ്പ് പരാജയമല്ല നേതൃമാറ്റത്തിന്റെ അളവുകോൽ .”

ബിജെപിയുടെ ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രി രമൺ സിംഗിനെ തറ പറ്റിച്ച ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പിന്തുണച്ച് രംഗത്തെത്തി .”എല്ലാ മാറ്റത്തിനും വെളിച്ചം സോണിയാജിയും രാഹുൽജിയുമാണ് .ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട് .ഛത്തിസ്ഗഡിലെയും രാജ്യത്തെയും കോൺഗ്രസ്സ് പ്രവർത്തകർ നിങ്ങളുടെ കൂടെയാണ് .”സോണിയക്കയച്ച കത്തിൽ ഭൂപേഷ് ഭാഗൽ ഇങ്ങിനെയെഴുതി .

“രാജ്യം പ്രതിസന്ധിയിലൂടെ ആണ് കടന്നുപോകുന്നത് .രാജ്യത്തെ രക്ഷിക്കാൻ നിങ്ങളുടെ നേതൃത്വത്തിന് മാത്രമേ കഴിയൂ “ഭാഗൽ തുടർന്നു .

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും നെഹ്‌റു -ഗാന്ധി കുടുംബത്തെ പിന്തുണച്ച് രംഗത്ത് വന്നു .23 നേതാക്കൾ ഹൈക്കമാൻഡിനു കത്തയച്ചതിൽ അദ്ദേഹം ഞെട്ടൽ രേഖപ്പെടുത്തി .കത്ത് മാധ്യമങ്ങൾക്ക് ലഭിച്ചതിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു .”ഈ നിർണായക ഘട്ടത്തിൽ സോണിയ ഗാന്ധി തുടരുമെന്ന് ഞാൻ വിശ്വസിക്കുന്നു .ജനാധിപത്യം ശക്തിപ്പെടുത്താൻ അത് അനിവാര്യമാണ് .വെല്ലുവിളികളെ ഏറ്റെടുത്ത ശീലമാണ്‌ സോണിയ ഗാന്ധിക്കുള്ളത് “ഗെഹ്‌ലോട്ട് പറഞ്ഞു .

“ഇനി സോണിയ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് മനസ് കൊണ്ട് തീരുമാനിച്ചെങ്കിൽ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണം .”ഗെഹ്ലോട്ട് വ്യക്തമാക്കി .

പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമിയും സമാനമായ അഭിപ്രായം പങ്കുവച്ചു .”ചില മുൻ കോൺഗ്രസ്സ് നേതാക്കൾ നേതൃത്വത്തിന് കത്തെഴുതി എന്ന വാർത്ത കണ്ടു .ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുകയെ ഉള്ളൂ .ഫേസ്ബുക് വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ കളിയാണിത് “നാരായണസാമിപറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *