നെഹ്‌റു – ഗാന്ധി കുടുംബമാവുമോ പാർട്ടിയുടെ തലപ്പത്തെന്ന് ഇന്നറിയാം ,നിർണായക പ്രവർത്തക സമിതി യോഗത്തിനായി കോൺഗ്രസ്സ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവുമധികം കാലം അധ്യക്ഷയായ സോണിയ ഗാന്ധി ഇന്ന് രാജി സന്നദ്ധത കോൺഗ്രസിന്റെ പ്രവർത്തക സമിതി യോഗത്തിൽ അറിയിക്കും .ഓൺലൈൻ യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് നിർദേശം ഉണ്ട് .സോണിയക്ക് പിൻഗാമി ആര് എന്നുള്ളതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം .
പ്രവർത്തക സമിതി അംഗങ്ങളും എംപിമാരും മുൻ മുഖ്യമന്ത്രിമാരും അടക്കം പാർട്ടിയിൽ ദൃശ്യവും ശക്തവുമായ ഒരു പ്രസിഡണ്ട് വേണം എന്നാവശ്യപ്പെട്ടു കത്തെഴുതിയ പശ്ചാത്തലത്തിൽ കൂടി ആണ് യോഗം .കത്ത് പുറത്തായതിനെ തുടർന്ന് ഇന്നലെ തന്നെ സോണിയ രാജി സന്നദ്ധത അറിയിച്ചിരുന്നു .
കത്ത് പുറത്തായതിന് പിന്നാലെ സോണിയ ഗാന്ധി രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദുമായി ചർച്ച നടത്തിയിരുന്നു .രാജി സന്നദ്ധത ഗുലാം നബി ആസാദിനെയും സോണിയ അറിയിച്ചു എന്നായിരുന്നു വാർത്ത .എന്നാൽ അക്കാര്യം പിന്നീട് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല നിഷേധിച്ചു .
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാഹുൽ ഗാന്ധി ഉപേക്ഷിച്ച അധ്യക്ഷ പദം മനസില്ലാ മനസോടെയാണ് സോണിയ ഏറ്റെടുത്തത് .കടുത്ത ആരോഗ്യ പ്രശ്നങ്ങളും അവരെ അലട്ടിയിരുന്നു .താൽക്കാലിക പ്രസിഡണ്ട് എന്ന നിലക്ക് ഒരു വര്ഷത്തേക്കായിരുന്നു സോണിയയുടെ കാലാവധി .അത് ഓഗസ്റ്റ് 10 നു അവസാനിച്ചിരുന്നു .
യുപിഎ ചെയർപേഴ്സൺ കൂടിയാണ് സോണിയ ഗാന്ധി .1998 ഏപ്രിലിൽ ആണ് സോണിയ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷയായി ചുമതലയേൽക്കുന്നത് .തുടർന്ന് പ്രതിപക്ഷ നേതാവുമായി .1998 മുതൽ 2020 വരെയുള്ള കാലയളവിൽ രണ്ട് വർഷക്കാലം മാത്രമാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായത് .