ഉത്രവധക്കേസില്‍ പ്രതി സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍
കൊല്ലം: ഉത്രവധക്കേസില്‍ പ്രതി സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍. ഗാര്‍ഹിക പീഡനവും തെളിവ് നശിപ്പിക്കലുമാണ് ഇവരുടെ മേല്‍ ചുമത്തിയ കുറ്റം.
ശനിയാഴ്ച ഉച്ചയോടെ പറക്കോട്ടെ വീട്ടിലെത്തിയാണ് അമ്മ രേണുകയേയും സഹോദരി സൂര്യയേയും അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഗാര്‍ഹിക പീഡനക്കുറ്റവും പ്രതി സൂരജിന്റെ മൊഴിയും അടിസ്ഥാനമാക്കിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് അന്വേഷണസംഘം പറഞ്ഞു.
ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് ഇരുവരെയും നേരത്തെ പലതവണ ചോദ്യംചെയ്തിരുന്നെങ്കിലും ഇരുവരുടേയും മൊഴിയില്‍ അവ്യക്തത ഉണ്ടെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കില്ലെങ്കിലും തെളിവ് നശിപ്പിക്കലിലും ഗാര്‍ഹിക പീഡനത്തിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. പാമ്പ് കടിയേറ്റ് ഉത്ര മരിച്ച സംഭവത്തില്‍ പിടിയിലാകുമെന്ന് ഉറപ്പായതോടെ ഉത്രയുടെ സ്വര്‍ണ്ണം ഒളിപ്പിക്കാനും വീട്ടുകാര്‍ സഹായിച്ചിരുന്നു.
അതേസമയം, ഉത്രവധകേസില്‍ മുഖ്യപ്രതി സൂരജിന്റെ പിതാവ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ ഭര്‍ത്താവ് സൂരജിന് എതിരെയുള്ള കുറ്റപത്രം കഴിഞ്ഞ ദിവസം പുനലൂര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ ആസൂത്രിതമായി നടത്തിയ കൊലപാതകം എന്ന് വ്യക്തമായിട്ടുണ്ട്. രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചിട്ടുണ്ട്. രണ്ട് തവണയും തെളിവ് നശിപ്പിക്കാന്‍ ഇടപെടലുണ്ടായി. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയത്.
കൊലപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരിക്ക് ഏല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് സൂരജിന് എതിരെ നിലനില്‍ക്കുന്നത്.