സന്തോഷത്തേക്കാളേറെ അഭിമാനം; ധ്യാന്‍ചന്ദ് പുരസ്‌കാരം കേരളത്തിന്റെ സ്വന്തം ജിന്‍സി ഫിലിപ്പിന്‌

ട്രാക്കിനെ പ്രണയിച്ച കായകദമ്പതിമാരായ ജിന്‍സി ഫിലിപ്പിന്റേയും ഭര്‍ത്താവ് പി.രാമചന്ദ്രന്റേയും തിരുവനന്തപുരത്തെ വീട്ടിലേക്കാണ് ഇത്തവണത്തെ ധ്യാന്‍ചന്ദ് പുരസ്‌കാരം കടന്ന് ചെന്നത്. രാജ്യത്തെ മുന്‍നിര കായിക പുരസ്‌കാരം ലഭിച്ചപ്പോള്‍ സന്തോഷത്തേക്കാളേറെ അഭിമാനമായിരുന്നു ഈ താര ദമ്പതികള്‍ക്ക്.

1990-കളില്‍ 400 മീറ്ററിലെ മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ ഇരുവരും ഏഷ്യന്‍ ഗെയിംസ് മെഡലുള്‍പ്പെടെ അന്താരാഷ്ട്രതലത്തില്‍ നിരവധി നേട്ടങ്ങളുണ്ടാക്കി.

ട്രാക്കില്‍ നിന്ന് വിരമിച്ചെങ്കിലും ജിന്‍സി ഇപ്പോഴും കായിക രംഗത്ത് സജീവമാണ്. സി.ആര്‍.പി.എഫില്‍ ഡെപ്യൂട്ടി കമാന്‍ഡറായ ജിന്‍സി ഇപ്പോള്‍ തിരുവനന്തപുരം സായിയില്‍ പരിശീലകയാണ്.

കോട്ടയം കോരുത്തോട് സ്വദേശിയായ ജിന്‍സി ഫിലിപ്പ് സ്‌കൂള്‍ കായികമേളയിലൂടെയാണ് തന്റെ കായിക മികവ് തെളിയിച്ചത്. പിന്നീട് 400 മീറ്ററില്‍ ഇന്ത്യയുടെ മികച്ച താരങ്ങളിലൊരാളായി. 2002-ലെ ബുസാന്‍ ഏഷ്യന്‍ ഗെയിംസിലും 2000-ലെ ജക്കാര്‍ത്താ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 4ഃ400 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും 98-ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും നേടി. 99-ലെ നേപ്പാള്‍ സാഫ് ഗെയിംസില്‍ സ്വര്‍ണം നേടി. 1999-ലെ ലോക പോലീസ് മീറ്റില്‍ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും നേടി. 1999-ലെ സ്പെയിന്‍ ലോകചാമ്പ്യന്‍ഷിപ്പിലും 2000-ലെ സിഡ്‌നി ഒളിമ്പിക്സിലും പങ്കെടുത്തു.

കായികരംഗത്ത് നില്‍ക്കുന്നവര്‍ക്ക് പ്രിയപ്പെട്ട പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. മത്സരത്തില്‍ പങ്കെടുത്തിരുന്ന കാലത്ത് അര്‍ജുന അവാര്‍ഡ് കിട്ടാനുള്ള അവസരമുണ്ടായിരുന്നില്ല. ഇപ്പോള്‍ പരിശീലനരംഗത്ത് നില്‍ക്കുമ്പോള്‍ ഇങ്ങനെയൊരു പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജിന്‍സി പറഞ്ഞു.

ജിന്‍സിയെ പോലെ തന്നെ ഭര്‍ത്താവ് രാമചന്ദ്രന്‍ 1998, 2002 ഏഷ്യന്‍ ഗെയിംസുകളില്‍ 400 മീറ്ററില്‍ വെള്ളി നേടിയിരുന്നു. 2000-ലെ സിഡ്‌നി ഒളിമ്പിക്സിലും പങ്കെടുത്തു. ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലും മെഡല്‍ നേടി. 2003-ലായിരുന്നു വിവാഹം.

തൃശ്ശൂര്‍ സ്വദേശിയായ രാമചന്ദ്രന്‍ ഇപ്പോള്‍ തിരുവനന്തപുരം കസ്റ്റംസില്‍ ജോലി ചെയ്യുകയാണ് മക്കള്‍: അഭിഷേക്, അതുല്യ.

Leave a Reply

Your email address will not be published. Required fields are marked *