LIFE

സിനിമ കണ്ട് സിനിമ പഠിച്ച സംവിധായകന്‍: സ്വാധീനിച്ചത് സത്യജിത് റേ ചിത്രങ്ങള്‍-പ്രിയദര്‍ശന്‍

ന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രഗത്ഭനായ മാസ്റ്റര്‍ ഡയറക്ടറാണ് പ്രിയദര്‍ശന്‍. പല ഭാഷകളിലായി തൊണ്ണുറ്റി മൂന്ന് സിനിമകള്‍ ഇതിനകം സംവിധാനം ചെയ്ത പ്രിയദര്‍ശന്റെ ഏറ്റവും പുതിയ ബിഗ് ബഡ്ജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റ സിംഹം പ്രദര്‍ശനത്തിനൊരുങ്ങവേയാണ് കോവിഡ് പ്രതിസന്ധി ചിത്രത്തെ പ്രതികൂലമായി ബാധിച്ചത്. വിവിധ ഭാഷകളിലൊരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് ഇന്ത്യയ്ക്ക് അകത്തും പുറത്തും നടത്താനായിരുന്നു നിര്‍മ്മാതാക്കളുടെ തീരുമാനം.

ആള്‍ ഇന്ത്യ റേഡിയോയില്‍ ചെറിയ കഥകളും നാടകങ്ങളും എഴുതിയാണ് പ്രിയദര്‍ശന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. തിരക്കഥാകൃത്തുക്കളുടെ എഴുത്തിലെ സഹായി എന്ന നിലയ്ക്കാണ് അദ്ദേഹത്തിന്റെ സിനിമയുമായുള്ള ആദ്യ ബന്ധം ആരംഭിക്കുന്നത്. സുഹൃത്തും നടനുമായ മോഹന്‍ലാലിനൊപ്പം ചെന്നൈ നഗരത്തില്‍ താമസിച്ചിരുന്ന സമയത്താണ് സിനിമയുമായി കൂടുതല്‍ അടുക്കുന്നത്. പിന്നീട് 1984 ല്‍ അക്കാലത്ത് ഏറ്റവും താരമൂല്യമുള്ള ശങ്കറിനെയും മോഹന്‍ലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യ സ്വതന്ത്ര സിനിമാ സംരംഭം. ഏവരെയും ഞെട്ടിച്ച് സിനിമ വലിയ വാണിജ്യ വിജയമായി. പിന്നാലെ എത്തിയ പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി വിജയം നേടിയതോടെ പ്രിയദര്‍ശന്‍ എന്ന പേരിന് മലയാള സിനിമയിലെ മൂല്യം വര്‍ധിച്ചു തുടങ്ങി. ഓടരുതമ്മാ ആളറിയാം, ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, ബോയിംഗ് ബോയിംഗ്, അരം+അരം=കിന്നരം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങിയ ചിത്രങ്ങളും വലിയ വിജയം നേടി.

Signature-ad

നൂറ് ശതമാനം ചിരി പടങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ ഭൂരിഭാഗവും ശ്രമിച്ചിട്ടുള്ളത്. ആദ്യ കാലത്തെ ചിത്രങ്ങളില്‍ പലതും ഷൂട്ടിംഗ് സമയത്ത് എഴുതിയുണ്ടാക്കിയ തിരക്കഥയെ മുന്‍ നിര്‍ത്തിയാണ് താന്‍ ചിത്രീകരിച്ചിരുന്നതെന്ന് ഈയടുത്ത് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പൂര്‍ത്തിയാക്കിയ തിരക്കഥയുമായി ഞാനാദ്യമായി ഷൂട്ടിംഗിനിറങ്ങുന്ന ചിത്രം തേന്‍മാവിന്‍ കൊമ്പത്താണ്-പ്രിയദര്‍ശന്‍ പറയുന്നു. സുഹൃത്തും നടനുമായ മോഹന്‍ ലാല്‍ ഒരു ട്രാവല്‍ സിനിമ ആലോചിച്ചൂടെ എന്ന ചോദ്യത്തില്‍ നിന്നാണ് തേന്‍മാവിന്‍ കൊമ്പത്ത് പിറക്കുന്നത്. ആര്‍ട് ഡയറട്കര്‍ സാബു സിറിലാണ് ചിത്രത്തിന്റെ പശ്ചാത്തലമായ പൊള്ളാച്ചിയിലെ ഉള്‍ നാടന്‍ ഗ്രാമങ്ങള്‍ എന്നെ കാണിച്ചു തരുന്നത്. ആ ഗ്രാമം കണ്ടതിന് ശേഷമാണ് ഞാന്‍ തിരക്കഥ എഴുതാുവാന്‍ ആരംഭിക്കുന്നത്. തേന്‍മാവിന്‍ കൊമ്പത്ത് ഒരു വിഷ്വല്‍ സിനിമയായിരിക്കുമെന്ന് എനിക്ക് മനസിലായിരുന്നു. അതിനനുസരിച്ചാണ് തിരക്കഥ ഒരുക്കിയത്. ചിത്രത്തിലൂടെ മലയാളികള്‍ അതുവരെ കാണാത്ത ഗ്രാമക്കാഴ്ചകള്‍ പ്രേക്ഷകരിലെത്തിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നടന്‍ ഇന്നസെന്റിന്റെ തീപ്പെട്ടി കമ്പിനിയിലെ പല ജോലിക്കാരുടെയു പേരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് നല്‍കിയത്. കാര്‍ത്തുബി എന്ന നായിക കഥാപാത്രത്തിന്റേതടക്കം. കഥാകൃത്ത് ശ്രീകൃഷ്ണ ആലനഹള്ളിയുടെ പേരില്‍ നിന്നാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രാമമായ ശ്രീഹള്ളി കണ്ടെത്തിയത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സത്യജിത്ത് റേയുടെ ചിത്രങ്ങളാണ് തന്നെ ഏറെ സ്വാധിനിച്ചത്. അതില്‍ നിന്നാണ് ഗ്രാമപശ്ചാത്തലമുള്ള ചിത്രങ്ങളുടെ ആത്മാവ് ഞാന്‍ തിരിച്ചറിഞ്ഞത്. കാഞ്ചിവരമെന്ന ചിത്രത്തിലും ഞാനത്തരം ഫോര്‍മാറ്റാണ് കൊണ്ടു വരാന്‍ ശ്രമിച്ചിരിക്കുന്നത് പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: