TRENDING

“സത്യത്തിൽ ഞാനുൾപ്പെടെ നിന്റെ പ്രിയപ്പെട്ടവർക്കാണ് ഷോക്ക് ഏറ്റിരിക്കുന്നത് “

നിരവധി മലയാള സിനിമകളിൽ ലൈറ്റ്‌മാനായി പ്രവർത്തിച്ച പ്രസാദിന്റെ വേർപാടിൽ മനംനൊന്ത് സംവിധായകൻ സുരേഷ് പൊതുവാളിന്റെ കുറിപ്പ് .ഫേസ്ബുക്കിലാണ് കുറിപ്പ് .

സുരേഷ് പൊതുവാളിന്റെ ഫേസ്ബുക് പോസ്റ്റ് –

പ്രിയപ്പെട്ട പ്രസാദ്,

നിന്റെ മകൾ പ്രാർത്ഥനയുടെ പിറന്നാളായിരുന്നല്ലോ തിങ്കളാഴ്ച.പിറ്റേന്ന്
സന്ധ്യയ്ക്ക്,ഏതാണ്ടൊരു ആറാറര മണിക്ക്, പ്രകാശനാണ് ആ ഞെട്ടിക്കുന്ന വാർത്ത എന്നെ വിളിച്ചു പറയുന്നത്. കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നിയെനിക്ക്. ചെയ്തുകൊണ്ടിരുന്ന ജോലി അവിടെ വിട്ട്, വീട്ടിൽ ചെറിയൊരു സൂചന മാത്രം കൊടുത്ത്, ഞാനുടനെ നിന്റെ വീട്ടിലേക്ക് ചെന്നു.

റോഡരികിലുള്ള ആ വീട്ടിലപ്പോൾ നിന്റെ അമ്മയോ,ഭാര്യയോ,കുട്ടികളോ ആരുംതന്നെ ഒന്നും അറിഞ്ഞിട്ടുണ്ടായിരുന്നില്ല.അതുകൊണ്ട് പിൻവശത്തുള്ള മണിയുടെ വീട്ടിലേക്ക് ഞാൻ നടന്നു.അവിടെ വല്ലാത്തൊരു പ്രഹരമേറ്റപോലെ,തികച്ചും നിസ്സഹായരായി തലയിൽ കൈവെച്ചുനിൽക്കുന്ന നിന്റെഏട്ടൻ മണിയെയും,നിന്നെപ്പോലെതന്നെ യൂണിറ്റിൽ വർക്ക്‌ചെയ്യുന്ന മണികണ്ഠനെയും ജയറാമിനെയുമെല്ലാമാണ് ഞാൻ കണ്ടത്.
കണ്ണുനിറഞ്ഞുകൊണ്ടേ എനിക്കവിടെ കയറാൻ കഴിഞ്ഞുള്ളൂ പ്രസാദ്. സിനിമാമേഖല നിശ്ചലമായപ്പോൾ,തൊഴിലില്ലാതായിപ്പോയ നീ പലയാവർത്തി വിളിച്ചുചോദിച്ചതുകൊണ്ടാണ് ഏഴിമലനേവൽബേസിലെ താത്ക്കാലിക ജോലിക്ക് നിന്നെ കൊണ്ടുപോയതെന്ന് മണികണ്ഠനും പിന്നെ സന്തോഷും പറഞ്ഞു.
ജോലിക്കു ചെന്ന ആദ്യ ദിവസം തന്നെ,അതും വൈകീട്ട് വീട്ടിലേക്ക് തിരിച്ചുപോകാൻ നേരത്താണ് ഇങ്ങനെയൊരു അപ്രതീക്ഷിതമായ അപകടം നിനക്ക് സംഭവിച്ചതെന്നുകൂടി അവർ പറഞ്ഞപ്പോൾ ഞാൻ തകർന്നുപോയി പ്രസാദ്.

ഞാൻ മാത്രമല്ല,നാട് മുഴുവൻ ഞെട്ടി വിറച്ചു വിറങ്ങലിച്ചു നിൽക്കുകയായിരുന്നു.ആർക്കും തന്നെ വിശ്വസിക്കാനോ പൊരുത്തപ്പെടാനോ പറ്റാത്ത അവസ്ഥ.
സമനില കൈവരിക്കാൻ ശ്രമിച്ച്, ഞാനുടനെ നിന്റെ സിനിമാസ്ഥാപനമായ രജപുത്ര വിഷ്വൽ മീഡിയയുടെ രഞ്ജിത്തേട്ടനെ വിളിച്ചു. പ്രൊഡ്യൂസർ അസോസിയേഷൻപ്രസിഡന്റ് കൂടിയായ അദ്ദേഹം വഴിയാണ് നിന്റെ വിയോഗം പിന്നെ മലയാള സിനിമാലോകം ഒന്നടങ്കമറിയുന്നത്.മമ്മുക്കയും ലാലേട്ടനും പൃഥ്വിയും നിവിനും ആസിഫും ഇന്ദ്രജിത്തും ഉണ്ണിമുകുന്ദനും അജു വർഗീസും ഇർഷാദും സിദ്ധിഖേട്ടനും, മാലാപാർവ്വതിയും, സന്തോഷ്‌ കീഴാറ്റൂരും,സുബീഷും പിന്നെ സംവിധായകരായ ആഷിഖ് അബുവും അജയ് വാസുദേവും ജോണിആന്റണിയും, പ്രജേഷ്സെന്നും,നമ്മുടെ മൃദുലും രതീഷും എന്നുവേണ്ട മലയാള സിനിമാവേദി ഒന്നടങ്കം കോവിഡ് കാലത്തെ
ആ ദുരന്തവാർത്ത വേദനയോടെ പങ്കുവെയ്ക്കുന്നതാണ് പിന്നെ മലയാളികൾ കണ്ടത്.നിന്നോടുള്ള ഇഷ്ടവും അടുപ്പവും വാത്സല്യവും പ്രകടിപ്പിച്ചുകൊണ്ടുതന്നെ അവർ പുറത്തുവിട്ട ആ വാർത്ത പിന്നെ മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിലെയും വാട്ട് സാപ്പിലെയും മറ്റനേകം ഗ്രൂപ്പുകളിലേക്ക് നിറഞ്ഞൊഴുകി.
നീണ്ട പതിനേഴുവർഷങ്ങൾ മലയാള സിനിമയിൽ നീ എന്താണ് ചെയ്തിരുന്നതെന്നും,എത്ര സൽപ്പേരോടെയാണ് നീയവിടെ വിയർത്തൊലിച്ചു ജോലിചെയ്തിരുന്നതെന്നും നിന്റെ അടുപ്പമുള്ളവർക്ക് പോലും ബോധ്യപ്പെട്ടത് ഒരു പക്ഷെ അപ്പോഴായിരിക്കണം പ്രസാദ്.

അതേസമയം നാട്ടിലെ സുഹൃത്തുക്കളെല്ലാം നിന്റെ ക്രിക്കറ്റ്‌ കമ്പവും നിനക്ക് ഹിന്ദിപ്പാട്ടുകളോടുള്ള ഇഷ്ടവുമെല്ലാം ഓർത്തും പങ്കുവെച്ചും വിതുമ്പുന്നതാണ് കണ്ടത്.ചുരുക്കത്തിൽ,സ്ത്രീപുരുഷ ഭേദമന്യേ നിന്നെയറിയാവുന്ന ജനങ്ങൾ മുഴുവൻ അങ്ങനെ വല്ലാത്ത ഒരുതരം ഓർമ്മപ്പെയ്ത്തിലായിരുന്നു പ്രസാദ്. എന്നും കാലത്തെഴുന്നേറ്റ് വ്യായാമം ചെയ്തിരുന്ന,ഫുട്ബാളോ ക്രിക്കറ്റോ കളിക്കാൻ ഇഷ്ടപ്പെട്ടിരുന്ന, കുളിച്ച് അമ്പലത്തിൽ പോകാറുണ്ടായിരുന്ന, എന്നും നല്ല വസ്ത്രം ധരിച്ച് നടന്നിരുന്ന,എല്ലാവരോടും സൗമ്യമായി മാത്രം പെരുമാറിയിരുന്ന, മിതമായി മാത്രം സംസാരിച്ചിരുന്ന നിന്നെക്കുറിച്ചുപറയാൻ അവർക്കെല്ലാം ഒരുപാട് കാര്യങ്ങളു ണ്ടായിരുന്നുവെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. അല്ലെങ്കിലും അതങ്ങനെയാണല്ലോ പ്രസാദ്. ജീവിക്കുന്ന കാല മുടനീളം ഒരു മനുഷ്യന്റെ തെറ്റുകുറ്റങ്ങളാണല്ലോ നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുക. ഇതുപോലൊരു സന്ദർഭം വരുമ്പോഴാണല്ലോ അയാളുടെ തന്നെ നന്മകൾ, നമ്മൾ ഓർമ്മിച്ചെടുത്തു പറഞ്ഞു തുടങ്ങുക !

എന്നാൽ അതിനെല്ലാം അപ്പുറത്തുള്ള നിന്റെ മറ്റൊരു സ്വഭാവവൈശിഷ്ട്യമാണ് എന്നെയും നിന്നെയും തമ്മിലടുപ്പിച്ചതെന്ന് ഞാനിന്നും വ്യക്തമായോർക്കുന്നു.ഈ പുതിയ കാലത്ത്, മനുഷ്യരിൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന അലിവും കരുണയും പ്രതിസന്ധികളിൽ കൂടെ നിൽക്കാനുള്ള സന്മനസ്സും സന്നദ്ധതയുമൊക്കെ ആവോളമുള്ളവരായിരുന്നു നീയും മണിയുമൊക്കെ.അതാണ് അടുത്ത ബന്ധുക്കളെക്കാൾ നിങ്ങളെയെനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാക്കിയത്.കുടുംബദുഃഖങ്ങൾ നേരിടാൻ പലപ്പോഴും കൂടപ്പിറപ്പുകളെപ്പോലെ നിങ്ങളെന്റെ കൂടെനിന്നു.പരദൂഷണങ്ങളും കവലത്തമാശകളും കേട്ട് പൊട്ടിച്ചിരിക്കുന്നവരിൽ നിന്നും അതിന് കയ്യടിക്കുന്നവരിൽനിന്നും വ്യത്യസ്തരായി,ഒരുപാട് വീടുകളുടെ ധർമ്മസങ്കടങ്ങളിലേക്കും മാറാവ്യാധികളിലേക്കും ഒരു സാന്ത്വനമായി കയറിച്ചെന്നവരാണ് നിങ്ങൾ. അത്തരത്തിലൊരു വീടായിരുന്നു എന്റേതും.

നീ ഓർമ്മിക്കുന്നുണ്ടാവും,
പൂജപ്പുരയിലെ വാടക വീട്ടിൽ നീയും ഞാനും കൃഷ്ണകുമാറുമൊക്കെ ഒരു കുടുംബം പോലെ കഴിഞ്ഞ നാളുകൾ. രഞ്ജിത്തേട്ടൻ നിർമ്മിച്ച്, അദ്ദേഹത്തിന്റെ ഭാര്യ ചിപ്പി നായികയായി അഭിനയിക്കുന്ന ‘ സ്ത്രീ ഒരു സാന്ത്വനം ‘എന്ന മെഗാസീരിയൽ ഞാൻ എഴുതുന്ന കാലമായിരുന്നു അത്‌. അദ്ദേഹം ‘രജപുത്ര’ എന്ന ഔട്ട്‌ ഡോർ യൂണിറ്റ് തുടങ്ങിയ കാലം.നിന്റെ കാര്യമൊന്നു സൂചിപ്പിക്കുകയേ എനിക്ക് വേണ്ടിവന്നുള്ളൂ.രഞ്ജിത്തേട്ടൻ നിനക്കവിടെ ജോലി തന്നു.

നല്ല കഠിനാധ്വാനവും കായികശേഷിയുമാവശ്യമുള്ള ജോലിയാണ് ഒരു ലൈറ്റ്മാന്റേത്. പക്ഷെ പരാതികളേതുമില്ലാതെ നീയാ പണിയെടുത്തു.നീയതുമായി പൊരുത്തപ്പെട്ടു.അവർക്ക് നിന്നെ ഇഷ്ടമായി, നീ അവരിലൊരാളായി.ഒരു ഏട്ടനു തുല്ല്യം നീ സ്നേഹിച്ച എനിക്കാവട്ടെ ഏറെ സന്തോഷവുമായി.വളരെ ആത്മാർത്ഥമായി ആസ്വദിച്ചുകൊണ്ടുതന്നെയാണ് സിനിമാമേഖലയിലെ ആ ജോലി നാളിതുവരെയും നീ ചെയ്തുവന്നത്.അതുകൊണ്ടാണല്ലോ, നിന്നോടൊപ്പം വർക്ക് ചെയ്ത പല താരങ്ങളും ക്യാമറാമാന്മാരും സംവിധായകരും സഹപ്രവർത്തകരുമൊക്കെ ഇന്നിപ്പോൾ പറയുന്നത്, നല്ല പയ്യനായിരുന്നു,നിന്നെ വലിയ ഇഷ്ടമായിരുന്നു എന്നൊക്കെ.

വിവാഹം, ഭാര്യ, മക്കൾ, തുടങ്ങിയ പുതിയ ഘട്ടങ്ങളിലേക്ക് കടന്നതോടെയാണ്,നമ്മൾ തമ്മിലുള്ള കണ്ടുമുട്ടലുകളും കൂടിച്ചേരലുകളും കുറഞ്ഞു തുടങ്ങിയത്.എന്റെ കല്ല്യാണത്തിന് നീയും നിന്റേതിന് ഞാനും മുൻപന്തിയിൽ തന്നെയുണ്ടായിരുന്നെന്ന് ഇന്നലെക്കഴിഞ്ഞതുപോലെ ഞാനോർക്കുന്നു. സത്യത്തിൽ
നീയും രാജേശ്വരിയും വലിയ അല്ലലില്ലാതെ ജീവിക്കുന്നതിൽ എനിക്കേറെ സന്തോഷവും തോന്നിയിരുന്നു.പിന്നെ എട്ടും രണ്ടും വയസ്സുമാത്രം പ്രായമുള്ള നിന്റെ രണ്ടു കുട്ടികൾ, പ്രാർത്ഥനയും ശ്രേയസ്സും.മക്കൾക്ക് നീ കൊടുത്ത ആ പേരുകളിൽപ്പോലുമുണ്ടായിരുന്നു,നിന്റെ ക്യാരക്ടർ,നിന്റെ സ്വപ്നങ്ങൾ, പ്രതീക്ഷകൾ.അവയെല്ലാമാണ് പ്രസാദ്, നിന്നോടൊപ്പം വിധി ഒറ്റയടിക്ക് അപഹരിച്ചു കളഞ്ഞത്.

നീ ശാന്തമായി ഉറങ്ങുന്നതുപോലെയുണ്ടെന്നാണ്, വിവരമറിഞ്ഞയുടനെ നാവികഅക്കാദമിയുടെ ആശുപത്രിയിലേക്ക് പാഞ്ഞെത്തി നിന്നെക്കണ്ട നാട്ടുകാരിൽ ശശിയേട്ടൻ എന്നോട് പറഞ്ഞത്. ജീവിക്കണമെന്നും രക്ഷപ്പെടണമെന്നുമൊക്കെ ആഗ്രഹമുണ്ടായിരുന്ന നിന്റെ ആ സൗമ്യമായ കീഴടങ്ങൽ എനിക്ക്പക്ഷെ സങ്കല്പിക്കാൻ പോലും കഴിയുന്നതായിരുന്നില്ല.

അപകടം നടന്നത് ഈ നശിച്ച കോവിഡ് കാലത്താ യതിനാലും,നേവൽബേസിനകത്തുവെച്ചാ യതിനാലും,സാങ്കേതികമായ കാര്യങ്ങൾ പൂർത്തിയാക്കി ഭൗതികശരീരം വിട്ടുകിട്ടാൻ നാട്ടിലെ സന്നദ്ധ പ്രവർത്തകർക്ക് നന്നേ പാടുപെടേണ്ടിവന്നു.അതുവരെയും, ഏതാണ്ട് ഒന്നര ദിവസത്തോളം നെഞ്ചുരുൾ പൊട്ടാതെ, കണ്ണീർ പ്രളയത്തിൽപ്പെടാതെ നിന്റെ വീടിനും പരിസരത്തിനും സ്നേഹത്തിന്റെ സംരക്ഷണ വലയം തീർത്തതും, മണിയ്ക്കും നിനക്കുമെല്ലാം ഏറെ പ്രിയപ്പെട്ട ആ നാട്ടുകാരും സുഹൃത്തുക്കളും തന്നെയായിരുന്നു.എന്നാൽ നിന്റെ ഭൗതിക ശരീരം വീട്ടിലെത്തിച്ച നിമിഷം അവരുൾപ്പെടെ എല്ലാവരുടെയും നിയന്ത്രണങ്ങളെല്ലാം നഷ്ടപ്പെട്ടു.

ഫെഫ്കയുടെയും,കേരള സിനി ഔട്ട്‌ ഡോർ യൂണിറ്റിന്റെയും ആദരാഞ്ജലികളുമായി നിന്റെ സിനിമാസുഹൃത്തുക്കൾ വന്നിട്ടുണ്ടായിരുന്നു. രജപുത്രയുടെ റീത്ത്, വിറയ്ക്കുന്ന കൈകളോടെ ഞാനാണ് നിന്റെ ദേഹത്തു വെച്ചത്. നിനക്കു വേണ്ടി അങ്ങനെയൊരു കർമ്മം കൂടി ചെയ്യണമെന്ന് ദൈവം വളരെ മുൻകൂട്ടി നിശ്ചയിച്ചതായിരിക്കാം.
നമ്മളത് അറിഞ്ഞില്ലെന്നു മാത്രം.

മലബാറിലെ സംവിധായകരുടെ കൂട്ടായ്മകളുടെയും, നാട്ടിൽ നീ സജീവമായി പ്രവർത്തിച്ചിരുന്ന രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകളുടേതുൾപ്പെടെ നിരവധി പുഷ്പ ഹാരങ്ങൾ വേറെയുമുണ്ടായിരുന്നു.പയ്യന്നൂരിലെ ഏതാണ്ടെല്ലാ സിനിമാപ്രവർത്തകരും നിന്നെ അവസാനമായൊന്ന് കാണാൻ വന്നിട്ടുണ്ടായിരുന്നു.അങ്ങനെ ഒരുപാടൊരുപാട് ആദരങ്ങളേറ്റുവാങ്ങി നീ നിശബ്ദനായി കിടക്കുമ്പോൾ ഞാൻ ചിന്തിച്ചത് മറ്റൊന്നുമായിരുന്നില്ല.നാട്ടിൽ ഇതുപോലെ വല്ല മരണവും നടന്നാൽ സ്ഥലത്തുണ്ടെങ്കിൽ ആദ്യം ഓടിയെത്താറുള്ളതും ഇതുപോലെ എത്രയോ വീട്ടുമുറ്റങ്ങളിൽ നിന്നും ശവമഞ്ചങ്ങൾ പേറി മുന്നിൽ നടക്കാറുള്ളതും, കരുത്തനായ നീയായിരുന്നല്ലോ പ്രസാദ് ! കേവലം രണ്ടു ദിവസങ്ങൾക്ക് മുമ്പ്,കനത്ത മഴയുള്ള രാത്രിയിൽ ഗ്രാമത്തിലെ കറന്റ് പോയത്‌ ശരിയാക്കാൻ വന്ന ലൈൻമാൻ ഷോക്കടിച്ചുവീണപ്പോൾ,അയാളെ താങ്ങിയെടുത്ത് ഉടനെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാൻ മുൻപന്തിയിലുണ്ടായിരുന്നതും നീയായിരുന്നുവെന്ന് രഘു എന്നോട് പറഞ്ഞു.

ലൈൻമാനെ രക്ഷിച്ച ലൈറ്റ്മാൻ !
സഹജമായ ആ മനുഷ്യസ്നേഹത്തിന്റെ പ്രകാശം പരത്തി ഒരുപാട് കാലം ഈ ഭൂമിയിൽ ജീവിച്ചിരിക്കേണ്ടവനായിരുന്നു പ്രസാദ് നീ. എന്തുചെയ്യാം,മണിക്കൂറുകൾക്കിടയിൽ മറ്റൊരു സ്ഥലത്ത്,അതിലും വലിയൊരു ഷോക്കേറ്റ് നീ
നിലംപതിക്കുകയാണുണ്ടായത്.എന്തൊരു നെറികെട്ട വൈരുദ്ധ്യമാണിത്?

സത്യത്തിൽ ഞാനുൾപ്പെടെ നിന്റെ പ്രിയപ്പെട്ടവർക്ക് കൂടിയാണ് പ്രസാദ് ആ വലിയ ഷോക്കേറ്റിരിക്കുന്നത്.ആ കനത്ത ഷോക്കിൽ മനസ്സുകൊണ്ട് മരിച്ചുപോയിരിക്കയാണിവിടെ നിന്റെ പ്രിയപ്പെട്ടവരിൽ പലരുമെന്ന് നീയറിയുന്നുണ്ടോ എന്തോ…

തികച്ചും അപ്രതീക്ഷിതമായി ലൈറ്റുകളെല്ലാം ഓഫ് ചെയ്ത്,പെട്ടെന്നൊരു പാക്കപ്പ്. നാല്പത്തിമൂന്നാമത്തെ വയസ്സിലെ നിന്റെ വേർപാടിനെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിപ്പോൾ തോന്നുന്നത്. ആപത്ഘട്ടങ്ങളിൽ നെഞ്ചുറപ്പോടെ മുന്നിൽ നിൽക്കാൻ, ഞാനിനി ആരെയാണ് വിളിക്കുക പ്രസാദ്? തിരിച്ചുകിട്ടുന്ന സ്നേഹത്തിന്റെ കാര്യത്തിൽ ഞാൻ പിന്നെയും ദരിദ്രനാവുകയാണല്ലോ…

ഒരു കാര്യം ഞാൻ ഉറപ്പ് തരുന്നു.ഭാര്യയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമടങ്ങുന്ന നിന്റെ കുടുംബം ഒരിക്കലും അനാഥമാവില്ല. രഞ്ജിത്തേട്ടനും മലയാള സിനിമയും,അവരുടെ മുന്നോട്ടുള്ള കാര്യങ്ങളിൽ കൂടെയുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. അതുപോലെ നാട്ടിലെ നിന്നെ സ്നേഹിക്കുന്ന സുഹൃത്തുക്കളും സംഘടനകളുമൊന്നും ഇക്കാര്യത്തിൽ വെറുതെയിരിക്കില്ലെന്ന് എനിക്കുറപ്പുണ്ട്. അത്തരം എല്ലാശ്രമങ്ങളുടെയും മുൻപന്തിയിൽ ഞാനുമുണ്ടാവുമെന്ന് മനസ്സു തുറന്ന് നിന്നെ അറിയിക്കട്ടെ.

നിർത്തുന്നു,
നീയവിടെ സമാധാനത്തോടെയിരിക്കുക.അതേ വിധികല്പന വരുന്നതോളം കാലം ഞാനിവിടെയുണ്ട്, നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ട്.ശാന്തമായി, സമാധാനമായി,
നീ ഉറങ്ങുക.

ആദരാഞ്ജലികൾ 🌹🌹🌹

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: