TRENDING

ടെലിവിഷൻ ചർച്ചയുടെ നിലവാരത്തെ വിമർശിച്ച് എംബി രാജേഷ്

ടെലിവിഷൻ ചർച്ചകളുടെ നിലവാരത്തെ രൂക്ഷമായി വിമർശിച്ച് സിപിഐഎം നേതാവ് എംബി രാജേഷ് .തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് വിമർശനം .വാടാ പോടാ വിളികൾ, ഭീഷണിപ്പെടുത്തലുകൾ ഇവയൊക്കെയാണിപ്പോൾ ടെലിവിഷൻ ചർച്ചകളുടെ മുഖമുദ്രകൾ എന്ന് എം ബി രാജേഷ് പറയുന്നു .

എംബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റിലേക്ക് –

മരണത്തിലേക്ക് നയിക്കുന്ന ടെലിവിഷൻ സംവാദങ്ങൾ

കോൺഗ്രസ് വക്താവ് രാജീവ് ത്യാഗി ഒരു ടെലിവിഷൻ ചർച്ചക്ക് തൊട്ടുപിന്നാലെ ഹൃദയാഘാതം മൂലം മരിച്ചത് വലിയ ഞെട്ടലും വിവാദവുമായിരിക്കുകയാണ്. ആജ്തക് ചാനലിൻ്റെ ചർച്ചയിൽ ബി.ജെ.പി. വക്താവ് സംബിത് പാത്ര നടത്തിയ വ്യക്തിപരമായി തളർത്തുന്ന, കടുത്ത വാക് പ്രയോഗങ്ങളാണ് മരണകാരണമെന്നാണ് കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം ആരോപിക്കുന്നത്. ചില നേതാക്കൾ പാത്രയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ഞാൻ ചർച്ച പൂർണ്ണമായും കണ്ടിട്ടില്ല. ട്വിറ്ററിൽ പ്രചരിച്ച സംബിത് പാത്ര രാജീവിനോട് കയർക്കുന്ന ചില ക്ലിപ്പുകൾ മാത്രമേ കണ്ടിട്ടുള്ളൂ. എങ്കിലും പൊതുവായ ഒരു കാര്യം ഈ സന്ദർഭത്തിൽ പറയേണ്ടിയിരിക്കുന്നു. അത് നമ്മുടെ ടെലിവിഷൻ സംവാദങ്ങളുടെ നിലവാരത്തകർച്ചയെക്കുറിച്ചാണ്. ഇന്ത്യൻ ടെലിവിഷൻ രംഗത്ത് informed debate എന്നൊന്ന് ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. അറിയാനും അറിയിക്കാനുമുള്ള സംവാദ വേദിയല്ല വാദിക്കാനും ജയിക്കാനുമുള്ള പോർമുഖമാണ് സ്റ്റുഡിയോ മുറികൾ എന്നതാണ് ഇന്നത്തെ അവസ്ഥ. മലയാളം ചാനലുകളും അതിൻ്റെ തനിപ്പകർപ്പുകൾ തന്നെ. അട്ടഹാസം, ആക്രോശം, അധിക്ഷേപം, , ഏകപക്ഷീയത, അസന്തുലിതമായ പാനൽ, മുൻകുട്ടി നിശ്ചയിച്ച അജണ്ടകൾക്കു പാകത്തിൽ വിഷയമേതായാലും ഒരേ നിരീക്ഷക സംഘം, വ്യക്തികളെ ഭർത്സിക്കൽ, പരപുഛം, മറ്റൊരാൾ പറയുമ്പോൾ ഇടക്കു കയറി കലമ്പലുണ്ടാക്കുൽ, ഉന്നത ജനാധിപത്യ മര്യാദകൾ പോയിട്ട് സാമാന്യ മര്യാദകളുടെ പോലും ലംഘനം, ദ്വയാർത്ഥ പ്രയോഗങ്ങൾ, വാടാ പോടാ വിളികൾ, ഭീഷണിപ്പെടുത്തലുകൾ ഇവയൊക്കെയാണിപ്പോൾ ടെലിവിഷൻ ചർച്ചകളുടെ മുഖമുദ്രകൾ. അവിടെ പരസ്പര ബഹുമാനവും സംവാദവും വിരളമായിരിക്കുന്നു. കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞതുപോലെ ഗുസ്തി മൽസരത്തിൻ്റെ ഗോദ പോലെയാണിന്ന് സ്റ്റുഡിയോകൾ.നിലപാട്, വീക്ഷണം എന്നിവ യുക്തിഭദ്രമായി അവതരിപ്പിക്കാനുള്ള ഇടമോ സാവകാശമോ ഇല്ല. ഈ അപചയത്തിന് മുഖ്യ ഉത്തരവാദികൾ അവതാരകർ തന്നെ.അവരാണല്ലോ സംവാദത്തിൻ്റെ ഗതി നിയന്ത്രിക്കേണ്ടവർ. അവർ തന്നെ ഈ പ്രവണതകളുടെയെല്ലാം ഭാഗമാകുന്നതു കാണാം. അസഹിഷ്ണുതയും അക്ഷമയും അധികാര ഭാവവുമാണ് അവരിൽ പലരേയും ഭരിക്കുന്നത്. അതാണ് ചർച്ചാ വിപണിക്ക് വേണ്ടത് എന്നവർ തെറ്റിദ്ധരിച്ചിരിക്കുന്നു. നന്നായി ചർച്ചകൾ നയിച്ചിരുന്ന, നയിക്കാൻ കഴിവുള്ള അവതാരകർ മലയാളത്തിലുണ്ട് എന്ന് വിദ്യാർത്ഥി കാലം മുതൽ ഏതാണ്ട് രണ്ടു പതിറ്റാണ്ടായി ടി.വി ചർച്ചകളുടെ ഭാഗമായ ഒരാൾ എന്ന നിലയിൽ എനിക്ക് പറയാനാവും. പക്ഷേ അങ്ങിനെയുള്ളവർ പോലും പിഴച്ച മാതൃക പിൻപറ്റുന്നത് നിരാശാജനകമാണെന്നു പറയട്ടെ.

അഹമ്മദ് പട്ടേൽ, ശശി തരൂർ, മനീഷ് തിവാരി, രൺദീപ് സിങ്ങ് സുർ ജേവാല തുടങ്ങി കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളാകെ വിഷലിപ്തവും മാരകവുമായി മാറിക്കൊണ്ടിരിക്കുന്ന ടെലിവിഷൻ ചർച്ചാ സംസ്കാരത്തിനെതിരെ നിശിത വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്. ഒട്ടേറെ കോൺഗ്രസ് നേതാക്കൾ ടെലിവിഷൻ ചർച്ചകളാകെ ബഹിഷ്ക്കരിക്കണമെന്ന ആവശ്യവും ഉയർത്തിയിരിക്കുന്നു. സംവാദത്തിൻ്റെ ജനാധിപത്യ മര്യാദകൾ നിരന്തരമായി ലംഘിക്കപ്പെട്ടതോടെ ഒരു ചാനലിൽ നിന്ന് സി.പി.ഐ (എം) വിട്ടു നിൽക്കാനെടുത്ത തീരുമാനത്തെ പരിഹസിച്ചവർക്ക് ഇപ്പോൾ എന്തു പറയാനുണ്ട്?

നമ്മുടെ ടിവി ചർച്ചകളുടെ അധ:പതനം വ്യക്തമാക്കുന്ന, ഞെട്ടിച്ച രണ്ട് സമീപകാല സംഭവങ്ങൾ ഈ സന്ദർഭത്തിൽ ഓർക്കാതെ വയ്യ. അതിലൊന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയും ബി.ജെ.പി. വക്താവ് സന്ദീപ് വാര്യരുമായുള്ള പോർവിളിയാണ്.( വീഡിയോ കാണുക) മറ്റൊന്ന് ഇതേ ബി.ജെ.പി. വക്താവിനോട് ഒരു ടെലിവിഷൻ ആങ്കർക്ക് പറയേണ്ടി വന്ന വാക്കുകളാണ്.”താങ്കൾ എന്നെ മുട്ടിലിഴച്ചിരിക്കുന്നു. വിജയിച്ചില്ലേ? ഇനി ചർച്ചയിലേക്ക് വരൂ ” എന്നായിരുന്നു ആ വാക്കുകൾ.ടി.വി.ചർച്ചകളുടെ ഗതി ഇങ്ങനെയാണെങ്കിൽ പങ്കെടുക്കുന്നവർക്കു മാത്രമല്ല പ്രേക്ഷകർക്കും ഹൃദയാഘാതമുണ്ടാകുന്ന കാലം വിദൂരമല്ല.
ടെലിവിഷനിലെ സംവാദ മണ്ഡലത്തെ പോർവിളികളിൽ നിന്ന് മോചിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന് എല്ലാവരും മനസ്സിലാക്കുക. ആത്മപരിശോധനക്കും തിരുത്തലുകൾക്കും എല്ലാവരും തയ്യാറാവുക.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker