സച്ചിൻ പൈലറ്റിന്റെ കോൺഗ്രസിലേക്കുള്ള തിരിച്ചു വരവ് ബിജെപിയുടെ മുഖത്തേറ്റ അടിയെന്നു കെ സി വേണുഗോപാൽ
കോൺഗ്രസിലേക്ക് തിരിച്ചു വരാനും രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ പിന്തുണക്കാനുമുള്ള സച്ചിൻ പൈലറ്റിന്റെ തീരുമാനം ബിജെപിയുടെ മുഖത്തേറ്റ അടിയെന്നു സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ .കോൺഗ്രസ് എംഎൽഎമാരുടെ എല്ലാ പരാതികളും പരിഹരിക്കുമെന്ന് കെ സി വേണുഗോപാൽ വാർത്താ ഏജൻസിക്ക് നൽകിയ അഭുമുഖത്തിൽ പറഞ്ഞു .
“പൈലറ്റും മുഖ്യമന്ത്രിയും സന്തോഷവാന്മാരാണ് .ഇത് ബിജെപിയുടെ മുഖത്തേറ്റ അടിയാണ് .ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെ ഇറക്കാനുള്ള ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നീക്കം പരാജയപ്പെട്ടു.ബിജെപിയുടെ തെറ്റുകൾക്കുള്ള ശക്തമായ താക്കീത് ആണിത് “കെ സി വേണുഗോപാൽ പറഞ്ഞു .
രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമായുള്ള സച്ചിൻ പൈലറ്റിന്റെ ചർച്ചക്ക് ശേഷമാണ് രാജസ്ഥാൻ കോൺഗ്രസിൽ മഞ്ഞുരുകിയത് .സച്ചിൻ പൈലറ്റിന്റെയും എംഎൽഎമാരുടെയും പരാതികൾ കേൾക്കാൻ സോണിയ ഗാന്ധി മൂന്നംഗ സമിതിയെ നിയോഗിച്ചു .ഓഗസ്റ്റ് പതിനാലിന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ വിശ്വാസ വോട്ടെടുപ്പ് വേളയിൽ സച്ചിനും ഇടഞ്ഞ എംഎൽഎമാരും അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ പിന്തുണക്കും .