രാജസ്ഥാനിൽ രാഹുലിന്റെ ഇടപെടൽ നൽകുന്ന സൂചനയെന്ത്?
രാജസ്ഥാനിലെ കോൺഗ്രസിന്റെ ആഭ്യന്തര കലഹത്തിൽ രാഹുൽ ഗാന്ധി ഇടപെട്ടതോടെ മഞ്ഞുരുകാൻ തുടങ്ങിയിരിക്കുന്നു .എന്നാൽ ഈ സമയം ഏറെ പ്രത്യേകത ഉള്ളതാണ് .ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി ഒരു വര്ഷം പൂർത്തിയാക്കുന്ന ദിനമാണ് ഓഗസ്റ്റ്10 .രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് തിരിച്ചെത്തണം എന്ന ആവശ്യം ശക്തിപ്പെടവെയാണ് രാജസ്ഥാനിലെ ഇടപെടൽ .
പാർട്ടി അധ്യക്ഷ എന്ന നിലക്ക് സോണിയ ഗാന്ധി ഒരു വിജയമായിരുന്നു എന്നതിൽ തർക്കമില്ല .രണ്ടു തവണ പാർട്ടിയെ അധികാരത്തിൽ എത്തിക്കാൻ സോണിയക്കായി .ഏറ്റുമുട്ടലിനു പകരം സമവായം ആയിരുന്നു സോണിയയുടെ ശക്തി .എന്നാൽ രാഹുലിന് മേൽ കിടക്കുന്ന നിഴൽ അങ്ങിനെയല്ല .മധ്യപ്രദേശിൽ ആഭ്യന്തര കലഹം മൂലം അധികാരം നഷ്ടമായി .ജ്യോതിരാദിത്യ സിന്ധ്യ ,ഹേമന്ത ബിശ്വാസ് ശർമ്മ ,എന്തിനു ടോം വടക്കൻ പോലും പാർട്ടിക്ക് പുറത്തേക്ക് നടന്നതിന്റെ കരിനിഴൽ രാഹുലിന് മേലെയാണ് വീണിരിക്കുന്നത് .
അശോക് ഗെഹ്‌ലോട്ട് -സച്ചിൻ പൈലറ്റ് തർക്കം തീരുകയും രാജസ്ഥാൻ പാർട്ടിക്ക് സുരക്ഷിതമാവുകയും ചെയ്താൽ ഈ ഇമേജ് രാഹുലിന് മാറും .ഇനി കോൺഗ്രസ് അധ്യക്ഷനായി അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ അദ്ദേഹത്തിന് പഴയ നേതാക്കളെ അല്ല വേണ്ടത് ഊർജ്ജമുള്ള പുതു രക്തമാണ് .സച്ചിൻ പൈലറ്റിനെ പോലുള്ള യുവനേതാവ് കോൺഗ്രസിൽ നിൽക്കുന്നത് മറ്റു യുവനേതാക്കൾക്കും രാഹുലിൽ ഉള്ള വിശ്വാസം ഊട്ടിയുറപ്പിക്കും .
സച്ചിൻ പൈലറ്റ് നേരിടുന്ന പ്രശ്നങ്ങൾ തങ്ങൾക്കറിയാമെന്നും ഈ ഘട്ടത്തിൽ ബിജെപിയെ ശക്തിപ്പെടുത്തുന്ന നിലപാട് കൈക്കൊള്ളരുതെന്നും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സച്ചിനെ ഉപദേശിച്ചു എന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം .സച്ചിന് മുഖം രക്ഷിക്കാവുന്ന നടപടികൾ കേന്ദ്രനേതൃത്വത്തിൽ നിന്ന് ഉണ്ടാകുമെന്നും ഭാവി സച്ചിന്റേതാകും എന്നും ഇരുവരും അറിയിച്ചു .സച്ചിൻ ക്യാമ്പിലെ എംഎൽഎമാർക്കെതിരെയുള്ള എല്ലാ നടപടികളും അവസാനിപ്പിക്കുമെന്നും ഇരുവരും ഉറപ്പു നൽകി .
സച്ചിന്റെ ഭാവി രാഹുലിന്റെ ഭാവിയുമായി കൂടി കൂടിച്ചേർന്നു കിടക്കുന്നു .രാഹുൽ ഉണ്ടാക്കാൻ പോകുന്ന ടീമിൽ യുവാക്കൾക്ക് നല്ല പ്രാതിനിധ്യം ഉണ്ടാകുമെന്ന ഉറപ്പു കൂടിയാണ് ഇത് .ഒപ്പം തലമുതിർന്ന നേതാക്കൾക്കുള്ള മുന്നറിയിപ്പും .എത്ര ശക്തനായ നേതാവായാലും പുതുതലമുറയെ കൂടെ നിർത്തണമെന്ന സന്ദേശവും രാഹുൽ നൽകുന്നുണ്ട് .