മസ്ജിദിൽ തൊട്ടാൽ വെടിവെക്കും , ചർച്ചക്ക് വന്ന സന്യാസിമാരോട് അന്നത്തെ പ്രധാനമന്ത്രി ചന്ദ്ര ശേഖർ പറഞ്ഞ കാര്യം
റോഡറിക്ക് മാത്യൂസിന്റെ “;ചന്ദ്ര ശേഖർ” എന്ന പുസ്തകത്തിൽ അയോദ്ധ്യ പ്രശ്നം പരിഹരിക്കാൻ അന്ന് പ്രധാനമന്ത്രിയായിരുന്ന ചന്ദ്ര ശേഖർ നടത്തിയ ഇടപെടലുകളെ കുറിച്ച് പരാമർശിക്കുന്നുണ്ട് .ഒത്തുതീർപ്പ് ചർച്ച നടത്തിയ ചന്ദ്ര ശേഖർ ഒരു വേള മസ്ജിദ് തൊട്ടാൽ സന്യാസിമാരെ വെടിവെച്ചിടുമെന്നു വരെ പറയുന്നുണ്ടെന്നു പുസ്തകം രേഖപ്പെടുത്തുന്നു .കൗതുകകരമാണ് ഈ രംഗം .
വിശ്വ ഹിന്ദു പരിഷത്തിന്റെ പിന്തുണയോടെ രൂപം കൊണ്ട രാമജന്മഭൂമി ന്യാസ്സിന്റെയും ഓൾ ഇന്ത്യ ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റിയുടെയും പ്രതിനിധികളെ ചന്ദ്ര ശേഖർ ചർച്ചക്ക് വിളിക്കുന്നു .നീണ്ട രഹസ്യ സംഭാഷണങ്ങൾക്ക് ശേഷമാണ് ഇരുവിഭാഗത്തെയും കൂടിക്കാഴ്ചക്ക് പ്രധാനമന്ത്രി ക്ഷണിക്കുന്നത് .ശരദ് പവാറിനെയാണ് ഹിന്ദു സംഘടനകളുമായുള്ള ചർച്ചക്ക് നിയോഗിച്ചത് .ചന്ദ്ര ശേഖറിന്റെ ആത്മ മിത്രം ഭൈരോൺ സിങ് ശെഖാവത്തിനെ മുസ്ലിം സംഘടനകളുമായുള്ള ചര്ച്ചക്കും നിയോഗിച്ചു .
പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച .ചന്ദ്ര ശേഖർ മന്ത്രിസഭയിൽ സഹമന്ത്രി ആയിരുന്ന കമാൽ മൊറാർക്ക മുൻനിരയിൽ തന്നെയുണ്ടായിരുന്നു .അദ്ദേഹം പറയുന്നു –
ആദ്യം വിഎച്ച് പി നേതാക്കൾ വരുന്നു . ചന്ദ്ര ശേഖർ അവരോട് ചോദിക്കുന്നു ,”പറയൂ അയോദ്ധ്യ പ്രശ്നത്തിൽ എന്താണ് ചെയ്യേണ്ടത് ?”ഒട്ടും നാടകീയത ഇല്ലാതെ പ്രധാനമന്ത്രി ചോദിച്ചത് കേട്ട് ഒരുവേള കളിയാക്കുകയാണോ എന്നവർ ചിന്തിച്ചിട്ടുണ്ടാവും .
“അയോദ്ധ്യ ,എന്താണ് പ്രശ്നം ?അത് രാമക്ഷേത്രം ആണ് .എല്ലാവര്ക്കും അതറിയാമല്ലോ .അത് രാമക്ഷേത്രമായി തന്നെയാണ് കണക്കാക്കപ്പെടുന്നത് .”ഒരാൾ മറുപടി പറഞ്ഞു .
രണ്ടോ മൂന്നോ മിനുട്ടിലെ മൗനത്തിനു ശേഷം ചന്ദ്ര ശേഖർ പറഞ്ഞു ,”ഇനി തമാശ കളയാം .ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി ആണ് .എത്ര കാലം ഈ കസേരയിൽ ഉണ്ടാകുമെന്നു ഉറപ്പില്ല .പക്ഷെ ഞാൻ ഈ കസേരയിൽ ഇരിക്കുന്നിടത്തോളം കാലം ആ നിർമ്മാണത്തിൽ ആരും തൊടില്ല .”തുടർന്ന് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ചന്ദ്ര ശേഖർ പറഞ്ഞു ,”സംസ്ഥാന മുഖ്യമന്ത്രിയെ ആശ്രയിക്കുന്ന വിപി സിംഗ് അല്ല ഞാൻ .മസ്ജിദ് തൊടുന്ന ആരെയും വെടിവെച്ചിടാൻ ഞാൻ ഉത്തരവിടും .ഇന്ത്യ ഒരു ദരിദ്ര രാജ്യം ആണ് .ഈ വിഷയത്തിൽ ധാരാളം പണം ചെലവിടുന്നു .അതിനി നടക്കില്ല .നിങ്ങൾ ഭയക്കേണ്ട കാര്യം ഇല്ല .അഞ്ഞൂറ് സന്യാസ്സിമാർ മരിച്ചാലെന്താ, ദൈവത്തിന് വേണ്ടി മരിച്ചാൽ അവർ സ്വർഗത്തിൽ പോകില്ലേ .”
അവർ ചിന്തിക്കുന്നത് എനിക്ക് മനസിലാക്കാം ,”പ്രധാനമന്ത്രി തമാശക്കാരൻ ആണോ .അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ ഇരുന്നു ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു .ഇതൊരു പൊതു റാലി ഒന്നുമല്ലല്ലോ .”അപ്പോൾ ചന്ദ്രശേഖർ പറഞ്ഞു ,”ഇനി മുസ്ലിങ്ങളുമായുള്ള കൂടിക്കാഴ്ചയാണ് .നിങ്ങളുടെ സമയം കഴിഞ്ഞു .”