TRENDING

പൃഥ്‌വിരാജ് സ്വയംസേവകൻ, ഇന്ദ്രജിത്തും സ്വയംസേവകൻ, വിവാദമുയർത്തി വീണ്ടും ജന്മഭൂമി

കേരളത്തിലെ പ്രമുഖരുടെ ആർഎസ്എസ് ബന്ധം സംബന്ധിച്ച് വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതിപക്ഷ നേതാവിനെ കോൺഗ്രസിലെ സർസംഘ ചാലക് എന്ന് വിളിച്ചതോടെ വിവാദം ഉച്ഛസ്ഥായിയിൽ എത്തി. പിന്നാലെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള സ്വയംസേവകൻ ആയിരുന്നുവെന്ന് ജന്മഭൂമി വാർത്ത അടിച്ചു. എസ്ആർപി ആകട്ടെ ചെറുപ്രായത്തിലെ ആർഎസ്എസ് ബന്ധം സ്ഥിരീകരിക്കുകയും ചെയ്തു.

Signature-ad

ഇപ്പോൾ ആർഎസ്എസ് വിവാദം സിനിമാ മേഖലയിലേക്കും നീളുകയാണ്. ചലച്ചിത്ര താരങ്ങൾ ആയ ഇന്ദ്രജിത്തിനെയും പൃഥ്‌വിരാജിനെയും കുട്ടിക്കാലത്ത് അച്ഛനും നടനുമായ സുകുമാരൻ ആർഎസ്എസ് ശാഖയിൽ അയച്ചിരുന്നു എന്ന വാദവുമായി ജന്മഭൂമി രംഗത്തെത്തി. പൃഥ്‌വിരാജും ഇന്ദ്രജിത്തും ഇക്കാര്യം നിഷേധിച്ചിട്ടില്ല.

പൗരത്വ ബില്ലിൽ സംഘപരിവാർ വിരുദ്ധ നിലപാട് ആണ് പൃഥ്‌വിരാജ് കൈക്കൊണ്ടത്. ജാമിയ മിലിയ പോലീസ് വേട്ടയിലും ബിജെപി വിരുദ്ധ നിലപാടാണ് പൃഥ്‌വി കൈക്കൊണ്ടത്. ഇതിനെതിരെ സംഘപരിവാർ ഗ്രൂപ്പുകൾ സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരംഭിച്ചു. ഇതിനിടെ ആണ് മലബാർ കലാപം മുൻനിർത്തി വാരിയംകുന്നൻ എന്ന സിനിമ ആഷിഖ് അബു പ്രഖ്യാപിച്ചത്. പൃഥ്‌വി ആണ് ചിത്രത്തിലെ നായകൻ. ഇതിനു പിന്നാലെ ബിജെപി നേതാക്കൾ പൃഥ്‌വിയെ രൂക്ഷമായി വിമർശിച്ചു.

ഇന്ദ്രജിത്തും പൃഥ്‌വിരാജും പൂജപ്പുര ശാഖയിലെ സ്വയംസേവകർ എന്നാണ് ജന്മഭൂമി വാർത്ത. കോളേജ് അധ്യാപകൻ ആയിരുന്നു സുകുമാരൻ. പിന്നീട് അഭിനയരംഗത്തേക്ക് വന്ന് നായകൻ വരെയായി. സുകുമാരൻ ആർഎസ്എസുകാരൻ അല്ല. എന്നാൽ മക്കളായ ഇന്ദ്രജിത്തിനെയും പൃഥ്‌വിരാജിനെയും നിർബന്ധപൂർവം പൂജപ്പുരയിലെ വീടിനടുത്തുള്ള ആർഎസ്എസ് ശാഖയിലേക്ക് പറഞ്ഞുവിടുമായിരുന്നു. സംഘത്തെ അടുത്തറിയുന്നത് കൊണ്ടാണ് സുകുമാരൻ അങ്ങിനെ ചെയ്തത്. കോൺഗ്രസ്‌ ഭരണകാലത്ത് ചലച്ചിത്ര അക്കാഡമി ചെയർമാൻ പദവിയിൽ ഇരിക്കുമ്പോഴും ആർഎസ്എസ് പഠന ശിബിരം ഉത്ഘാടനം ചെയ്യാൻ സുകുമാരൻ പോയത് ഈ അറിവിന്റെ പശ്ചാത്തലത്തിൽ ആണെന്നാണ് ജന്മഭൂമി പറയുന്നത്.

എന്നാൽ ജന്മഭൂമി വാർത്തക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. കുട്ടിക്കാലത്തെ സംഭവങ്ങളോ പണ്ട് എടുത്ത നിലപാടുകളോ അല്ല ഇപ്പോഴത്തെ നിലപാടുകൾ ആണ് ശ്രദ്ധിക്കേണ്ടത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം.

Back to top button
error: