മണിയറയിലെ അശോകനിലെ പൊളി ഗാനം
രസകരമായ വരികളുമായി കേട്ടിരിക്കാൻ ഇമ്പമാർന്ന ഒരു അടിപൊളി ഗാനം… അതാണ് പിറന്നാൾ ദിനത്തിൽ പ്രിയ പ്രേക്ഷകർക്ക് ദുൽഖർ സൽമാൻ സമ്മാനിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ നിർമാതാവാകുന്ന മണിയറയിലെ അശോകനിലെ ദുൽഖറും ഗ്രിഗറിയും ചേർന്നാലപിച്ച ‘ഉണ്ണിമായ’ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. നവാഗതനായ ഷംസു സായ്ബാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശ്രീഹരി കെ നായരാണ്. ഷിയാസ് അമ്മദ്കോയയുടേതാണ് രസകരമായ വരികൾ.
സിനിമയുടെ പ്രധാന മേഖലകളെല്ലാം കൈകാര്യം ചെയ്യുന്നത് പുതുമുഖങ്ങളാണ് എന്നതാണ് പ്രത്യേകത. മഗേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണൻ ആണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത് .ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന സജാദ് കാക്കുവും സംഗീത സംവിധായകൻ ശ്രീഹരി കെ.നായർ തുടങ്ങിയവരും പുതുമുഖങ്ങളാണ്. സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ അപ്പു.എൻ.ഭട്ടതിരി ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ആതിര ദിൽജിത്ത് പി.ആർ.ഒ ആയും ഷുഹൈബ് എസ്.ബി.കെ സ്റ്റിൽ ഫോട്ടോഗ്രാഫറായും സിനിമയുടെ പിന്നണിയിലുണ്ട്.