NEWS
മാസങ്ങളായി ശമ്പളമില്ല, പെരുന്നാൾ ദിനത്തിൽ ചന്ദ്രിക ജീവനക്കാർ പ്രതിഷേധത്തിൽ
മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയിലെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത്. മെയ് മാസത്തെ ശമ്പളം പോലും ജൂലൈ ആയിട്ടും നൽകാത്തതിനാൽ പ്രതിഷേധിക്കുന്നു എന്ന് പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടിയാണ് പെരുന്നാൾ ദിനത്തിൽ ജീവനക്കാരുടെ പ്രതിഷേധം.
പെരുന്നാളിന് മുമ്പ് ഒരു മാസത്തെ ശമ്പളം എല്ലാ യൂണിറ്റുകളിലും നൽകുമെന്ന് ലേബർ കമ്മീഷണർ നേതൃത്വം നൽകിയ ചർച്ചയിൽ ചന്ദ്രിക മാനേജ്മെന്റ് അറിയിച്ചിരുന്നു. എന്നാൽ അത് പാലിക്കപ്പെട്ടില്ല. കോഴിക്കോട് ചില ആൾക്കാർക്ക് മാത്രം ശമ്പളം ലഭിച്ചു. തിരുവനന്തപുരത്ത് ആർക്കും ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് വിവരം. മാനേജ്മെന്റ് പ്രതിനിധികളെ ബന്ധപ്പെട്ട് ശമ്പളം ലഭ്യമാക്കാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. അതിനാലാണ് പെരുന്നാൾ ദിനത്തിൽ പ്രതിഷേധം.