സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ആർഎസ്എസ് ശിക്ഷക് ആയിരുന്നുവെന്ന് ജന്മഭൂമി
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് ആർ പി എന്നറിയപ്പെടുന്ന എസ് രാമചന്ദ്രൻപിള്ള ചെറുപ്പകാലത്ത് ആർഎസ്എസ് ശിക്ഷക് ആയിരുന്നു എന്ന് ജന്മഭൂമി ലേഖനം. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽ മാന്യതയുള്ള ഒരു മുഖമാണ് എസ് ആർ പി. ആ മാന്യതയ്ക്ക് കാരണം അദ്ദേഹത്തിനുള്ള ആർഎസ്എസ് സംസ്കാരം ആണെന്നും ലേഖനത്തിൽ പറയുന്നു. ആർഎസ്എസ്.. ആർ ശങ്കറും എസ് ആർ പിയും എന്ന ലേഖനം എഴുതിയത് പി ശ്രീകുമാർ ആണ്.
കായംകുളത്ത് ആർഎസ്എസ് ശാഖ നടത്തുന്നതിന്റെ ചുമതലക്കാരൻ ആയിരുന്നു എസ്ആർപി. ഹൈസ്കൂൾ വിദ്യാർഥിയായിരുന്നപ്പോഴാണ് എസ്ആർപി ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പള്ളിമുക്ക് ശാഖയിലെ ആർഎസ്എസ് ഭാരവാഹി ആയത്. ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് ആയിരുന്നു എസ്ആർപി. പിന്നീട് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുക്കുകയും പ്രവർത്തനത്തിൽ സജീവമാകുകയും ചെയ്തുവെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.
ലേഖനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കുറിച്ചും പരാമർശമുണ്ട്. രമേശ് ചെന്നിത്തല ആർഎസ്എസ് ആയിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അച്ഛൻ രാമകൃഷ്ണൻ നായർ ആർഎസ്എസിനെ സ്നേഹിച്ചിരുന്നു എന്നാണ് ലേഖനം പറയുന്നത്. ചെന്നിത്തല മഹാത്മാ സ്കൂളിലെ അധ്യാപകനായ അദ്ദേഹം ആർഎസ്എസ് കളരിക്കൽ ശാഖയിൽ ഗുരുപൂജ, ഗുരുദക്ഷിണ പരിപാടികളിൽ പങ്കെടുത്തിരുന്നു എന്നും ലേഖനം പറയുന്നു.
ആർഎസ്എസ് ആണെന്ന കോടിയേരിയുടെ വിമർശനത്തിന് മുന്നിൽ ചെന്നിത്തല തല കുമ്പിടേണ്ടതില്ല. കോൺഗ്രസിൽ രമേശിനേക്കാൾ വലിയ നേതാവ് ആയിരുന്നുവല്ലോ മുൻ മുഖ്യമന്ത്രി ആർ ശങ്കർ. അദ്ദേഹം കൊല്ലത്തെ ആർഎസ്എസ് ശാഖയിലെ സ്വയംസേവകൻ ആയിരുന്നു. ശാഖയിൽ വന്നു എന്നതിന്റെ പേരിൽ ആർ ശങ്കറിനെയും എസ് ആർ പിയേയും തങ്ങളുടെ അളാക്കാൻ ആർഎസ്എസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും ജന്മഭൂമി ലേഖനം വിലയിരുത്തുന്നു.