KeralaNEWS

കേരളത്തിലെ കോണ്‍ഗ്രസില്‍ യുവതുര്‍ക്കികളുടെ നേതൃത്വത്തില്‍ തരൂര്‍ ഗ്രൂപ്പും?

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ യുവനേതാക്കളുടെ സാരഥ്യത്തില്‍ ഇനി തരൂര്‍ ഗ്രൂപ്പും? അരനൂറ്റാണ്ടായി എ, ഐ ഗ്രൂപ്പുകളാണ് കേരളത്തിലെ കോണ്‍ഗ്രസിന്‍െ്‌റ ഭാഗധേയം നിര്‍ണയിക്കുന്നത്. തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതു മുതല്‍ സ്ഥാനമാനങ്ങള്‍ പങ്കിടുന്നതു വരെ ഈ രണ്ടു ഗ്രൂപ്പുകളുടെ താല്‍പര്യം പരിണിച്ചായിരുന്നു. മറ്റു ചില ഗ്രൂപ്പുകളൊക്കെ ഇടക്കാലത്തുണ്ടായെങ്കിലും നിലനില്‍പ്പിനായി അവര്‍ക്കെല്ലാം പിന്നീട് ‘ഐ’യിലോ ‘എ’യിലോ ചേക്കേറേണ്ടി വന്നു എന്നത് ചരിത്രം.
ആദ്യം കെ. കരുണാകരനും എ.കെ ആന്റെണിയുമാണ് ഈ രണ്ട് ഗ്രൂപ്പുകളെ നയിച്ചിരുന്നതെങ്കില്‍ പിന്നീട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ആ സ്ഥാനമേറ്റെടുത്തു. ഇപ്പോഴും അവര്‍ തന്നെയാണ് പ്രബലമായ രണ്ടു ഗ്രൂപ്പുകളെയും നയിക്കുന്നത്.

എന്നാല്‍, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്കുകയും, സംസ്ഥാനത്തുനിന്നും പോള്‍ ചെയ്ത വോട്ടിന്റെ ഏതാണ്ട് പകുതി നേടുകയും ചെയ്തതോടെ ശശി തരൂര്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ അവഗണിക്കാനാകാത്ത ശക്തിയായി മാറുകയാണ്. ഇനി കോണ്‍ഗ്രസിലുളള കാലത്തോളം തൂരിരിനോടാലോചിക്കാതെ കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു കാര്യവും ചെയ്യാന്‍കഴിയുകയുമില്ല. ഭാരവാഹികളുടെ നിയമനം ഉള്‍പ്പെടെ എല്ലാ കാര്യത്തിലും അങ്ങിനെ തന്നെയായിരിക്കും. അത് കൊണ്ട് തന്നെ തരൂരിനോട് അനുഭാവം കാണിക്കുന്ന നേതാക്കളുടെ എണ്ണം വര്‍ധിക്കും.

Signature-ad

കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനടക്കമുളള നേതാക്കള്‍ തരൂരുമായി അടുത്ത വ്യക്തി ബന്ധം പുലര്‍ത്തുന്നവരാണ്. കേരളാ രാഷ്ട്രീയത്തിലെ ചാണക്യനായ സാക്ഷാല്‍ ഉമ്മന്‍ചാണ്ടി, ശശി തരൂരിന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷിയും സുഹൃത്തുമാണ് എന്നതും ശ്രേദ്ധയമാണ്. വി.ഡി സതീശന്‍- കെ. സുധാകരന്‍- കെ.സി വേണുഗോപാല്‍ ത്രയങ്ങളോട് ഏറ്റുമുട്ടി കരുത്തു ചോര്‍ന്ന അവസ്ഥയിലാണ് ഉമ്മന്‍ചാണ്ടി. എന്നാല്‍, കോണ്‍ഗ്രസ് അണികളില്‍ വലിയൊരു വിഭാഗത്തിന് മേല്‍ ഉമ്മന്‍ചാണ്ടിക്ക് സ്വാധീനമുണ്ട്. ഈ സാഹചര്യം ഉമ്മന്‍ചാണ്ടിയുടെ ആശിര്‍വാദത്തോടെ തനിക്ക് അനുകൂലമാക്കാന്‍ തരൂരിനു സാധിക്കും.

ഹൈബി ഈഡന്‍ എം.പി, കെ. ശബരിനാഥന്‍ തുടങ്ങിയ യുവ നേതാക്കളും കോഴിക്കോട് എം.പി: എം.കെ രാഘവനെപ്പോലുള്ള സീനിയര്‍ നേതാക്കളും തരൂരിനൊപ്പമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസില്‍ നിലവിലുള്ള നേതൃസംവിധാനത്തോട് കടുത്ത എതിര്‍പ്പുള്ളനേതാക്കളെല്ലാം പതിയെ തരൂരിനൊപ്പം നിലയുറപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

കേഡര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എ വിഭാഗം ഇപ്പോള്‍ ഒരു നാഥനില്ലാകളരിയാണ്. ആന്റണിക്കൊപ്പം നിന്നവരും ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്നവരും ഇപ്പോള്‍ അനാഥരായ അവസ്ഥയിലാണ്. നിയമസഭാ കക്ഷി നേതൃസ്ഥാനവും കെ.പി.സിസി അധ്യക്ഷ സ്ഥാനവും ഐ.ഐ.സി.സിയിലെ ജനറല്‍ സെക്രട്ടറിയും ഐ വിഭാഗത്തിന്റെ നേതാക്കളാണ്. ഇതോടെ എ വിഭാഗത്തില്‍ വന്‍തോതിലുള്ള കൊഴിഞ്ഞുപോക്കാരംഭിച്ചു. ടി. സിദ്ധിഖ്, ഷാഫി പറമ്പില്‍, വി.ടി. ബലറാം അടക്കമുള്ള എ വിഭാഗത്തിലെ യുവനേതാക്കള്‍ പതിയെ കെ.സി വേണുഗോപാലുമായി അടുക്കാന്‍ തുടങ്ങി. എന്നാല്‍, കെ.സി -കെ.എസ് – വി.ഡി. അച്ചുതണ്ടിനോട് അടുക്കാതെ നില്‍ക്കുന്ന വലിയൊരു വിഭാഗം നേതാക്കള്‍ കേരളത്തിലെ പാര്‍ട്ടിയിലുണ്ട്. അനാരോഗ്യമടക്കം അലട്ടുന്ന ഉമ്മന്‍ചാണ്ടി നിശ്ബ്ദനായ സ്ഥിതിക്ക് അവരുടെ നേതൃത്വം പതിയെ തരൂരിന്റെ കൈകളില്‍ വന്ന് ചേരുമെന്നാണ് കരുതപ്പെടുന്നത്.

 

Back to top button
error: