CrimeNEWS

പരീക്ഷയ്ക്കിടെ എറിഞ്ഞ ‘തുണ്ട് കടലാസ്’ പ്രേമലേഖനമാണെന്ന് തെറ്റിദ്ധരിച്ചു; 12 വയസുകാരനെ വെട്ടിക്കൊന്ന് റെയില്‍ പാളത്തില്‍ തള്ളി

പട്ന: പരീക്ഷാഹാളിലേക്ക് എറിഞ്ഞ തുണ്ട് കടലാസ് പ്രേമലേഖനമാണെന്ന് തെറ്റിദ്ധരിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ 12 വയസുകാരനെ വെട്ടിക്കൊന്ന് റെയില്‍വേ പാളത്തില്‍ തള്ളി. ബിഹാറിലെ ഭോജ്പുര്‍ ജില്ലയിലെ ഉദ്വന്ത്നഗര്‍സ്വദേശി ദയാകുമാര്‍ എന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ഉള്‍പ്പെടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സഹോദരിയെ പരീക്ഷയില്‍ ‘സഹായിക്കാനായാണ്’ ദയാകുമാര്‍ സ്‌കൂളില്‍ എത്തിയതെന്നാണ് പോലീസ് പറയുന്നത്. അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് കോപ്പിയടിക്കാനുള്ള സഹായത്തിനായാണ് ദയാകുമാറിനെ സഹോദരി സ്‌കൂളിലേക്ക് കൊണ്ടുവന്നത്. പരീക്ഷ ആരംഭിച്ചതിന് പിന്നാലെ ദയാകുമാര്‍ പരീക്ഷാഹാളിലിരിക്കുന്ന സഹോദരിക്ക് നേരേ തുണ്ട് കടലാസുകള്‍ എറിഞ്ഞുനല്‍കി. എന്നാല്‍, ഈ കടലാസ് മറ്റൊരു പെണ്‍കുട്ടിയുടെ ഡസ്‌കിന് സമീപമാണ് വീണത്. തനിക്ക് നേരേ എറിഞ്ഞ കടലാസ് പ്രേമലേഖനമാണെന്ന് തെറ്റിദ്ധരിച്ച പെണ്‍കുട്ടി ഇക്കാര്യം സഹോദരങ്ങളോട് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരങ്ങളും ബന്ധുക്കളും ചേര്‍ന്ന് ദയാകുമാറിനെ കൊലപ്പെടുത്തുകയായിരുന്നു.

Signature-ad

കൃത്യം നടത്തിയ ശേഷം പ്രതികള്‍ മൃതദേഹം റെയില്‍വേ പാളത്തില്‍ ഉപേക്ഷിച്ചു. സംഭവം നടന്ന് നാലുദിവസത്തിന് ശേഷമാണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ റെയില്‍വേപാളത്തില്‍നിന്ന് കണ്ടെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെല്ലാം പെണ്‍കുട്ടിയുടെ ബന്ധുക്കളാണ്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത നാലുപേരെ ജുവനൈല്‍ ഹോമിലേക്കും മറ്റുള്ളവരെ ജയിലിലേക്കും അയച്ചു.

 

 

 

Back to top button
error: