CrimeNEWS

പോലീസുകാരന്റെ മാങ്ങ മോഷണക്കേസ് പിന്‍വലിക്കരുതെന്ന് പോലീസ് കോടതിയില്‍

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പോലീസുകാരന്‍ മാങ്ങ മോഷ്ടിച്ചെന്ന കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിനെതിരേ പോലീസ്. കേസ് ഒത്തുതീര്‍പ്പാക്കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും മോഷണം നടത്തിയ പ്രതി പോലീസുകാരനാണ് എന്നുള്ള വസ്തുത ഗൗരവതരമാണെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും ഒത്തുതീര്‍ക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് പോലീസുകാരന്‍ മാങ്ങ മോഷ്ടിച്ച കടയുടെ ഉടമ കഴിഞ്ഞ ദിവസം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞിരപ്പള്ളി സി.ഐ ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേസ് പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ടത്.

Signature-ad

പോലീസുകാരന്‍ എന്ന നിലയില്‍ നീതിയും ന്യായവും പരിപാലിക്കേണ്ട ഒരാള്‍ കേസില്‍ ഉള്‍പ്പെടുന്നുവെന്നത് ഗൗരവതരത്തിലുള്ള കുറ്റകൃത്യമാണ്. ഇത് സേനയ്ക്കും വലിയ മാനക്കേടുണ്ടാക്കി. കേസ് പിന്‍വലിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. അതിനാല്‍ കേസ് പിന്‍ലിക്കാന്‍ അനുവദിക്കരുതെന്നാണ് റിപ്പോര്‍ട്ടില്‍ പോലീസ് ആവശ്യപ്പെട്ടത്.

സംഭവത്തില്‍, ഇടുക്കി എ.ആര്‍.ക്യാമ്പിലെ സി.പി.ഒ. കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ പി.വി. ഷിഹാബിനെതിരേയാണ് പോലീസ് കേസെടുത്തത്. 19 ദിവസം കഴിഞ്ഞിട്ടും ഇയാളെ പിടികൂടാനായിട്ടില്ല. സെപ്റ്റംബര്‍ 30-ന് പുലര്‍ച്ചെ നാലോടെയാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ മൊത്തവ്യാപാര പച്ചക്കറിക്കടയ്ക്ക് മുന്നില്‍ വെച്ചിരുന്ന പെട്ടിയില്‍നിന്ന് മാങ്ങ മോഷ്ടിച്ചെന്നാണ് കേസ്. കോട്ടയത്തുനിന്ന് ജോലികഴിഞ്ഞെത്തിയ ഷിഹാബ് മാങ്ങ പെറുക്കി സ്‌കൂട്ടറിന്റെ ഡിക്കിയിലിടുന്നത് കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. കടയുടമ സി.സി. ടിവി ദൃശ്യമടക്കം നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇതേത്തുടര്‍ന്ന് ഷിഹാബിനെ ഇടുക്കി ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡുചെയ്തിരുന്നു.

 

 

Back to top button
error: