KeralaNEWS

മന്ത്രിമാര്‍ നേരിട്ടെത്തി ദയാബായിയെ കണ്ടു, 18 ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു

എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി 18 ദിവസമായി നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഉറപ്പുകളില്‍ വ്യക്തത വരുത്തി. സമരസമിതി ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി.

ദയാബായിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുന്ന എൻഡോസൾഫാൻ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അനുനയ നീക്കം നടത്തിയിരുന്നു. എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസം ആവശ്യപ്പെട്ട് ദയാബായിയുടെ നേതൃത്വത്തിലാണ് 18 ദിവസം ആയി സമരം തുടർന്നുകൊണ്ടിരുന്നത്. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദയാബായി ആശുപത്രിയിലും സമരം തുടരുകയായിരുന്നു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദുവും ജനറല്‍ ആശുപത്രിയില്‍ ചെന്ന് ദയാബായിയെ കണ്ടു. ഇരുമന്ത്രിമാരും ചേര്‍ന്ന് വെള്ളം നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. ഈ കാര്യങ്ങള്‍ നമുക്കൊന്നിച്ച് നേടിയെടുക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ് ദയാബായിയോട് പറഞ്ഞു. എപ്പോള്‍ വേണമോ വിളിക്കാമെന്നും എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മന്ത്രി ആര്‍ ബിന്ദുവും ഉറപ്പു നൽകി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടും അവരുടെ കുടുംബത്തോടും അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി ബന്ധപ്പെട്ടുള്ള വ്യക്തമായ ചര്‍ച്ചകളാണ് നടത്തിയത്. അവര്‍ക്ക് അക്കാര്യങ്ങൾ രേഖാമൂലം നല്‍കി.

അതില്‍ ചില അവ്യക്തകള്‍ ഉണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സമരസമിതിയുമായും ദയാബായിയുമായും ആശയ വിനിമയം നടത്തി. അതിന്റെ അടിസ്ഥനത്തില്‍ ചര്‍ച്ചചെയ്ത കാര്യങ്ങള്‍ തന്നെ കൂടുതല്‍ വ്യക്തത വരുത്തി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Back to top button
error: