കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി. ബസില്‍നിന്ന് 18 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വര്‍ണം കണ്ടെത്തി. തൃശ്ശൂരില്‍നിന്നു കണ്ണൂരിലേക്ക് വന്ന ബസിലാണ് 395 ഗ്രാം സ്വര്‍ണം അടങ്ങിയ പൊതി ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടത്. സ്വര്‍ണബിസ്‌കറ്റ്, അഞ്ച് സ്വര്‍ണക്കട്ടികള്‍ എന്നിവയായിരുന്നു പാക്കറ്റില്‍. കണ്ണൂരിലെ ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ സ്വര്‍ണം ടൗണ്‍ പോലീസിന് കൈമാറി.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം തൃശ്ശൂരില്‍നിന്ന് പുറപ്പെട്ടതാണ് ബസ്. കോട്ടയ്ക്കല്‍ വിട്ടപ്പോഴാണ് ആളില്ലാത്ത പൊതി ഒരു യാത്രക്കാരന്‍ കണ്ടക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ചങ്കുവെട്ടിയില്‍ ഇറങ്ങിയ ആരോ മറന്നതായിരിക്കുമെന്ന് കരുതി. പൊതി തുറന്നപ്പോള്‍ സ്വര്‍ണം. വിവരം കെ.എസ്.ആര്‍.ടി.സി. അധികൃതരെ അറിയിച്ചു. ബസ് രാത്രി കണ്ണൂരില്‍ എത്തിയ ശേഷം ടൗണ്‍ പോലീസിനെയും അറിയിച്ചു.
പൊതി തിങ്കളാഴ്ച കണ്ണൂര്‍ ഡിപ്പോയില്‍ സൂക്ഷിച്ചു. ചൊവ്വാഴ്ച രാവിലെ ഭീമ ജൂവലറിയിലെത്തിച്ച് സ്വര്‍ണമാണെന്ന് ഉറപ്പിച്ചു. തൂക്കി തിട്ടപ്പെടുത്തി. പിന്നീട് ടൗണ്‍ പോലീസിന് കൈമാറി. സ്വര്‍ണത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് ഒരുസംഘം പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍, സ്വര്‍ണം കോടതിക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.