ആലുവ: ആരോഗ്യ വകുപ്പ് ജീവനക്കാരൻ ചമഞ്ഞ് വീടുകളിൽ കയറിയയാൾ ആലുവയിൽ പിടിയിലായി. കോതമംഗലം സ്വദേശി ദിലീപ് കുമാറാണ് പിടിയിലായത്. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ കയറി അശ്ലീല ചോദ്യങ്ങൾ ചോദിച്ചതോടെ വീട്ടുകാർ പഞ്ചായത്ത് അധികൃതരെ വിളിച്ച് വരുത്തുകയായിരുന്നു .ആലുവ ചൂർണ്ണിക്കരയിലെ വീടുകളിലാണ് ദിലീപ് കയറിയത്.
ആരോഗ്യവകുപ്പിൽ നിന്നെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സ്ത്രീകൾ മാത്രം ഒറ്റയ്ക്കുള്ള വീടുകളിൽ ഇയാൾ എത്തുന്നത്. ഇയാളുടെ ചോദ്യങ്ങൾ കേട്ട് പേടിച്ച ഒരു വീട്ടമ്മ ഭർത്താവിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആലുവ ചൂർണിക്കര പ്രദേശത്തെ ചില വീടുകളിലാണ് ഇയാൾ വീടുകളിൽ കയറുന്നത്. സ്ത്രീകളുടെ ലൈംഗീക ജീവിതവുമായി ബന്ധപ്പെട്ടും ദാമ്പത്യ ജീവിതത്തിലെ കാര്യങ്ങളുമാണ് ഇയാൾ ചോദിച്ചത്.
ചൂർണിക്കരയിലെ ചില വീടുകളിൽ കയറി ഇയാൾ സ്ഥലത്ത് നിന്നും മുങ്ങിയെങ്കിലും ബൈക്കിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ശേഖരിച്ച പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോതമംഗലം സ്വദേശിയായ ദിലീപ് ഒരു വെൽഡിംഗ് തൊഴിലാളിയാണ് എന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന വിവരത്തെ തുടർന്ന് അക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്.