തിരുവനന്തപുരം: സോഫ്റ്റ്‍വെയർ തകരാർ കാരണം സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം തുടർച്ചയായ മൂന്നാംദിവസവും സ്തംഭിച്ചു. സോഫ്റ്റ്‍വയർ കൈകാര്യം ചെയ്യുന്ന ദില്ലിയിലെ നാഷണൽ ഇൻഫർമാറ്റിക് സെൻറർ ഇന്നലെ രാവിലെ പ്രശ്നം ഭാഗികമായി പരിഹരിച്ചെങ്കിലും ഡിജിറ്റൽ ഫയലുകൾ തുറക്കാനുള്ള ബുദ്ധിമുട്ട് തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വെള്ളിയാഴ്ച വൈകിട്ട് രണ്ടേമുക്കാലോടെയാണ് സോഫ്റ്റ്‍വെയർ തകരാറിലായത്. സാങ്കേതിക തടസ്സം വിവിധ വക്കുപ്പുകളുടെ സുഗമമായ പ്രവർത്തനത്തെ ബാധിച്ചു. ഇത് ആദ്യമായാണ് സോഫ്റ്റ്‍വെയർ തകരാർ കാരണം സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം ഇത്രയധികം ദിവസം തടസ്സപ്പെടുന്നത്. വിവരങ്ങൾ സൂക്ഷിക്കുന്ന സർവറിലുണ്ടായ ഹാർഡ്‍വെയർ തകരാറാണ് പ്രശ്നനത്തിന് കാരണം. സെക്രട്ടേറിയറ്റിലെ 99 ശതമാനം ഫയലുകളും ഡിജിറ്റലായാണ് കൈകാര്യം ചെയ്യുന്നത്.
സോഫ്റ്റ്‍വെയറിൻറെ പുതിയ പതിപ്പിലേക്ക് മാറുന്നതിൻറെ ഭാഗമായി ജനുവരിയിൽ അഞ്ച് ദിവസത്തേക്ക് ഫയൽ നീക്കം തടസ്സപ്പെട്ടിരുന്നു. ഒരുദിവസം കുറഞ്ഞത് 30,000 ഫയലുകൾ സെക്രട്ടേറിയറ്റിൽ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് സർക്കാർ കണക്ക്. 1500 പുതിയ ഫയലുകൾ ദിവസേനയുണ്ടാകുന്നു. ഒരു പേജുള്ള ഫയൽ മുതൽ 1000 പേജുള്ള ഫയൽവരെയാണ് സെക്രട്ടേറിയറ്റിലെത്തുന്നത്.