CrimeNEWS

മന്ത്രവാദവും ആഭിചാരവും തടയാൻ നിയമ നിർമ്മാണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ, മന്ത്രവാദവും ആഭിചാരവും തടയാൻ നിയമ നിർമ്മാണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമനിർമ്മാണം നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാണാവശ്യം. കേരള യുക്തിവാദി സംഘമാണ് ഹർജി നൽകിയത്.

മഹാരാഷ്ട്ര ,കർണ്ണാടക സംസ്ഥാനങ്ങളിൽ ഇത്തരം നിയമം നടപ്പിലാക്കിയിട്ടുണ്ട്. സമാനമായ കൊലപാതകങ്ങൾ കേരളത്തിൽ ഇതിനു മുൻപും നടന്നിരുന്നുവെന്നും ഈ സാഹചര്യത്തിൽ അടിയന്തരമായി ഇത്തരം അനാചാരങ്ങൾ തടയാൻ നിയമനിർമ്മാണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു. അനാചാരങ്ങൾ തടയാനായി ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കാര കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകളിന്മേൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുക.

Signature-ad

അതേസമയം, ഇലന്തൂർ കേസിലെ പ്രതി മുഹമ്മദ് ഷാഫി കൊലപാതകത്തിനു ശേഷം കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. മുഹമ്മദ് ഷാഫി കൊച്ചിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച കൊല്ലപെട്ട പത്മയുടെ സ്വർണാഭരണങ്ങളാണ് പൊലീസ് കണ്ടെടുത്തത്. മുഹമ്മദ് ഷാഫിയെ പണമിടപാട് സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്താണ് പൊലീസ് സ്വർണാഭണങ്ങൾ കണ്ടെടുത്തത്.

കൊച്ചി ഗാന്ധിനഗറിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പത്മയുടെ 39 ഗ്രാം വരുന്ന സ്വർണാഭരണങ്ങളാണ് മുഹമ്മദ് ഷാഫി പണയം വച്ചിരുന്നത്. ഒരു ലക്ഷത്തി പതിനായിരം രൂപയാണ് സ്വർണം പണയം വച്ച് ഇവിടെ നിന്ന് മുഹമ്മദ് ഷാഫി വാങ്ങിയത്.ഇതിൽ നാൽപതിനായിരം രൂപ ഭാര്യക്ക് നൽകിയെന്നാണ് മുഹമ്മദ് ഷാഫി പൊലീസിനു നൽകിയിട്ടുള്ള മൊഴി. മുഹമ്മദ് ഷാഫി പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ പത്മത്തിന്‍റേതു തന്നെയെന്ന് പണമിടപാട് സ്ഥാപനത്തിലെത്തിയ മകനും സഹോദരിയും തിരിച്ചറിഞ്ഞു.

തെളിവെടുപ്പിന് കൊണ്ടുവരുന്നതിനു മുമ്പ് മുഹമ്മദ് ഷാഫിയെ വൈദ്യ പരിശോധനക്കും വിധേയനാക്കി. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ.വച്ച് ഇയാളുടെ ഡി.എൻ.എ സാമ്പിളും പൊലീസ് ശേഖരിച്ചു.ഇതിനിടെ രണ്ടാം പ്രതി ഭഗവൽ സിംഗ് കൊല്ലപെട്ട റോസ്‍ലിന്‍റെ എഴുന്നൂറ് മില്ലിഗ്രാം മാത്രം തൂക്കമുള്ള സ്വർണാഭരണം പണയം വച്ചതായും പൊലീസ് കണ്ടെത്തി. രണ്ടായിരം രൂപക്കാണ് ഇലന്തൂരിന് സമീപമുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജൂൺ ഒമ്പതിന് സ്വർണം പണയം വച്ചത് .ഈ സ്വര്‍ണം കണ്ടെടുക്കുന്നതിനും കൂടുതൽ സ്വർണാഭരണങ്ങള്‍ പണയം വെച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനും പൊലീസ് അന്വേഷണം തുടരുകയാണ്.

Back to top button
error: