IndiaNEWS

കോൺ​ഗ്രസിന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്താലും പാർട്ടിക്കുള്ളിൽ ഗാന്ധി കുടുംബത്തിന്റെ പ്രസക്തി നഷ്ടപ്പെടില്ല: പി. ചിദബരം

ദില്ലി: കോൺ​ഗ്രസിന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്താലും പാര്‍ട്ടിക്കുള്ളില്‍ ഗാന്ധി കുടുംബത്തിന്റെ പ്രസക്തി നഷ്ടപ്പെടില്ലെന്ന് മുതിര്‍ന്ന നേതാവ് പി ചിദബരം അഭിപ്രായപ്പെട്ടു. “ഗാന്ധിമാരുടെ ശബ്ദം അപ്രസക്തമാകുമെന്ന് ആരും പറയുന്നില്ല,” വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ചിദംബരം പറഞ്ഞു.

തിരഞ്ഞെടുപ്പ് പരാജയങ്ങൾ കാരണം തങ്ങളുടെ നേതൃത്വത്തെ നിരന്തരം വിമർശിച്ച ഗാന്ധികുടുംബം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിസമ്മതിക്കുകയും ഗാന്ധിയല്ലാത്ത ഒരാൾ ചുമതലയേൽക്കേണ്ട സമയമാണെന്ന് ഉറപ്പിക്കുകയുമായിരുന്നു. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരുൾപ്പടെ 9,000 പ്രതിനിധികൾ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും മത്സരിച്ച തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ​ഗാന്ധികുടുംബം മത്സരത്തിലില്ലെങ്കിലും ഖാർ​ഗെ അവരുടെ അനൗദ്യോ​ഗിക ഔദ്യോ​ഗിക സ്ഥാനാർത്ഥിയാണെന്നാണ് പ്രചാരണം. എന്നാൽ, പുതിയ അധ്യക്ഷൻ ഗാന്ധിമാരുടെ “റിമോട്ട് കൺട്രോൾ” ആയിരിക്കുമെന്ന ആരോപണം ചിദംബരം തള്ളിക്കളഞ്ഞു.

“അത് കണ്ണുംപൂട്ടിയുള്ള വിമർശനമാണ്. ‘റിമോട്ട് കൺട്രോൾ’ ആരോപണം ഒരു അനുമാനമാണ്. ദേശീയ തലത്തിൽ ഗാന്ധികുടുംബത്തിന് ഇപ്പോഴും വലിയ സ്വാധീനം ഉണ്ടാകുമെന്ന് കരുതുക. പക്ഷേ അത് താഴേക്ക് നീങ്ങുമ്പോൾ, അവർക്ക് സ്വാധീനം ചെലുത്താൻ കഴിയുമെന്ന് കരുതുന്നുണ്ടോ? തെരഞ്ഞെടുപ്പിലൂടെയല്ലേ ജില്ലാതലത്തിൽ നേതാക്കൾ തിരഞ്ഞെടുക്കപ്പെടുന്നത്?” ചിദംബരം ചോദിച്ചു. എന്നാൽ പ്രധാന തീരുമാനങ്ങൾക്കായി, പുതിയ അധ്യക്ഷൻ ഗാന്ധികുടുംബത്തിന്റെ അഭിപ്രായങ്ങൾ കേൾക്കേണ്ടതുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. “22 വർഷത്തെ ഏറ്റവും വലിയ മാറ്റമായി നിങ്ങൾ ഈ തെരഞ്ഞെടുപ്പിനെ കണക്കാക്കണം. പുതിയ അധ്യക്ഷൻ ഗാന്ധിമാർക്കൊപ്പം പ്രവർത്തിക്കണം, സംസ്ഥാന നേതാക്കൾക്കൊപ്പം പ്രവർത്തിക്കണം. എല്ലാവർക്കുമൊപ്പം പ്രവർത്തിക്കാൻ പുതിയ അധ്യക്ഷൻ പഠിക്കുമെന്ന് എനിക്കുറപ്പുണ്ട്”. അദ്ദേഹം പറഞ്ഞു.

ഒരു പുതിയ അധ്യക്ഷൻ അധികാരമേറ്റതിന് ശേഷം എന്തെങ്കിലും സമൂലമായ മാറ്റങ്ങളുണ്ടാകുമോയെന്ന് പലരും സംശയിക്കുന്നു. ഗാന്ധിമാരുടെ ഉപദേശവും പിന്തുണയും തേടുന്നതിൽ തനിക്ക് ലജ്ജയില്ലെന്ന് ഖാർഗെ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അധ്യക്ഷന്റെ ആദ്യ ജോലി, സംഘടന ശരിയാക്കുക, തിരഞ്ഞെടുപ്പ് നടത്തുക, ടീമുകളെ കെട്ടിപ്പടുക്കുക എന്നിവയായിരിക്കുമെന്നും പി ചിദംബരം പറഞ്ഞു.

Back to top button
error: