IndiaNEWS

പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്റീനോ ഇനങ്ങളെ വളർത്തുമൃ​ഗങ്ങളായി പരിപാലിക്കുന്നത് നിരോധിച്ച് ഗാസിയാബാദ് മുനിസിപ്പൽ കോർപ്പറേഷൻ

ഗാസിയാബാദ്: വളർത്തുനായ്ക്കളുടെ ആക്രമണം പതിവാകുന്നതിനിടെ, ഗാസിയാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്റീനോ ഇനങ്ങളെ വളർത്തുമൃ​ഗങ്ങളായി പരിപാലിക്കുന്നത് നിരോധിച്ചു. വളർത്തുമൃഗ ഉടമകൾക്കായി നിരവധി മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് നവംബർ ഒന്ന് മുതൽ നായ്ക്കൾക്ക് ലൈസൻസ് നേടേണ്ടതുണ്ട്. ഒരു കുടുംബത്തിനും ഒന്നിൽ കൂടുതൽ വളർത്തു നായ്ക്കളെ വളർത്താൻ കഴിയില്ലെന്നും മാർ​ഗനിർദേശത്തിലുണ്ട്.

ഉയർന്ന കെട്ടിട സമുച്ചയങ്ങളിൽ താമസിക്കുന്ന വളർത്തുമൃഗങ്ങളുടെ ഉടമകൾ അവരുടെ നായ്ക്കളെ പുറത്തെടുക്കാൻ സർവീസ് ലിഫ്റ്റുകൾ ഉപയോഗിക്കണം. പൊതുസ്ഥലത്ത് അവ മുഖാവരണം ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. കഴിഞ്ഞ മാസങ്ങളിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങൾക്ക് നായ്ക്കളുടെ കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. വളർത്തുമൃഗങ്ങളുടെ ഉടമകൾ രണ്ട് മാസത്തിനുള്ളിൽ രജിസ്ട്രേഷൻ നേടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Signature-ad

“പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്റീനോ എന്നീ മൂന്ന് ഇനങ്ങളും ക്രൂരമാണ്. ഈ നായ്ക്കളെ വളർത്താൻ അനുമതി നൽകില്ല. ലൈസൻസ് നൽകില്ല. ആരെങ്കിലും ഇവയിലൊന്ന് വാങ്ങിയാൽ, പിന്നീടുള്ള സംഭവങ്ങൾക്ക് അവർ ഉത്തരവാദിയായിരിക്കും. ഈ മൂന്ന് ഇനങ്ങളും ഗാസിയാബാദിൽ നിരോധിച്ചിരിക്കുന്നു,” ബിജെപി നേതാവും ജിഎംസി കൗൺസിലറുമായ സഞ്ജയ് സിംഗ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഈ ഇനങ്ങളെ നിരോധിക്കാനുള്ള നിർദ്ദേശം മുന്നോട്ട് വച്ചത് സഞ്ജയ് സിംഗ് ആണ്. ഈയിനം നായ്ക്കളെ ഇപ്പോൾ വളർത്തുന്നവർ രണ്ട് മാസത്തിനുള്ളിൽ അവയുടെ വന്ധ്യംകരണം നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, കാൺപൂർ മുനിസിപ്പൽ കോർപ്പറേഷനും പഞ്ച്കുള മുനിസിപ്പൽ കോർപ്പറേഷനും നഗരപരിധിയിൽ വളർത്തുമൃഗങ്ങളായി പിറ്റ്ബുൾ, റോട്ട്‌വീലർ ഇനത്തിലുള്ള നായ്ക്കളെ നിരോധിച്ചിരുന്നു.

ശനിയാഴ്ച നടന്ന ബോർഡ് യോഗത്തിൽ നായ്ക്കളുടെ വന്ധ്യംകരണം നിർബന്ധമാണെന്ന് തീരുമാനമെടുത്തിട്ടുണ്ട്. വന്ധ്യംകരണം നടത്താതെ സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ അനുവദിക്കില്ല. നായയ്ക്ക് ആറ് മാസത്തിൽ താഴെയാണ് പ്രായമെങ്കിൽ, അവയ്ക്ക് പ്രയാമെത്തുമ്പോൾ വന്ധ്യംകരിക്കും എന്ന ഉറപ്പോടെ ഉടമ സത്യവാങ്മൂലം സമർപ്പിക്കണം,”​ഗാസിയാബാദ് മേയർ ആശ ശർമ്മ പറഞ്ഞു. നായ്ക്കളുടെ ഉടമകൾക്ക് അവരുടെ വളർത്തുമൃഗങ്ങളെ ഇഷ്ടമാണെന്ന് അറിയാമെന്നും എന്നാൽ നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ കുറിച്ചും അവർ ചിന്തിക്കണമെന്നും മേയർ പറഞ്ഞു.

Back to top button
error: