കോട്ടയം: എസ്.ബി. കോളജ് എം.ബി.എ. വിഭാഗമായ ബർക്ക്മാൻസ് ഇൻസ്റ്റിറ്റുട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇരുപത്തിയേഴാമത് നാഷണൽ മാനേജ്മെന്റ് ഫെസ്റ്റ് ബർക്ക്നോവയ്ക്ക് നാളെ തിരിതെളിയും. രാവിലെ 10നു കോളജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഫ്രഷ് ടു ഹോം സി.ഒ.ഓയും സഹസ്ഥാപകനും കൂടിയായ മാത്യു ജോസഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ രണ്ടു വർഷങ്ങളായി ഓൺലൈനായി നടത്തപ്പെട്ട ബർക്ക്നോവയ്ക്ക്, ഇക്കുറി വിദ്യാർത്ഥികൾ കോളജിൽ നേരിട്ട് എത്തിയാവും മത്സരിക്കുന്നത്. നൂറോളം കോളജുകളിൽ നിന്നായി അറുന്നൂറോളം വിദ്ദ്യാർത്ഥികളാണ് വിവിധ ഇനങ്ങളിൽ മത്സരിക്കുന്നത്. ഒൻപത് ഇവന്റുകളിലായിട്ടാണ് മത്സരം നടത്തുന്നത്. ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെന്റ് ടീം, ബിസിനസ് ക്വിസ്, ഫോട്ടോഗ്രാഫി, സിൻക് ഡാൻസ് എന്നിവയാണ് പ്രധാന ഇനങ്ങൾ. രണ്ട് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നന്നത്.
പത്രസമ്മേളനത്തിൽ ബർക്മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. തോമസ് വർഗീസ്, ഡിപ്പാർട്മെന്റ് വിഭാഗം മേധാവി പ്രഫ. സോണി ജോസഫ്, അധ്യാപക പ്രതിനിധികളായ ജുവൽ ട്രീസ ടോം, മെർലിൻ ബി ജോസഫ്, വിദ്യാർത്ഥി പ്രതിനിധികളായ വർഗീസ് സണ്ണി, ജോസ് സിറിയക്ക് എന്നിവർ പങ്കെടുത്തു.