പത്തനംതിട്ട: ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളായ ലൈലയും ഭര്‍ത്താവ് ഭഗവല്‍ സിങ്ങിനും കടുത്ത അന്ധവിശ്വാസികളെന്ന് ലൈലയുടെ സഹോദരന്‍. തങ്ങളുടെ അമ്മയുടെ മരണശേഷം അഞ്ച് മരണങ്ങള്‍ കൂടിയുണ്ടാകുമെന്ന് ലൈല പറഞ്ഞു. ദേവീദേവ സങ്കല്‍പത്തിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. രണ്ടുവര്‍ഷമായി സഹോദരിയുമായി ബന്ധമില്ലെന്നും വാര്‍ത്തയുടെ ഞെട്ടല്‍ മാറുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഇന്നല തൊട്ട് ഇത് കേള്‍ക്കുന്നതാണ്. കേട്ടപ്പോള്‍ തന്നെ ഞെട്ടിപ്പോയി. അതും പ്രത്യേകിച്ച് കൂടെപ്പിറന്ന ഒരു വ്യക്തി, അവരുടെ പുറത്താണ് ആരോപണം ഉണ്ടായിരിക്കുന്നത്. യാഥാര്‍ഥ്യമാണെങ്കില്‍ ഈ ഞെട്ടല്‍ മാറത്തില്ല. എന്തു പറയണമെന്ന് അറിയത്തില്ല. അതേരീതിയില്‍ ഞങ്ങള്‍ കുടുംബം മൊത്തം ഞെട്ടിയിരിക്കുകയാണ്”, ലൈലയുടെ സഹോദരന്‍ പറഞ്ഞു.
രണ്ടുവര്‍ഷമായിട്ട് ലൈലയുമായി യാതൊരു കോണ്‍ടാക്ടുമില്ല. ഒരു ഫോണ്‍ കോള്‍ പോലും ഈ രണ്ടു വര്‍ഷത്തിനിടെ ചെയ്തിട്ടില്ല. ഇവര്‍ക്ക് അന്ധവിശ്വാസമുണ്ടെന്നുള്ളത് അറിയാമായിരുന്നു. എന്നാല്‍ അവിടെ ഇങ്ങനെ പൂജകള്‍ നടക്കുന്നു, കര്‍മങ്ങള്‍ ചെയ്യുന്നു എന്നൊന്നും അറിയില്ലായിരുന്നു. ഭക്തിനിര്‍ഭരമായ അന്തരീക്ഷം അവിടെ കാണാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഭഗവല്‍ സിങ് ഇത്തരം വിശ്വാസമുള്ളയാളായിരുന്നു. കുറച്ചു ജ്യോതിഷവും വൈദ്യവും അറിയുന്നയാളാണ്. സര്‍വസമയവും കുറിയും തൊട്ടാണ് നടക്കാറ്. ലൈലയും പൊട്ടും കുറിയും തൊട്ട് മാലയും ഇട്ട് കയ്യില്‍ ചരടും കെട്ടി നടക്കുന്നതാണ് കണ്ടിട്ടുള്ളത്. കാണുമ്പോഴെ അറിയാം എന്തോ ഒരു പ്രത്യേകതയുണ്ട് എന്നുള്ളത്, ലൈലയുടെ സഹോദരന്‍ പറഞ്ഞു.
അമ്മയുടെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ലൈലയുമായി അകലാന്‍ കാരണമായത്. അമ്മയുടെ മരണത്തിന് ശേഷം എല്ലാ ക്രിയകളും ചെയ്തു. എന്നാല്‍ രണ്ടുദിവസത്തിനു ശേഷം ലൈല വിളിച്ചു പറഞ്ഞു, പോരാ കുടുംബത്തിനും അമ്മയുടെ മരണത്തിനും ദോഷമുണ്ടെന്ന്. ഇനിയും കര്‍മങ്ങള്‍ ചെയ്യണം അല്ലെങ്കില്‍ എല്ലാവര്‍ക്കും ദോഷമാണ്. അഞ്ചുമരണം വരെ സംഭവിക്കാം എന്ന് പറഞ്ഞു ഭയപ്പെടുത്തി. ചെയ്യാനുള്ള കര്‍മങ്ങള്‍ ഞാന്‍ ചെയ്തു, ഇനി നിങ്ങളായി നിങ്ങളുടെ പാടായി എന്നായിരുന്നു താന്‍ പറഞ്ഞത്. അതിന് പിന്നാലെ ലൈല ഇവിടെ എത്തി തന്നെ മറികടന്ന് മരണാനന്തരക്രിയകള്‍ തന്നെ മറ്റൊരു കര്‍മിയെ വിളിച്ചു നടത്തി- ലൈലയുടെ സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.