CrimeNEWS

പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചു, ദേഹോപദ്രവം എല്‍പ്പിച്ചു; എം.എല്‍.എയ്‌ക്കെതിരേ അധ്യാപികയുടെ മൊഴി

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നു പരാതിക്കാരി മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കി. എം.എല്‍.എ. ശാരീരികോപദ്രവം എല്‍പ്പിച്ചെന്നും പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തെന്നും സുഹൃത്തായ യുവതി മൊഴി നല്‍കി. വഞ്ചിയൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് യുവതി മൊഴി നല്‍കിയത്.

കഴിഞ്ഞ മാസം പതിനാലിനാണ് എല്‍ദോസും സുഹൃത്തായ അധ്യാപികയും കോവളത്തെത്തിയത്. അവിടെ വെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും എല്‍ദോസ് മര്‍ദിച്ചുവെന്നും യുവതി പറയുന്നു. പിന്നീട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. പരാതി കോവളം സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും കേസെടുത്തിരുന്നില്ല. ഇതിനിടെ പരാതി ഒത്തുതീര്‍ക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും യുവതി പറഞ്ഞു.

Signature-ad

കാറിനുള്ളില്‍ വെച്ചാണ് എല്‍ദോസ് തന്നെ കൈയ്യേറ്റം ചെയ്തതെന്നും യുവതി വ്യക്തമാക്കി. ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയും വന്നിരുന്നു. ഇതേതുടര്‍ന്ന് വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. ഇന്നലെ വൈകീട്ട് കോവളം പോലീസ് സ്റ്റേഷനില്‍ ഹാജരായ യുവതി പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പൊലീസിനെ അറിയിച്ചു. കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തതിനാല്‍ വഞ്ചിയൂര്‍ സ്റ്റേഷനിലും യുവതി ഹാജരായി.

തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നിലും മൊഴി രേഖപ്പെടുത്തുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം. പരാതിക്കാരിയോട് മൊഴിയെടുക്കാന്‍ ചൊവ്വാഴ്ച രാവിലെ 10ന് സ്റ്റേഷനിലെത്താന്‍ കോവളം പോലീസ് ആവശ്യപ്പെട്ടിരുന്നു.

 

 

 

 

 

 

 

 

 

 

 

 

Back to top button
error: