Breaking NewsNEWS

സുഹൃത്തായ അധ്യാപികയെ മര്‍ദിച്ചെന്ന പരാതി; കുന്നപ്പിള്ളിക്ക് കുരുക്ക്

തിരുവനന്തപുരം: സുഹൃത്തായ അധ്യാപികയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കേസെടുക്കും. പരാതിക്കാരിയോട് മൊഴിയെടുക്കാന്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്റ്റേഷിലെത്താന്‍ കോവളം പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാണ് തീരുമാനം. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ പോലീസിനും മജിസ്ട്രേറ്റിനും യുവതി മൊഴി നല്‍കിയിരുന്നു.

കഴിഞ്ഞ മാസം 14-നാണ് എല്‍ദോസ് കുന്നപ്പിള്ളിയും സുഹൃത്തായ യുവതിയും കോവളത്തെത്തിയത്. അവിടെവെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും കുന്നപ്പിള്ളി മര്‍ദ്ദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. പിന്നീട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. പരാതി കോവളം സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നില്ല. ഒരാഴ്ചയോളം പരാതിയില്‍ കേസെടുക്കാതെയിരുന്ന പോലീസ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് യുവതിയോട് ഹാജരാകാന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

Signature-ad

ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയും വന്നു. ഇതേതുടര്‍ന്ന് വഞ്ചിയൂര്‍ പോലീസ് കേസെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെ തിങ്കളാഴ്ച വൈകുന്നേരത്തോടെ കോവളം പോലീസ് സ്റ്റേഷനില്‍ ഹാജരായ യുവതി എം.എല്‍.എക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പോലീസിനെ അറിയിച്ചു. ഇതിനുശേഷം കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തതിനാല്‍ വഞ്ചിയൂര്‍ സ്റ്റേഷനിലും യുവതി ഹാജരായി. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നിലും മൊഴി രേഖപ്പെടുത്തി. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് മാറി നില്‍ക്കുകയായിരുന്നുവെന്നാണ് യുവതി മൊഴി നല്‍കിയതെന്നാണ് സൂചന. കേസെടുക്കാന്‍ വൈകിയതില്‍ പോലീസിനെതിരേ ആരോപണം ഉന്നയിച്ചതായും സൂചനയുണ്ട്.

 

 

 

Back to top button
error: