
തിരുവനന്തപുരം: മന്ത്രിമാര്‍ വിദേശത്ത് പോകുന്നതില്‍ എന്താണ് തെറ്റെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലന്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രി 26 തവണ വിദേശത്ത് പോയി. ഇതില്‍ 12 തവണയും ഭാര്യ കൂടെയുണ്ടായിരുന്നു. മറ്റൊരു മന്ത്രി 16 തവണ വിദേശത്ത് പോയെന്നും വെല്ലുവിളിച്ചാല്‍ പേരുകള്‍ പറയുമെന്നും ബാലന് പറഞ്ഞു. ലോക കേരളസഭ മേഖലാ സമ്മേളനം സര്‍ക്കാര്‍ കാശെടുത്തല്ല നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ലെന്നും കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കുമെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തോടാണ് ബാലന്റെ പ്രതികരണം.
മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കെതിരേ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും രംഗത്തെത്തിയിരുന്നു. കോടിക്കണക്കിനു രൂപ ധൂര്‍ത്തടിച്ചു മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന വിദേശയാത്രയുടെ നേട്ടമെന്താണെന്നു ജനങ്ങളോടു സി.പി.എം വെട്ടിത്തുറന്നു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടു ഭരണകാലത്തുമായി ഇതിനകം 85 തവണയാണു മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നത്. ഇതില്‍ 15 തവണ വിദേശയാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് ഒന്നാമന്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടത്തിവെട്ടുകയാണെന്നും സുധാകരന് പറഞ്ഞു.






