KeralaNEWS

കോഴിക്കോട് മെഡി. കോളജ് ആക്രമം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിയും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. അരുണ്‍ അടക്കം അഞ്ച് പ്രതികള്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. സെപ്റ്റംബര്‍ 6 മുതല്‍ മുതല്‍ 5 പേരും റിമാന്‍ഡ് കഴിയുകയായിരുന്നു.

ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളായ അശിന്‍, രാജേഷ്, മുഹമ്മദ് ഷബീര്‍, സജിന്‍ എന്നിവരാണ് ജാമ്യം ലഭിച്ച മറ്റു പ്രതികള്‍. അരുണിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ആക്രമണത്തില്‍ പരാതി ഉയര്‍ന്നിട്ടും കേസെടുക്കാന്‍ തുടക്കത്തില്‍ പോലീസ് തയ്യാറായിരുന്നില്ല. ഒടുവില്‍ വിവാദമായതോടെ, ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇതില്‍ ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചുള്ള കേസ് ജാമ്യമില്ലാത്തതാണ്. ഇതിന് പുറമേ ഐ.പി.സി 333 വകുപ്പ് പ്രകാരം കൂടി കേസെടുത്തിട്ടുണ്ട്. പൊതുസേവകനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചെന്ന ഈ വകുപ്പ് 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Signature-ad

മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കമിട്ടത്. ഇവര്‍ മടങ്ങി പോയതിന് പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവര്‍ക്കും മര്‍ദനമേറ്റു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഷംസുദ്ദീനെയും സംഘം അക്രമിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. സൂപ്രണ്ടിനെ കാണാനെത്തിയ വനിതയോട് സുരക്ഷാ ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.

 

 

 

 

 

 

 

Back to top button
error: