മൂന്നിൽ മുഖ്യനാര്? ഖർഗെയുടെ വസതിയിൽ ചേരുന്ന ചർച്ചയിൽ അവസാന നിമിഷം പങ്കുചേർന്ന് രാഹുൽ ഗാന്ധിയും!! രാത്രി ഒൻപതുമണിയിലേക്ക് സ്പെഷ്യൽ വിമാനം ചാർട്ട് ചെയ്ത് കെസി?

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ ഡൽഹിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ക്ലൈമാക്സിലേക്ക് അടുക്കുന്നതായി റിപ്പോർട്ട്. കേരളത്തിലെ എംഎൽഎമാരുടെയും ഘടകക്ഷികളുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച് റിപ്പോർട്ട് നിരീക്ഷകർ ഹൈക്കമാൻഡിന് കൈമാറിയതിന് പിന്നാലെ കേരളത്തിലെ നേതാക്കളുമായി നേരിട്ട് ചർച്ച നടത്തുകയാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേരുന്ന ചർച്ചയിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
കേരള നേതാക്കളുമായുള്ള ഖർഗെയുടെ ചർച്ചയിൽ അവസാന നിമിഷം രാഹുൽ ഗാന്ധിയും നേരിട്ട് പങ്കെടുക്കുകയാണ്. അതിനാൽ തന്നെ ഒരു തീരമാനമായില്ലെങ്കിൽ അതു നൽകുന്ന വ്യാഖ്യാനം വേറെയാകുമെന്നതിനാൽ ഇന്നു തന്നെ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. ഇതിനിടെ കേരളത്തിലേക്ക് പെട്ടെന്നെത്താൽ കെസി വേണുഗോപാൽ കേരളത്തിലേക്ക് വൈകിട്ട് ഒൻപതുമണിക്ക് സ്പെഷ്യൽ വിമാനം ചാർട്ട് ചെയ്തതായി ഡൽഹിയിലെ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമെന്നുമെത്തിയിട്ടില്ല.
അതേസമയം ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ പങ്കെടുക്കില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം രാഹുലും ഗർഗെയുടെ വസതിയിലേക്ക് എത്തുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി അരയും തലയും മുറുക്കി രംഗത്തുള്ള എഐസിസി സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, നിലവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കെപിസിസി നേതൃത്വം ആർക്കൊപ്പം എന്നറിയാൻ സണ്ണി ജോസഫിനേയും ഖാർഗെ വിളിപ്പിച്ചിട്ടുണ്ട്.
ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ കെസിക്കാണെങ്കിലും ഘടക കക്ഷികളുടെ പിന്തുണ വിഡി സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുക. ഇതെല്ലാം പരിഗണിച്ച് ഖാർഗെ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക.
മുഖ്യമന്ത്രി സ്ഥാനമല്ലാത്ത ഒറ്റ നിർദ്ദേശവും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് വിഡി- ആർസി പക്ഷങ്ങൾ. മുഖ്യമന്ത്രി സ്ഥാനം അല്ലാത്ത നിർദ്ദേശം അംഗീകരിക്കില്ലെന്ന് സതീശൻ പക്ഷം വ്യക്തമാക്കിയിട്ടുണ്ട്. തീരുമാനം പ്രതികൂലമെങ്കിൽ കടുത്ത നിലപാടിലേക്ക് ചെന്നിത്തലയും കടക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് അടുപ്പമുള്ളവരോട് ചെന്നിത്തല അറിയിച്ചതായാണ് വിവരം.






