പനച്ചിക്കാട് റോഡ് ഇടിഞ്ഞ് കോണ്‍ക്രീറ്റ് മിക്സിങ്ങ് ലോറി വീട്ടിന് മുകളിലേക്ക് മറിഞ്ഞു
കോട്ടയം: പനച്ചിക്കാട് റോഡ് ഇടിഞ്ഞ് കോണ്‍ക്രീറ്റ് മിക്സിങ്ങ് ലോറി വീട്ടിന് മുകളിലേക്ക് മറിഞ്ഞു. വീട്ടുകാര്‍ പള്ളിയില്‍ പോയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ലോറി മറിഞ്ഞതിനെ തുടര്‍ന്ന് തുണ്ടയില്‍ കുഞ്ഞുമോന്റെ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. അയ്മാന്‍ കവലയ്ക്ക് സമീപമാണ് അപകടം. കോണ്‍ക്രീറ്റ് മിക്സിങ് യൂണിറ്റുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ ഇതരസംസ്ഥാനക്കാരായ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ലോറി മറിയുന്നതുകണ്ട് അവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ വീടിന്റെ ഒരുഭാഗം പൂര്‍ണമായി തകര്‍ന്നു. വീട്ടുകാര്‍ പള്ളിയില്‍ പോയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
ജലജീവന്‍ മിഷന്റെ ചില നിര്‍മ്മാണ ജോലികളമായി ബന്ധപ്പെട്ടാണ് വാഹനം എത്തിത്. ജോലി പുരോഗമിക്കന്നതിനിടെയാണ് അപകടമുണ്ടായത്. റോഡ് ഇടിഞ്ഞുവീണതിനെ തുടര്‍ന്നാണ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീണത്.
ലോറി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് അധികൃതരും വീട്ടുകാരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഫുള്‍ ലോഡോടെ വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സും പോലീസും എത്തിയ ശേഷമേ വാഹനംമാറ്റുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുകയുള്ളൂ.