Breaking NewsNEWS

രാജസ്ഥാനില്‍ അദാനിക്ക് ചുവപ്പ് പരവതാനി വിരിച്ച് ഗെലോട്ട്; കോണ്‍ഗ്രസില്‍ അമര്‍ഷം

ജയ്പുര്‍: രാജസ്ഥാനില്‍ നിക്ഷേപം നടത്താന്‍ പ്രമുഖ വ്യവസായി ഗൗതം അദാനിയെ ക്ഷണിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. സംസ്ഥാനത്ത് 65,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി പ്രഖ്യാപിച്ചു. രാജസ്ഥാന്‍ നിക്ഷേപക ഉച്ചകോടിയില്‍ ഗൗതം അദാനിയും ഗെലോട്ടും പരസ്പരം പുകഴ്ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അദാനിയുടെ അടുപ്പം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി നിരന്തരം കടുത്ത വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെയാണ് ഗെലോട്ടിന്റെ നീക്കം. ഇത് ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

രാജസ്ഥാനില്‍ ഏഴു വര്‍ഷത്തിനകം 65,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും നേരിട്ടും അല്ലാതെയും 40,000 പേര്‍ക്ക് ജോലി നല്‍കുമെന്നും അദാനി പ്രഖ്യാപിച്ചു. ക്രിക്കറ്റ് സ്റ്റേഡിയവും മെഡിക്കല്‍ കോളജും വാഗ്ദാനം ചെയ്തു. രാജസ്ഥാനില്‍ 35,000 കോടി രൂപയുടെ നിക്ഷേപം അദാനി ഗ്രൂപ്പ് നടത്തിയിട്ടുണ്ടെന്നും അദാനി പറഞ്ഞു. ഗെലോട്ട് സര്‍ക്കാരിന്റെ സാമൂഹികക്ഷേമ പദ്ധതികളെ പ്രകീര്‍ത്തിച്ചു. ലോകത്തെ സമ്പന്നരില്‍ രണ്ടാമനായതിന് അദാനിയെ പുകഴ്ത്തിയ ഗെലോട്ട്, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് തന്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് പ്രതികരിച്ചു.

Signature-ad

അതേസമയം, അദാനിയെ ഗെലോട്ട് സ്വീകരിച്ചത് കോണ്‍ഗ്രസിലെ അന്തഃച്ഛിദ്രത്തിന് തെളിവാണെന്ന് ബി.ജെ.പി ആരോപിച്ചു. പാര്‍ട്ടി സ്വകാര്യമൂലധനത്തിന് എതിരല്ലെന്നും കുത്തകവല്‍ക്കരിക്കുന്നതിനെയാണ് വിമര്‍ശിക്കുന്നതെന്നും കോണ്‍ഗ്രസ് മറുപടി നല്‍കി. എങ്കിലും ഗെലോട്ടിന്റെ നീക്കം കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന്റെ അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കപ്പെട്ട ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം ന്ഷടപ്പെടാതിരിക്കാന്‍ നടത്തിയ പൊറാട്ട് നാടകം ഗാന്ധി കുടുംബത്തെ ഞെട്ടിച്ചിരുന്നു.

 

 

 

Back to top button
error: