HealthLIFE

താരന്‍ അകറ്റുക എന്നത് അത്ര എളുപ്പമല്ല; എന്നാൽ ഇത് ഉപയോഗിച്ചു നോക്കൂ… ഫലപ്രദമായ പ്രതിവിധി

മിക്കവരും നേരിടുന്ന മുടി പ്രശ്നങ്ങളിലൊന്നാണ് താരന്‍. താരന്‍ അകറ്റുന്നത് അത്ര എളുപ്പമല്ല. എന്നിരുന്നാലും, താരന്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത ചേരുവകള്‍ ഉണ്ട്. അത്തരത്തിലൊന്നാണ് ടീ ട്രീ ഓയില്‍. ക്വീന്‍സ്ലാന്‍ഡിലും ന്യൂ സൗത്ത് വെയില്‍സിലും കൂടുതലായി കാണപ്പെടുന്ന ടീ ട്രീയുടെ ഇലകളില്‍ നിന്നാണ് ഇത് വേര്‍തിരിച്ചെടുക്കുന്നത്. ടീ ട്രീ ഓയിലിന്റെ പ്രകൃതിദത്തമായ ആന്റി സെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വിവിധ ചര്‍മ്മ, മുടി പ്രശ്‌നങ്ങള്‍ ചികിത്സിക്കാന്‍ സഹായിക്കുന്നു.

താരന്‍ തടയാന്‍ ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നത് മികച്ച ഫലങ്ങള്‍ നല്‍കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഷാംപൂകള്‍, ലോഷനുകള്‍, ഷവര്‍ ജെല്ലുകള്‍, മസാജ് ഓയിലുകള്‍ എന്നിവ പോലുള്ള പല മുടി സംരക്ഷണ ഉല്‍പ്പന്നങ്ങളും ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നു. താരന്‍ നീക്കാനായി ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

Signature-ad

താരൻ നീക്കാൻ ടീ ട്രീ ഓയിലിന്റെ ഗുണം

ടീ ട്രീ ഓയിലിന്റെ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ, ആന്റി ഫംഗൽ ഗുണങ്ങൾ താരൻ ചികിത്സിക്കാൻ ഉത്തമമാണ്. ഇതിൽ ടെർപിനൻ-4-ഓൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളുള്ള ഒന്നാണ്. താരൻ ഉണ്ടാകാനുള്ള ഏറ്റവും സാധാരണമായ കാരണമായ ഒരു തരം ഫംഗസാണ് മലസീസിയ. ആന്റി ഫംഗൽ ഗുണങ്ങളുള്ള ടീ ട്രീ ഓയിൽ ഫംഗസിനെ ചെറുക്കുകയും താരൻ അകറ്റാൻ സഹായിക്കുകയും ചെയ്യും. ടീ ട്രീ ഓയിൽ തലയോട്ടിയിൽ ഉപയോഗിക്കുമ്പോൾ, ഇത് തലയോട്ടിയിലെ അഴുക്ക്, അധിക സെബം, മൃതകോശങ്ങൾ എന്നിവ നീക്കം ചെയ്യുന്നു. ടീ ട്രീ ഓയിലിന്റെ ആന്റി സെപ്റ്റിക്, ആന്റി-ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ തലയോട്ടിക്ക് വളരെ ആശ്വാസം നൽകുന്നു.

ഷാംപൂവിൽ ടീ ട്രീ ഓയിൽ ചേർക്കുക

മുടി കഴുകാനായി നിങ്ങൾ ഷാംപൂ എടുക്കുമ്പോൾ അതിലേക്ക് 5-10 തുള്ളി ടീ ട്രീ ഓയിൽ ചേർക്കുക. ഇത് ഒരുമിച്ച് കലർത്തി മുടിയിലും തലയോട്ടിയിലും പുരട്ടുക. രണ്ട് മിനിറ്റ് നേരം സൗമ്യമായി മസാജ് ചെയ്യുക, തുടർന്ന് 5-8 മിനിറ്റ് വിടുക. ശേഷം ശുദ്ധമായ വെള്ളത്തിൽ മുടി നന്നായി കഴുകുക. താരൻ ചികിത്സയ്ക്കായി ഈ പ്രതിവിധി ആഴ്ചയിൽ 2-3 തവണ ചെയ്യുക.

ടീ ട്രീ ഓയിൽ ഉപയോഗിച്ച് മുടി കഴുകുക

ഒരു കപ്പ് വെള്ളത്തിൽ 10 തുള്ളി ടീ ട്രീ ഓയിൽ ചേർക്കുക. അത് മാറ്റി വയ്ക്കുക. നിങ്ങളുടെ മുടി പതിവുപോലെ ഷാംപൂ ചെയ്ത് തോർത്തിയശേഷം ടീ ട്രീ ഓയിൽ പുരട്ടിയ വെള്ളം നനഞ്ഞ തലയോട്ടിയിൽ ഒഴിക്കുക. വിരൽത്തുമ്പുകൊണ്ട് മൃദുവായി മസാജ് ചെയ്ത് 20-30 മിനിറ്റ് വിടുക. ശേഷം ശുദ്ധജലം ഉപയോഗിച്ച് മുടി നന്നായി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് താരൻ നീക്കാൻ നിങ്ങളെ സഹായിക്കും.

ഒലീവ് ഓയിലും ടീ ട്രീ ഓയിലും

ഒരു പാത്രത്തിൽ കുറച്ച് ഒലിവ് ഓയിൽ എടുക്കുക. ഇതിലേക്ക് കുറച്ച് തുള്ളി ടീ ട്രീ ഓയിൽ ചേർക്കുക. നിങ്ങളുടെ തലയോട്ടിയിൽ ഈ മിശ്രിതം പുരട്ടി മസാജ് ചെയ്യുക. ഒരു ടവൽ എടുത്ത് ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് നിങ്ങളുടെ മുടി പൊതിഞ്ഞ് രണ്ട് മണിക്കൂർ കാത്തിരിക്കുക. അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് താരൻ നീക്കാൻ നിങ്ങളെ സഹായിക്കും.

കറ്റാർ വാഴയും ടീ ട്രീ ഓയിലും

അര കപ്പ് പുതിയ കറ്റാർ വാഴ ജെൽ എടുത്ത് അതിൽ 8-10 തുള്ളി ടീ ട്രീ ഓയിൽ ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്ത് മിശ്രിതം തലയോട്ടിയിൽ പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഒരു മണിക്കൂർ നേരം വെക്കുക, അതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. താരൻ ചികിത്സയ്ക്കായി ടീ ട്രീ ഓയിൽ ഉപയോഗിച്ച് മുഴുവൻ പ്രക്രിയയും ആഴ്ചയിൽ 2-3 തവണ ആവർത്തിക്കുക.

നാരങ്ങ നീരും ടീ ട്രീ ഓയിലും

ഒരു നാരങ്ങ എടുത്ത് അതിന്റെ നീര് പിഴിഞ്ഞെടുക്കുക. ഇതിലേക്ക് കുറച്ച് തുള്ളി ടീ ട്രീ ഓയിൽ ചേർക്കുക. ഇത് മാറ്റി വയ്ക്കുക. നിങ്ങളുടെ മുടി ഷാംപൂ ചെയ്ത് നന്നായി കഴുകുക. അതിനുശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് ഈ ഹെയർ മാസ്‌ക് നിങ്ങളുടെ നനഞ്ഞ തലയോട്ടിയിൽ പുരട്ടുക. 20-30 മിനിറ്റ് കഴിഞ്ഞശേഷം മുടി നന്നായി കഴുകുക. താരൻ ചികിത്സയ്ക്കായി ഈ പ്രതിവിധി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യുക.

ആപ്പിൾ സിഡെർ വിനെഗറും ടീ ട്രീ ഓയിലും

അര കപ്പ് ആപ്പിൾ സിഡെർ വിനെഗർ തുല്യ അളവിൽ വെള്ളത്തിൽ ലയിപ്പിക്കുക. ഇതിലേക്ക് 10 തുള്ളി ടീ ട്രീ ഓയിൽ ചേർക്കുക. നിങ്ങളുടെ മുടി പതിവുപോലെ ഷാംപൂ ചെയ്ത് കഴുകിയ ശേഷം ടീ ട്രീ ഓയിലും ആപ്പിൾ സിഡെർ വിനെഗർ മിശ്രിതവും തലയിൽ ഒഴിക്കുക. മൃദുവായി മസാജ് ചെയ്ത ശേഷം 30 മിനിറ്റ് കാത്തിരിക്കുക. ശുദ്ധജലം ഉപയോഗിച്ച് മുടി നന്നായി കഴുകുക. താരൻ ചികിത്സയ്ക്കായി ടീ ട്രീ ഓയിൽ ഉപയോഗിച്ച് ഈ പ്രതിവിധി ആഴ്ചയിൽ രണ്ടുതവണ ആവർത്തിക്കുക.

വെളിച്ചെണ്ണയും ടീ ട്രീ ഓയിലും

ഒരു പാത്രത്തിൽ 2-3 ടീസ്പൂൺ വെളിച്ചെണ്ണ എടുത്ത് അതിൽ 10 തുള്ളി ടീ ട്രീ ഓയിൽ ചേർക്കുക. ഇത് മിക്സ് ചെയ്ത് മുടിയിലും തലയോട്ടിയിലും പുരട്ടുക. 5 മിനിറ്റ് നേരം തല മസാജ് ചെയ്യുക. ചൂടുവെള്ളത്തിൽ ഒരു ടവൽ മുക്കി പിഴിഞ്ഞ് നിങ്ങളുടെ തലയ്ക്ക് ചുറ്റും പൊതിഞ്ഞ് 30-40 മിനിറ്റ് കാത്തിരിക്കുക. അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് നിങ്ങളുടെ മുടി നന്നായി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് താരനെ നീക്കാൻ സഹായിക്കും.

തേൻ, തൈര്, ടീ ട്രീ ഓയിൽ

അര കപ്പ് തൈര് എടുക്കുത്ത് ഒരു ടീസ്പൂൺ തേൻ ചേർക്കുക. ഇതിലേക്ക് കുറച്ച് തുള്ളി ടീ ട്രീ ഓയിൽ ചേർക്കുക. എല്ലാം ഒരുമിച്ച് മിക്‌സ് ചെയ്ത് ഈ ഹെയർ മാസ്‌ക് നിങ്ങളുടെ തലയോട്ടിയിൽ പുരട്ടി വിരൽത്തുമ്പ് കൊണ്ട് മൃദുവായി മസാജ് ചെയ്യുക. ഒരു തുണി ഉപയോഗിച്ച് മുടി പൊതിഞ്ഞ് ഒരു മണിക്കൂർ നേരം വയ്ക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് താരനെ നീക്കാൻ നിങ്ങളെ സഹായിക്കും.

ബേക്കിംഗ് സോഡയും ടീ ട്രീ ഓയിലും

അര കപ്പ് വെള്ളത്തിൽ 2-3 ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. ഇതിലേക്ക് കുറച്ച് തുള്ളി ടീ ട്രീ ഓയിൽ ചേർക്കുക. ഇവ മിക്സ് ചെയ്ത് തലയിൽ പുരട്ടുക. കുറച്ച് മിനിറ്റ് സൗമ്യമായി മസാജ് ചെയ്തശേഷം 15-20 മിനിറ്റ് നേരം ഇത് തലയിൽ വയ്ക്കുക. അതിനുശേഷം ശുദ്ധജലം ഉപയോഗിച്ച് മുടി നന്നായി കഴുകുക. താരൻ നീക്കാനായി ആഴ്ചയിൽ രണ്ടുതവണ ഈ ഹെയർ പാക്ക് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

 

Back to top button
error: