മുംബൈ: ആഗോളതലത്തിൽ ഹിറ്റായ നെറ്റ്ഫ്ലിക്സ് ഷോ ‘മണി ഹീസ്റ്റ്’ മാതൃകയിൽ മഹാരാഷ്ട്രയിൽ ബാങ്ക് കവർച്ച. ഒരു വർഷം നീണ്ട ആസൂത്രണത്തിനൊടുവിൽ നടത്തിയ കവർച്ചയുടെ മുഖ്യപ്രതി 43 കാരനായ അൽത്താഫ് ഷെയ്ഖ് പിടിയിൽ. ഇയാളിൽ നിന്ന് 9 കോടി രൂപ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. ബാങ്കിലെ നിലവറകളുടെ സൂക്ഷിപ്പുകാരനായി ജോലി ചെയ്തിരുന്ന ഇയാൾ വൻ കവർച്ചയ്ക്ക് പദ്ധതിയിട്ടിരുന്നു. ഇയാളുടെ സഹോദരി നീലോഫറും അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.
ഈ വർഷം ജൂലൈയിൽ നടന്ന കവർച്ചയെക്കുറിച്ചുള്ള അന്വേഷണത്തിൽ താനെയിലെ ഐസിഐസിഐ ബാങ്ക് ശാഖയിൽ നിന്ന് 22 കോടി രൂപ കണ്ടെടുത്തിരുന്നു. നേരത്തേ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് 12 കോടി രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു. “മുംബൈ നിവാസിയായ ഷെയ്ഖ്, ഐസിഐസിഐ ബാങ്കിൽ കസ്റ്റോഡിയനായി ജോലി ചെയ്തു വരികയായിരുന്നു. കസ്റ്റോഡിയൻ എന്ന നിലയിൽ, ബാങ്കിന്റെ ലോക്കർ താക്കോൽ സൂക്ഷിപ്പുകാരനായിരുന്നു ഇയാൾ. കവർച്ച ആസൂത്രണം ചെയ്യുന്നതിനും, സിസ്റ്റത്തിലെ പഴുതുകൾ പഠിക്കുന്നതിനും, ഉപകരണങ്ങൾ ശേഖരിക്കുന്നതിനുമായി ഇയാൾ ഒരു വർഷം ചെലവഴിച്ചു” ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എസി ഡക്റ്റ് വീതികൂട്ടി ചവറ്റുകുട്ടയിലേക്ക് പണം കടത്തിവിടുകയും സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം കാട്ടുകയും ചെയ്താണു ഷെയ്ഖ് മുഴുവൻ കവർച്ചയും ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. അലാം സംവിധാനം നിർജ്ജീവമാക്കുകയും സിസിടിവി സംവിധാനം അട്ടിമറിക്കുകയും ചെയ്ത ശേഷം ഷെയ്ഖ് ബാങ്ക് നിലവറ തുറന്ന് പണം കുഴലിലേക്കും താഴെയുള്ള കൊട്ടയിലേക്കും മാറ്റുകയായിരുന്നു. ഡിവിആറും സെക്യൂരിറ്റി പണവും നഷ്ടപ്പെട്ടതായി ബാങ്ക് മനസ്സിലാക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.