ആരാണ് ബസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്? സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കൊച്ചി: പാലക്കാട് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്.ടി.സി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 9 പേര് മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ബസ് യാത്ര തുടങ്ങുന്ന സമയത്തു രക്ഷിതാക്കള്‍ പകര്‍ത്തിയതും സമൂഹമാധ്യമങ്ങളിലൂടെ വൈറലായതുമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കണ്ട ശേഷമാണ് കോടതി നടപടി. മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ കടുത്ത വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. അപകടവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന് നാളെ കോടതിയില്‍ ഹാജരാകണം.
ടൂറിസ്റ്റ് ബസിനു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആരാണെന്നു ഹൈക്കോടതി ചോദിച്ചു. കോടതി നിരോധിച്ചിട്ടുള്ള ഫ്ലാഷ് ലൈറ്റുകളും സൗണ്ട് സിസ്റ്റവുമാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നു വ്യക്തമായതോടെ വാഹനം പരിശോധിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ കോടതി പോലീസിനോടും മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. ഇന്നു മുതല്‍ ഒരു വാഹനങ്ങളിലും ഇത്തരം സംവിധാനങ്ങള്‍ പാടില്ല. നിലവില്‍ ഏതെങ്കിലും വാഹനം നിരോധിക്കപ്പെട്ട ഹോണുകളോ ലൈറ്റുകളോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ വാഹനം കസ്റ്റഡിയിലെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്, ജസ്റ്റിസ് പി.ജി.അജിത്കുമാര്‍ എന്നിവരുടെ ഡിവിഷന് ബെഞ്ചിന്റേതാണ് നടപടി. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ച വിന്യാസവുമായി ടൂറിസ്റ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നത് റോഡിലുള്ള മറ്റു വാഹനങ്ങളെ അപകടത്തില്‍പെടുത്തുമെന്നു ചൂണ്ടിക്കാട്ടി നേരത്തെ ബസുകളിലെ രൂപമാറ്റങ്ങള്‍ക്കു കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണമെന്ന കോടതി ഉത്തരവ് നിശ്ചിത വകുപ്പുകള്‍ പാലിച്ചില്ലെന്നു വ്യക്തമായതോടെയാണ് അപകടവുമായി ബന്ധപ്പെട്ട് ഉത്തരവാദിയായ ഉദ്യോഗസ്ഥന് നാളെ ഹാജരാകണമെന്നു കോടതി ഉത്തരവിട്ടിരിക്കുന്നത്.