IndiaNEWS

മാണ്ഡ്യയില്‍ ‘ഭാരത് ജോഡോ’ യാത്രയില്‍ ഒപ്പം ചേര്‍ന്ന് സോണിയയും

ബംഗളുരു: രാഹുല്‍ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ യാത്രയ്ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. കര്‍ണാടകയിലെ ബി.ജെ.പി. ശക്തികേന്ദ്രമായ മാന്ധ്യ ജില്ലയില്‍നിന്നാണ് സോണിയ യാത്രയുടെ ഭാഗമായത്. രാവിലെ 6.30-ന് പാണ്ഡവപുരത്തുനിന്ന് ആരംഭിച്ച കാല്‍നാടയാത്രയില്‍ ജഹനഹള്ളിയില്‍ നിന്നാണ് സോണിയ പങ്കെടുത്തത്. വൈകിട്ട് 6.30-ന് നാഗമംഗള താലൂക്കില്‍ യാത്ര സമാപിക്കും.

എം.എല്‍.എമാരായ അഞ്ജലി നിംബാല്‍ക്കര്‍, രൂപകല, ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ എന്നിവരോടൊപ്പമാണ് സോണിയ എത്തിയത്. വൈദ്യപരിശോധനയ്ക്കായി വിദേശത്തായിരുന്ന സോണിയ ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. സെപ്റ്റംബര്‍ ആറിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ‘ഭാരത് ജോഡോ’ യാത്രയില്‍ ആദ്യമായാണ് സോണിയ പങ്കെടുക്കുന്നത്.

മാണ്ഡ്യ ജില്ലയിലൂടെയുള്ള യാത്രയുടെ വിശദാംശങ്ങള്‍ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു, ”പ്രതീക്ഷകളുടെയും സ്‌നേഹത്തിന്റെയും വിജയത്തിന്റെയും ഒരു യാത്ര, ഭാരത് ജോഡോയാത്രയുടെ ആത്മാവ് അതാണ്.’ അത് പാണ്ഡവപുര താലൂക്കില്‍നിന്ന് പുനരാരംഭിച്ച് നാഗമംഗല താലൂക്കില്‍ ഇന്ന് അവസാനിക്കും.” 511 കിലോമീറ്റര്‍ സഞ്ചരിച്ച് 21 ദിവസം കൊണ്ട് കാല്‍നടയാത്ര കര്‍ണാടകയിലൂടെ കടന്നുപോകും. ചാമരാജനഗര്‍, മൈസൂരു, മാണ്ഡ്യ, തുംകുരു, ചിത്രദുര്‍ഗ, ബല്ലാരി, റായ്ച്ചൂര്‍ ജില്ലകളിലൂടെയും യാത്ര കടന്നുപോകും. കന്യാകുമാരിയില്‍ തുടങ്ങിയ ഭാരത് ജോഡോ യാത്ര 150 ദിവസം കൊണ്ട് 3570 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ജമ്മു കാശ്മീരില്‍ സമാപിക്കും.

തിങ്കളാഴ്ച മൈസൂരുവിലെത്തിയ സോണിയാ ഗാന്ധി എച്ച്.ഡി. കോട്ടെയില്‍ കബനി നദീതീരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വിശ്രമത്തിലായിരുന്നു. ദസറ ആഘോഷമായതിനാല്‍ യാത്രയ്ക്ക് അവധി നല്‍കി രാഹുല്‍ ഗാന്ധിയും സോണിയക്കൊപ്പം ചേര്‍ന്നു. കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞ വെള്ളിയാഴ്ചയാണ് കര്‍ണാടകത്തില്‍ യാത്ര ആരംഭിച്ചത്. ചാമരാജനഗര്‍, മൈസൂരു ജില്ലകളിലൂടെ രാഹുലിനൊപ്പം നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. നാല് ദിവസത്തിനുശേഷം തിങ്കളാഴ്ച മാണ്ഡ്യയിലെ പാണ്ഡവപുരയിലെത്തിയപ്പോഴാണ് യാത്ര നിര്‍ത്തിവെച്ചത്.

 

Back to top button
error: