പാലക്കാട്: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിച്ച് ഒന്‍പതു പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ക്ഷിണിതനായിരുന്നുവെന്ന് ആരോപണം. ”വേളാങ്കണ്ണിക്ക് യാത്ര പോയി തിരികെ വന്ന ഉടനെയാണ് ഊട്ടിക്കുള്ള ഈ യാത്രയ്ക്കു പുറപ്പെട്ടത്. ഡ്രൈവര്‍ നന്നായി വിയര്‍ത്തുകുളിച്ച് ക്ഷീണിതനായിരുന്നു.
രാത്രിയാണു സൂക്ഷിക്കണമെന്നു പറഞ്ഞപ്പോള്‍ ”കുഴപ്പമൊന്നുമില്ല ഞാന്‍ നല്ല പരിചയസമ്പന്നനാണെന്നായിരുന്നു മറുപടി”-അപകടത്തില്‍പ്പെട്ട കുട്ടിയുടെ മാതാവ് പറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചു മണിക്ക് സ്‌കൂളില്‍നിന്നു പുറപ്പെടേണ്ട ബസ് രാത്രി ഏഴോടെയാണ് പുറപ്പെട്ടത്. മറ്റൊരു യാത്രയ്ക്കു പോയി വരുന്ന വഴിയായതിനാലാണു സ്‌കൂളില്‍ എത്താന്‍ താമസിച്ചത്.
എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസാണ് കെ.എസ്.ആര്‍.ടി.സി ബസിലേക്ക് ഇടിച്ചുകയറിയത്. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസാണ് അപകടം ഉണ്ടാക്കിയതെന്ന് കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സിയുടെ പിന്നിലേക്ക് ഇടിച്ചുകയറിയ ശേഷം ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു.