ലഖ്നൗ: ‘ആദിപുരുഷ്’ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് അയോധ്യാ രാമക്ഷേത്രത്തിലെ പൂജാരി സത്യേന്ദ്ര ദാസ്. ശ്രീരാമനെയും ഹനുമാനെയും രാവണനെയും യാഥാര്‍ഥ്യത്തോട് നിരക്കാത്ത തരത്തിലാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ”ഒരു സിനിമുണ്ടാക്കുന്നത് കുറ്റമല്ല, എന്നാല്‍ മനപൂര്‍വ്വം വിവാദമുണ്ടാക്കാനായി ഒരു സിനിമ ചെയ്യുന്നത് ശരിയല്ല”- സത്യേന്ദ്ര ദാസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ടീസറിനെതിരേ രൂക്ഷവിമര്‍ശനവും പരിഹാസവുമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വിമര്‍ശനങ്ങളില്‍ ഹൃദയം തകരുന്നുവെന്നാണ് സംവിധായകന് ഓം റൗട്ട് പറഞ്ഞു. ഇത് തീയേറ്ററിന് വേണ്ടിയുണ്ടാക്കിയ സിനിമയാണ്. മൊബൈല്‍ ഫോണില്‍ കാണുമ്പോള്‍ പൂര്‍ണതയില്‍ എത്തുകയില്ല. 3 ഡിയില്‍ കാണുമ്പോള്‍ അത് മനസിലാകുമെന്നാണ് സംവിധായകന് പറയുന്നത്.
പ്രഭാസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന് 500 കോടി രൂപയാണ് മുതല്‍മുടക്ക്. സിനിമയിലെ മോശം വി.എഫ്.എക്സ് ആണ് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത്. ടീസറിന് ട്രോളുകള്‍ കൂടിയതോടെ പ്രമുഖ വി.എഫ്.എക്സ്. കമ്പനിയായ എന്‍.വൈ. വി.എഫ്.എക്സ് വാല തങ്ങളല്ല ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ചതെന്ന് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.
കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായിക. ജനുവരി 12-നാണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദിക്കും തെലുങ്കിനും പുറമേ തമിഴ്, മലയാളം, കന്നഡ ഭാഷകളിലും മൊഴിമാറ്റിയെത്തും. ഐമാക്സ് 3 ഡി ഫോര്‍മാറ്റിലും ചിത്രമിറങ്ങുന്നുണ്ട്.