ഹൈദരാബാദ് :ദസ്സറ ഘോഷയാത്രയില്‍ ആക്രമണം നടത്താൻ പദ്ധതിയിട്ട മൂന്ന് ലഷ്‌കറെ തോയിബ തീവ്രവാദികളെ പിടികൂടിയതായി ഹൈദരാബാദ് പോലീസ്.
മൂസരംഗബാഗ് സ്വദേശി മുഹമ്മദ് അബ്ദുള്‍ സഹീദ്, മലാക്‌പേട്ട് സ്വദേശി മുഹമ്മദ് സമീയുദ്ദീന്‍, ഹുമയൂണ്‍ നഗര്‍ സ്വദേശി മാസ് ഹസ്സന്‍ ഫാറൂഖ് എന്നിവരാണ് ഞായറാഴ്ച രാത്രി പിടിയിലായത്. ഇവരില്‍ നിന്ന് നാല് ഗ്രനേഡുകളും നാല് ലക്ഷം രൂപയും ചില രേഖകളും പിടിച്ചെടുത്തു.
ദസ്സറ ആഘോഷത്തില്‍ ബോംബ് സ്‌ഫോടനം നടത്താനും സംഘപരിവാര്‍, ബി.ജെ.പി യോഗങ്ങളിലേക്ക് ഗ്രനേഡ് എറിയാനുമാണ് സംഘം പദ്ധതിയിട്ടതെന്ന് പോലീസ് പറയുന്നു.
ഇവര്‍ക്കെതിരെ യുഎപിഎ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തി. ഇവരുടെ മൊഴിയനുസരിച്ച് ആദില്‍ അഫ്രാസ്, അബ്ദുള്‍ ഹാദി, സൊഹൈല്‍ ഖുറേഷി, അബ്ദുള്‍ കലീം എന്നിവര്‍ക്കെതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചു.
പാക് ചാരസംഘടനയായ ഐഎസ്‌ഐ, അതിര്‍ത്തിക്കപ്പുറത്തുള്ള ലഷ്‌കറെ തീവ്രവാദികള്‍, ഹൈദരാബാദികളായ ഫര്‍ഹത്തുള്ള ഗോറി, സിദ്ദിഖി ബിന്‍ ഉസ്മാന്‍, അബ്ദൂള്‍ മജിദ് എന്നീ ഭീകരരുടെ പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ഹൈദരാബാദികളായ ഈ ഭീകരര്‍ നിലവില്‍ പാകിസ്താനില്‍ ഐഎസ്‌ഐയുടെ സഹായികളാണ്.