കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതം (ഗോപി-63) പിടിയില്‍. എറണാകുളം നോര്‍ത്ത് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷണശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇന്നു പുലര്‍ച്ചെ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ മോഷണത്തിന് കയറിയപ്പോഴാണ് പിടിയിലായത്. രാത്രി ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാരന്‍ മോഷ്ടാവിനെ കണ്ടു. പിടികൂാനുള്ള ശ്രമത്തിനിടെ ഇരുവരും തമ്മില്‍ മല്‍പ്പിടിത്തമുണ്ടായി. തുടര്‍ന്ന് മോഷ്ടാവ് കയ്യിലിരുന്ന വാക്കത്തി കൊണ്ട് വീട്ടുകാരനെ വെട്ടി. ഇദ്ദേഹത്തിന് തലയ്ക്ക് സാരമായി പരുക്കേറ്റു. ഇതിനിടെ ബഹളം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി മരിയാര്‍പൂതത്തെ പിടിച്ചുകെട്ടി. പോലീസിനെ വിളിച്ചുവരുത്തി മോഷ്ടാവിനെ കൈമാറിയിരുന്നു. നാല്‍പത് വര്‍ഷത്തിനിടെ നാനൂറില്‍ അധികം മോഷണം നടത്തിയ അന്തര്‍സംസ്ഥാന കുറ്റവാളിയാണ്. കേരളം തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള മരിയാര്‍ പൂതം സ്പോര്‍ട് ബൈക്കുകളില്‍ കറങ്ങി നടന്നാണ് മോഷണം നടത്തുക.
നാളേറെയായി എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിസരത്തുള്ള ജനങ്ങളെ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു മരിയാര്‍ പൂതം. നിലവില്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീടുകളില്‍ മാത്രമാണ് ഇയാള്‍ മോഷണം നടത്തുന്നത്. അതിന് പിന്നില്‍ ഒരു കാരണവുമുണ്ട്.
ആറു വര്‍ഷം മുന്‍പ് മോഷണത്തിനിടെ മരിയാര്‍ പൂതത്തെ നോര്‍ത്ത് പോലീസ് പിടികൂടിയിരുന്നു. അന്ന് ഇയാള്‍ നോര്‍ത്ത് പോലീസിന് താക്കീതും നല്‍കി. ‘ഇത് പിന്നീട് നിങ്ങള്‍ക്ക് പ്രശ്നമാകു’മെന്നായിരുന്നു താക്കീത്. രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ മരിയാര്‍ പൂതം നേരെ എത്തിയത് നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. പിന്നീട് ഈ പ്രദേശത്ത് മോഷണം പതിവാക്കുകയായിരുന്നു.
കുറച്ചു നാളുകളായി ഇയാള്‍ക്കായുള്ള തെരച്ചിലിലായിരുന്നു പോലീസ്. നാട്ടുകാരും ഇയാള്‍ക്കായി രംഗത്തുണ്ടായിരുന്നു. കണ്‍മുന്നില്‍ കാണുമെങ്കിലും രക്ഷപ്പെട്ടുകളയുമെന്ന് നാട്ടുകാര്‍ പറയുന്നു. മതിലില്‍ കൂടി രണ്ട് വിരലില്‍ ഓടുന്നതിലടക്കം വിദഗ്ധനാണ്. ഓടി രക്ഷപ്പെടാനുള്ള എളുപ്പത്തിന് ചെരുപ്പ് ഉപയോഗിക്കാറില്ല. റെയില്‍വേ ട്രാക്കിലൂടെ അതിവേഗത്തിലാണ് ഇയാള്‍ ഓടി മറയുന്നതെന്നും നാട്ടുകാര്‍ പറയുന്നു. മരിയാര്‍ പൂതത്തെ പിടിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പു തന്നെ ഉണ്ടാക്കി കാത്തിരിക്കുകയായിരുന്നു നാട്ടുകാര്‍.